വാഹന വിപണി തകരുന്നു; ജൂലൈയിൽ കാറുകളുടെ വിൽപ്പന 31 ശതമാനം ഇടിഞ്ഞു, 3.5 ലക്ഷം പേരെ ലേ ഓഫ് ചെയ്തു

ജൂലൈ മാസത്തിലും ഇന്ത്യയിൽ കാറുകളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞു. മൊത്തത്തിൽ ജൂലൈ മാസത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില്പന 30 .9 ശതമാനം കുറഞ്ഞു. തുടർച്ചയായി ഒൻപതാമത്തെ മാസമാണ് കാറുകളുടെ വില്പന ഇടിയുന്നത്. തുടർച്ചയായ ഈ ഇടിവ് ഉത്പാദനം വെട്ടികുറക്കുന്നതിന് കാരണമായിട്ടുണ്ട്. ചില കമ്പനികൾ പ്ലാന്റുകൾ തന്നെ അടച്ചിട്ടിരിക്കുകയാണ്. ഇതുവഴി ലക്ഷകണക്കിന് ആളുകൾക്കാണ് ജോലി നഷ്ടമായിരിക്കുന്നത്.

സൊസൈറ്റി ഫോർ ഇന്ത്യൻ ഓട്ടോമൊബൈൽ മൻഫാക്റ്ററേഴ്സ് അസോസിയേഷന്റെ കണക്കു പ്രകാരം 200,790 കാറുകളാണ് കഴിഞ്ഞ മാസം വിൽപ്പന നടത്തിയത്. വിൽപ്പനയിലെ ഇടിവ് മൂലം ഉല്പാദനത്തിൽ 17 ശതമാനം വെട്ടിക്കുറവ് കമ്പനികൾ വരുത്തിയതായി സൊസൈറ്റി അറിയിച്ചു. ഏപ്രിലിന് ശേഷം വാഹന നിർമാണ കമ്പനികളും അനുബന്ധ സാധനങ്ങളുടെ നിർമാതാക്കളും മൊത്തം 350,000 പേരെ ലെ ഓഫ് ചെയ്തു കഴിഞ്ഞു. ഏകദേശം പത്തു ലക്ഷം പേർക്കെങ്കിലും തൊഴിൽ നഷ്ടമാകുമെന്നാണ് കണക്ക്. നേരിട്ടും അല്ലാതെയുമായി വാഹന നിർമാണ മേഖല മൂന്നര കോടിയോളം പേർക്ക് തൊഴിൽ നൽകുന്നുണ്ട്.