മൂന്ന് വർഷത്തിനകം 10.5 ലക്ഷം കോടിയുടെ കോർപറേറ്റ് വായ്പകൾ കിട്ടാക്കടമായി മാറുമെന്ന് റിപ്പോർട്ട്

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കോർപറേറ്റ് സ്ഥാപനങ്ങൾക്ക് നൽകിയ 10.52 ലക്ഷം കോടി രൂപയുടെ വായ്പകൾ കിട്ടാക്കടമായി മാറിയേക്കാമെന്ന് റിപ്പോർട്ട്. ബാങ്കുകൾ കോർപറേറ്റ് മേഖലക്ക് നൽകിയ മൊത്തം വായ്പയുടെ 16 ശതമാനം വരും ഇത്. സാമ്പത്തിക മാന്ദ്യം രൂക്ഷമായി തുടരുന്ന സാഹചര്യമാണ് ഇതിന് കാരണമെന്ന് ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു. ബാങ്കിംഗ് മേഖലയെ ഇത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കടുത്ത സാമ്പത്തിക മാന്ദ്യവും വിൽപ്പനയിലെ ഇടിവും മൂലം വായ്പകൾ തിരിച്ചടക്കാൻ കമ്പനികൾക്ക് കഴിയാത്ത സാഹചര്യം ഉണ്ടാകുന്നതാണ് കാരണമായി റിപ്പോർട്ട് പറയുന്നത്.

ഇതിൽ 2.50 ലക്ഷം കോടി രൂപയുടെ വായ്പയുടെ കാര്യം ഏറെ ഗുരുതരമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ്. ബാങ്കിംഗ് മേഖലക്കും സാമ്പത്തിക രംഗത്തിനും ഇത് പ്രതികൂലമായി മാറുമെന്ന് റിപ്പോർട്ട് പറയുന്നു. ബാങ്കുകളുടെ 500 വൻകിട വായ്പകളുടെ സ്ഥിതി പഠിച്ച ശേഷമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.