ഫോർച്യൂണറിന്റെ കച്ചോടം പൂട്ടിക്കാൻ സ്കോഡയുടെ പുതിയ 7-സീറ്റർ എസ്‌യുവി !

കൈലാക്കിന്റെ വിജയകരമായ ലോഞ്ചിനു ശേഷം രണ്ടാം തലമുറ കൊഡിയാക്കിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സ്കോഡ. മൂന്ന് മാസം മുൻപാണ് പുതിയ തലമുറ കൊഡിയാക് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ കഴിഞ്ഞ മാസം നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ലാണ് മോഡൽ പ്രദർശിപ്പിച്ചത്. ഈ വർഷം ഏപ്രിലിൽ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ പുതിയ കൊഡിയാക്കിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ.

പുതിയ കൊഡിയാക്കിന്റെ വില ഏപ്രിലിൽ പ്രഖ്യാപിക്കുമെന്നും സ്പോർട്‌ലൈൻ, ലോറിൻ ക്ലെമെന്റ് എന്നീ രണ്ട് വേരിയന്റുകളിൽ ഫുൾ സൈസ് എസ്‌യുവി ലഭ്യമാവുമെന്നും സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജനേബ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിന്റെ പുത്തൻ ആവർത്തനം വരുന്നത് കമ്പനിക്ക് മൈലേജായിരിക്കും.

എസ്‌യുവിയുടെ രണ്ട് വേരിയന്റുകളും തമ്മിൽ അകത്തും പുറത്തും വ്യത്യസ്തമായിരിക്കും. 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കൊഡിയാക് L&K പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ സ്പോർട്‌ലൈൻ ട്രിമിൽ ക്രോമിന് പകരം ബ്ലാക്ക്-ഔട്ട് ഘടകങ്ങൾ ഉൾപ്പെടുത്തിയേക്കും. ഗ്രില്ലിന്റെ ചുറ്റുപാടുകൾ, ORVM-കൾ, D-പില്ലറുകൾ, എന്നിവയെല്ലാം കമ്പനി കറുപ്പിച്ചായിരിക്കും പണികഴിപ്പിക്കുക. ഇത് എസ്‌യുവിയുടെ സ്പോർട്ടിനെസ് വർധിപ്പിക്കാനും സഹായിക്കും.

വ്യത്യസ്തമായ അലോയ് വീലുകൾ അവതരിപ്പിച്ചും സ്കോഡ കൊഡിയാക് സ്പോർട്‌ലൈനെ വേറിട്ടുനിർത്താനുള്ള ശ്രമങ്ങൾ കാണാനാവും. ഇന്റീരിയറിലും കൂടുതൽ ബ്ലാക്ക്-ഔട്ട് ഹൈലൈറ്റുകളും ഡാർക്ക് അപ്ഹോൾസ്റ്ററിയുമായിരിക്കും ഈ വേരിയന്റിൽ ലഭിക്കുക. രണ്ട് ട്രിമ്മുകൾ തമ്മിൽ വേർതിരിക്കാൻ ഫീച്ചർ വ്യത്യാസങ്ങളുമുണ്ടാവും.

നിലവിലെ മോഡലിനെപ്പോലെ, വരാനിരിക്കുന്ന കോഡിയാക്കിന്റെ പതിപ്പും ഇന്ത്യയിൽ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ കിറ്റുകൾ വഴി പ്രാദേശികമായി കൂട്ടിച്ചേർക്കും. പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയുടെ ടെസ്റ്റ് യൂണിറ്റുകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില അവസരങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള സ്കോഡയുടെ നിർമാണ കേന്ദ്രത്തിൽ കൊഡിയാക്ക് അസംബിൾ ചെയ്യുന്നത് തുടരും. നിലവിലെ തലമുറ സ്‌കോഡ കൊഡിയാക് കുറച്ച് മാസങ്ങൾ കൂടി വിൽപ്പനയിലുണ്ടാവും. നിലവിലെ കൊഡിയാക് 7 വർഷം മുമ്പാണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നത്. പിന്നീട് മിഡ്‌ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിലൂടെയാണ് വാഹനം പിടിച്ചു നിൽക്കുകയായിരുന്നു.

ഡിസൈൻ വശം നോക്കുകയാണെങ്കിൽ മുൻഗാമിക്ക് സമാനമായ രൂപമുണ്ടെങ്കിലും പുതിയ കൊഡിയാക് പൂർണമായും വേഷംമാറിയിട്ടുണ്ട്. ഇരുവശത്തും സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ ഘടിപ്പിച്ച കൂറ്റൻ ബട്ടർഫ്ലൈ ഗ്രില്ലിലേക്കാവും ആരും ശ്രദ്ധിക്കുക. മസ്കുലർ ലൈനുകളോട് കൂടി സ്‌കോഡയുടെ 2D ലോഗോ ബോണറ്റിൽ ഇടംപിടിച്ചിരിക്കുന്നതും കാണാം.

പുതിയ 10 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ്, ഫ്രീസ്റ്റാൻഡിംഗ് 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, സാജ് സീറ്റുകൾ, നാല് യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ, 14 സ്പീക്കർ കാൻ്റൺ സൗണ്ട് സിസ്റ്റം, രണ്ട് സ്മാർട്ട്‌ഫോണുകൾക്കായി 15 വാട്ട് വയർലെസ് ചാർജിംഗ് ബോക്‌സ്, ADAS തുടങ്ങിയ ഗംഭീര ഫീച്ചറുകളാലും സ്കോഡ കൊഡിയാക് സമ്പന്നമായിരിക്കും. വിദേശത്ത് ഒന്നിലധികം സീറ്റിംഗ് ഓപ്ഷനുകൾ ഉണ്ടെങ്കിലും സ്‌കോഡ കൊഡിയാകിൻ്റെ 7 സീറ്റർ പതിപ്പായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി കൊണ്ടുവരിക.

ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് കാറുകളുമായി പങ്കിടുന്ന MQB EVO പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിച്ചിരിക്കുന്ന വാഹനത്തിന് മുൻഗാമിയിലെ അതേ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയാവും തുടിപ്പേകുക. 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 188 ബിഎച്ച്പി കരുത്തിൽ പരമാവധി 320 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളുടെ അവകാശവാദം.