ചെറുകിട വ്യാപാര മേഖലയ്ക്ക് വെല്ലുവിളി ഉയർത്തി ആമസോൺ, നൂറ് ചില്ലറ വിൽപ്പന കിയോസ്ക്കുകൾ തുറക്കാൻ പദ്ധതി

ചെറുകിട വ്യാപാര മേഖലക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കകൾ ഉയർത്തി യു. എസ് കമ്പനിയായ ആമസോൺ നേരിട്ടുള്ള വിൽപനക്കായി കിയോസ്ക്കുകൾ തുറക്കുന്നു. രാജ്യത്തുടനീളം ചില പ്രത്യേക ഉത്പന്നങ്ങൾ വിൽക്കുന്നതിന് 100 കടകൾ ആരംഭിയ്ക്കാനാണ് പരിപാടി.

ഈ വര്‍ഷം അവസാനത്തോടെ കിന്‍ഡില്‍ ഇ- ബുക്ക് റീഡര്‍, എക്കോ സ്പീക്കര്‍, ഫയര്‍ ടി.വി ഡോങ്കിള്‍ തുടങ്ങിയ ഉപകരണങ്ങൾ ഇത്തരം കിയോസ്ക്കുകൾ വഴി വിറ്റഴിക്കും. ഓഫ്‌ ലൈന്‍ കിയോസ്‌ക്കുകള്‍ ചെറുകിട വ്യാപാരികള്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്. കിയോസ്‌ക്കുകള്‍ ആമസോണിന്റെ വിശാലമായ ഓഫ്‌ ലൈന്‍ വ്യാപാരത്തിന് തുടക്കം കുറിക്കും. പദ്ധതിയെ കുറിച്ച്  കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

രണ്ട് വര്‍ഷം മുമ്പ്  ബംഗളൂരുവില്‍ ഇത്തരം കിയോസ്‌ക്കുകള്‍ യു. എസ് കമ്പനി ആദ്യം പരീക്ഷിച്ചിരുന്നു. രണ്ടെണ്ണം ബംഗളൂരുവിലും മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഓരോന്നും പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നോയ്ഡയിലെ മാളില്‍ ആമസോണിന്റെ അഞ്ചാമത്തെ കിയോസ്‌ക് തുറന്നു. കൂടുതൽ കിയോസ്‌ക്കുകള്‍ തുടങ്ങാന്‍  സ്ഥലം നോക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. .

Read more

സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ 100 ശതമാനം വിദേശ പ്രത്യക്ഷ നിക്ഷേപമാണ് ഇന്ത്യ അനുവദിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ നോക്കുന്നുണ്ടെന്ന് ആമസോണ്‍ വക്താവ് ഇ-മെയിലില്‍ പ്രതികരിച്ചു. കിയോസ്‌ക് സംവിധാനത്തില്‍ ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ജീവനക്കാർ മറുപടി നൽകും. സാധനങ്ങൾ വാങ്ങിയ ശേഷം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാന്‍ സ്റ്റോര്‍ ജീവനക്കാര്‍ സഹകരിക്കും. കിന്‍ഡ്ല്‍, എക്കോ, ഫയര്‍, ടിവി സ്റ്റിക്ക് മുതലായവയെല്ലാം വാങ്ങുന്നതിന് മുമ്പ് തന്നെ ലൈവ് ഡെമോ നോക്കാനാവുമെന്ന് ആമസോൺ അറിയിച്ചു.