ഹ്യുണ്ടായിയുടെ വിജയത്തിന്റെ ആണിക്കല്ല് ഇളകുന്നു, പ്രമുഖ മോഡല്‍ നിര്‍ത്താൻ ഒരുങ്ങുന്നു!

ഹ്യുണ്ടായിയുടെ വിജയത്തിന്റെ ഒരു ആണിക്കല്ലായിരുന്ന സാന്‍ട്രോ മോഡലിനെ വിപണിയില്‍ നിന്ന് കമ്പനി പിന്‍വലിക്കാനൊരുങ്ങുന്നു. ഡിമാന്‍ഡ് കുറഞ്ഞ സാചര്യത്തിലാണ് തങ്ങളുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ സാന്‍ട്രോയെ ഹ്യുണ്ടായി നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നത്.

പഴയ സാന്‍ട്രോയുടെ ഉല്‍പ്പാദനം 2014 അവസാനത്തോടെ ബ്രാന്‍ഡ് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ 2018 ഒക്ടോബറില്‍ നെയിംപ്ലേറ്റ് അതിന്റെ പുതിയ അവതാരത്തില്‍ തിരിച്ചെത്തി. എന്നാല്‍ കാറിന്റെ വില ക്രമാതീതമായി വര്‍ധിക്കുകയും ഡിമാന്‍ഡ് കുറയുകയും ചെയ്യുന്ന സാഹചര്യം കമ്പനിക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് പുതിയ നീക്കം.

കഴിഞ്ഞ ആറ് മാസമായി സാന്‍ട്രോയുടെ പ്രതിമാസ വില്‍പ്പന ശരാശരി 2,000 യൂണിറ്റില്‍ താഴെയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍, രണ്ടാം തലമുറ സാന്‍ട്രോയുടെ വില്‍പ്പന 23,700 യൂണിറ്റായിരുന്നു.

മോഡല്‍ നിര്‍ത്തുന്നത് സംബന്ധിച്ച് ഒദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഒരു പക്ഷേ സാന്‍ട്രോയ്ക്ക് ഒരു മോഡല്‍ ചേഞ്ച് ലഭിക്കാനും സാധ്യതയുണ്ടെന്ന് ഡീലര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.