അസിം പ്രേംജി വിപ്രോയിൽ നിന്ന് വിരമിക്കുന്നു

ഇന്ത്യയിലെ മുൻനിര സമ്പന്നരിൽ ഒരാളും വിപ്രോ കമ്പനിയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ അസിം പ്രേംജി ജൂലൈയിൽ വിരമിക്കും. 53 വർഷം വിപ്രോയെ നയിച്ച അദ്ദേഹം മാനേജിംഗ് ഡയറക്ടർ, എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനങ്ങൾ ജൂലൈ 30 ന് ഒഴിയും. പിന്നീട് കമ്പനി ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ, ഫൗണ്ടർ ചെയർമാൻ എന്നീ പദവികളിൽ തുടരും.

അസിം പ്രേംജിയുടെ മകൻ റിഷാദ് പ്രേംജി എക്സിക്യൂട്ടീവ് ചെയർമാനാകും. വിപ്രോ സിഇഒ ആബിദലി നീമൂച്ച്‍വാല മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിക്കും. ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും കമ്പനിയുടെ തലപ്പത്തെ ഈ മാറ്റങ്ങൾ നടപ്പാവുക.

Read more

കുടുംബത്തിന്റെ ചെറുകിട വനസ്പതി നിർമ്മാണ സ്ഥാപനത്തെ 850 കോടി ഡോളർ മൂല്യമുള്ള ഐടി കമ്പനിയായി വളർത്തിയ പ്രേംജി രാ​ജ്യ​ത്തെ ഏ​റ്റ​വും ഉദാരമതിയായ ശതകോടീശ്വരൻ കൂടിയാണ്. കഴിഞ്ഞ മാർച്ചിൽ 1.45 ല​ക്ഷം കോ​ടി രൂ​പയാണ്  അ​ദ്ദേ​ഹം ജീവകാരുണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വെച്ചത്. വി​പ്രോയിലെ ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ 67 ശത​മാ​നം ഓ​ഹ​രി​യാ​ണ് ഇ​തിനാ​യി ന​ല്‍കു​ന്ന​ത്.