വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കല്‍; ഹ്യുണ്ടായി കോനയുടെ വില 1.58 ലക്ഷം കുറഞ്ഞു

ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനത്തിന് 1.58 ലക്ഷം രൂപ വില കുറഞ്ഞു. രാജ്യത്ത് വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിലക്കുറവ്. ഇതിലൂടെ 25.3 ലക്ഷം രൂപ എക്സ്-ഷോറൂം വില വരുന്ന വാഹനം ഇപ്പോള്‍ 23.72 ലക്ഷം രൂപയ്ക്ക് ലഭിക്കും.

രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗവും വില്‍പ്പനയും പ്രോത്സാഹിപ്പിക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ്, റോഡ് ടാക്സ് എന്നിവ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. 2019-20 ബജറ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ജിഎസ്ടി കൗണ്‍സിലും മറ്റുമായി വിവിധ ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ച്ചകള്‍ക്കും ശേഷം കഴിഞ്ഞ ദിവസമാണ് തീരുമാനമായത്.

Related image

കോന ഇലക്ട്രിക്കില്‍ 39.2 kWh ബാറ്ററികളാണ് ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ 100 kW വൈദ്യുത മോട്ടോറിന് പരമാവധി 131 ബിഎച്ച്പി കരുത്തും 395 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാവും. 9.7 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കോനയ്ക്ക് സാധിക്കും.മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്യുവിയുടെ പരമാവധി വേഗം. ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്ററാണ് വാഹനത്തിന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്ന മൈലേജ്.