'കേരളാ നീം ജി' ഇലക്ട്രിക് ഓട്ടോ; കിലോമീറ്ററിന് 50 പൈസ, ഒറ്റത്തവണ ചാര്‍ജില്‍ താണ്ടുക 100 കിലോമീറ്റര്‍

“കേരളാ നീം ജി” ഇലക്ട്രിക് ഓട്ടോ വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന് (കെ.എ.എല്‍) അനുമതി. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ വിശദമായ പരിശോധന നടത്തിയ ശേഷമാണ് വാണിജ്യ അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള യോഗ്യത കേന്ദ്രം നല്‍കിയത്. ഇതോടെ ഇ ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടുന്ന ആദ്യ പൊതുമേഖലാസ്ഥാപനമായി കെ.എ.എല്‍.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കെ..എഎല്ലിന്റെ പ്ലാന്റില്‍ ഉടന്‍ ഇലക്ട്രിക് ഓട്ടോയുടെ നിര്‍മ്മാണം ആരംഭിക്കും. ഒരു വര്‍ഷത്തിനകം 15,000 ഓട്ടോ നിരത്തിലിറക്കാനാണ് പദ്ധതി. അന്തരീക്ഷ മലിനീകരണം, ശബ്ദ മലിനീകരണം, ഇന്ധനചെലവ് എന്നിവ കുറയും എന്നതാണ് ഇലക്ട്രിക് ഓട്ടോയുടെ പ്രത്യേകത. ഇലക്ട്രിക് ഓട്ടോക്ക് ഒരു കിലോമീറ്റര്‍ ഓടാന്‍ അമ്പത് പൈസയാണ് ചെലവ്.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. കാഴ്ചയില്‍ സാധാരണ ഓട്ടോറിക്ഷയുടെ രൂപം തന്നെയാകും നീം ജിക്കും. നാലു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഏകദേശം രണ്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് ഓട്ടോയ്ക്ക് പ്രതീക്ഷിക്കുന്നത്.