വളയിട്ട കൈകൾക്ക് ഈസിയായി ഓടിക്കാം! സ്ത്രീകള്‍ക്ക് പറ്റിയ ഏറ്റവും മികച്ച കാറുകള്‍..

നമ്മുടെ രാജ്യത്ത് വർഷങ്ങൾക്ക് മുൻപ് വരെ വളരെ അപൂർവമായി മാത്രം കണ്ടിരുന്ന ഒരു കാഴ്ചയായിരുന്നു വാഹനമോടിക്കുന്ന സ്ത്രീകൾ. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്നപോലെ പല മേഖലകളിലും ഇന്ന് സ്ത്രീകൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പുരുഷന്മാർ ആധിപത്യം പുലർത്തിയിരുന്ന ഡ്രൈവിംഗ് മേഖലയിൽ ഇരുചക്രവാഹനങ്ങൾ മുതൽ ബസും ലോറിയുമെല്ലാം അതിമനോഹരമായി ഓടിക്കുന്ന പല സ്ത്രീകളെയും ഈ ചെറിയ കാലയളവിനുള്ളിൽ നമ്മൾ കണ്ടു. ഇതിൽ തന്നെ കാർ ഓടിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

ഉപയോഗിക്കാനുള്ള എളുപ്പവും സ്റ്റൈലും പെർഫോമൻസും ചേർത്തുള്ള ചില കാറുകൾ ഇന്ന് വിപണിയിലുണ്ട്. സ്ത്രീകൾക്കുള്ള മികച്ച ചോയ്‌സുകളാണ് ഇവ. മാരുതി സുസുക്കിയടക്കമുള്ള വാഹന നിർമാതാക്കളിൽ നിന്നുള്ള താങ്ങാവുന്ന വിലയിൽ ലഭിക്കുന്ന കാറുകൾ നോക്കാം…

സ്ത്രീകൾക്ക് ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ് എഎംടി. സ്‌റ്റൈലിഷ് ഡിസൈനും കാര്യക്ഷമമായ പെർഫോമൻസിനും പേരുകേട്ട സ്വിഫ്റ്റിൽ ഡ്രൈവിംഗ് ലളിതമാക്കുന്ന ഒരു ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ഉണ്ട്. 7.75 ലക്ഷം മുതൽ 9.45 ലക്ഷം രൂപ വരെ വരുന്ന താങ്ങാവുന്ന വിലയാണ് മറ്റൊരു ഗുണം.

ബജറ്റ് വിലയിൽ ഓട്ടോമാറ്റിക് കാർ തേടുന്നവർക്ക് മികച്ച ഒരു ഓപ്ഷനാണ് ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ്. എഎംടി ഗിയർബോക്‌സിൽ ഇന്ത്യയിലെ ഹ്യുണ്ടായ്‌യുടെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ ലഭ്യമാണ്. 7.43 ലക്ഷം മുതൽ 8.56 ലക്ഷം രൂപ വരെയാണ് മോഡലിന്റെ വില വരുന്നത്.

ഒരു കോംപാക്റ്റ് എസ്‌യുവി ഓപ്ഷൻ തേടുന്നവർക്ക് പട്ടയ ഒരു മോഡലാണ് ടാറ്റ പഞ്ച് എഎംടി. എഎംടി ഗിയർബോക്സുമായി വരുന്ന ടാറ്റയുടെ ഈ ചെറിയ വാഹനം സ്ത്രീകൾക്ക് എളുപ്പത്തിൽ സുഖമായി ഓടിക്കാം. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് മോഡലിന് കരുത്ത് പകരുന്നത്. 7.60 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

മറ്റൊരു മികച്ച ചോയ്‌സാണ് ഹ്യുണ്ടായ് വെന്യു S (O) ടർബോ ഡിസിടി. ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ശക്തമായ 1-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ കാരണം ഇത് വാഹനപ്രേമികൾക്ക് പ്രിയപ്പെട്ട ഒരു മോഡലാണ്. പെർഫോമൻസിനൊപ്പം ഉപയോഗിക്കാൻ എളുപ്പവുമാണ് എന്നത് ഇതിന്റെ ആകർഷണം വർധിപ്പിക്കുന്നു.

സ്‌റ്റൈലിഷും മോഡേണുമായ ഒരു എസ്‌യുവിയാണ് ആഗ്രഹിക്കുന്നതെങ്കിൽ കിയ സോനെറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ, ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ എന്നിങ്ങനെ രണ്ട് തരം ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീമിയം സവിശേഷതകളും ആകർഷകമായ ഡിസൈനുമുള്ള സോനെറ്റിന്റെ വില വരുന്നത് 12. 51 ലക്ഷം മുതൽ 15.77 ലക്ഷം രൂപ വരെയാണ്.

വിശാലമായ ഇന്റീരിയറിനും മികച്ച പെർഫോമൻസിനും പേരുകേട്ട മാരുതി സുസുക്കി ബലേനോ ഓട്ടോമാറ്റികും മറ്റൊരു കിടിലൻ ചോയ്‌സാണ്. പ്രത്യേകിച്ച് ഓട്ടോമാറ്റിക് വേരിയന്റുകൾ സ്ത്രീകൾക്ക് അനുയോജ്യമാണ്. 7. 95 ലക്ഷം രൂപ മുതൽ 9. 83 ലക്ഷം രൂപ വരെയാണ് വില വരുന്നത്. സുഖസൗകര്യങ്ങൾക്കും ഡ്രൈവിംഗ് എളുപ്പത്തിനും മുൻഗണന നൽകുന്നവർക്ക് ബലേനോ നല്ല ഓപ്ഷനാണ്.

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള കാറാണ് ഹോണ്ട സിറ്റി. സിവിടി സജ്ജീകരിച്ചിരിക്കുന്ന മോഡൽ സ്ത്രീകൾക്ക് സുഖകരമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. 13. 95 ലക്ഷം രൂപയിൽ നിന്ന് തുടങ്ങി 20.05 ലക്ഷം രൂപ വരെയാണ് സിറ്റി സിവിടിയുടെ വില വരുന്നത്.