അടി തെറ്റി വാഹന വിപണി; 3.5 ലക്ഷം പേർക്ക് ജോലി പോയി, ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന് നിർമ്മാതാക്കൾ

ഇന്ത്യൻ വാഹന വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക്. രൂക്ഷമായ സാമ്പത്തിക മാന്ദ്യം വിൽപ്പനയെ വളരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ 18 മാസമായി തുടർച്ചയായി വിൽപ്പന ഇടിയുകയാണ്. കാറുകളുടെയും ബൈക്കുകളുടെയും വില്‍പ്പനയില്‍ വന്‍ തോതില്‍ ഇടിവുണ്ടായതോടെ ഈ മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിസന്ധി രൂക്ഷമായതോടെ ഫാക്ടറികളുടെ പ്രവര്‍ത്തനം ദിവസങ്ങളോളം നിര്‍ത്തി വെയ്ക്കാനും ഷിഫ്റ്റുകള്‍ വെട്ടിച്ചുരുക്കാനും കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മാരുതി മാത്രം ഉത്പാദനം 20 ശതമാനം കണ്ട് കുറച്ചു . വില്‍പ്പന വളരെ കുറഞ്ഞ സാഹചര്യത്തിൽ 250- ൽ പരം ഡീലർമാർ പ്രവർത്തനം നിർത്തി. ജൂലൈ മാസത്തിൽ മാത്രം മാരുതിയുടെ വില്‍പ്പന 33 .5 ശതമാനം താഴ്ന്നതായാണ് റിപ്പേർട്ടുകൾ.

അതിനിടെ വാഹന നിർമ്മാതാക്കൾ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. വാഹന നിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഫോർ ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സും ഡീലർമാരുടെയും അനുബന്ധ വ്യവസായികളുടെയും സംഘടനകളാണ് സംയുക്തമായി പാക്കേജ് വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതോടെ വാഹന നിര്‍മ്മാതാക്കളും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ ഏകദേശം മൂന്നര ലക്ഷത്തോളം ജീവനക്കാരെയാണ് ഏപ്രില്‍ മുതലുള്ള കാലയളവില്‍ പിരിച്ചു വിട്ടത്. കാറുകളുടെയും ബൈക്കുകളുടെയും നിര്‍മ്മാതാക്കള്‍ 15,000 പേരെയും വാഹനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന രംഗത്ത് നിന്നും ഒരു ലക്ഷം ജീവനക്കാരെയുമാണ് പിരിച്ചു വിട്ടത്. കേന്ദ്ര സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയില്‍ വന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ വാഹന വിപണി നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.