ആധുനിക ലോകം പിന്തുടരുന്ന ഹരിത ഗൃഹം എന്ന ആശയത്തെ കുറിച്ച് അറിയുക

ആൻ മറിയ റോയി

ഇക്കാലത്ത്‌ ഏറ്റവും കൂടുതല്‍ നാം കേട്ടു കൊണ്ടിരിക്കുന്ന ഒരു പദമാണ് ഗ്രീന്‍ ഹോം. പക്ഷേ പലര്‍ക്കും ഇതു കൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന്‌ പൂര്‍ണ്ണമായും മനസിലായിട്ടില്ല എന്നാണ് ഒരു പൊതു നിഗമനമെന്ന് കരുതാം . ചുരുക്കം വാക്കുകളിൽ പറഞ്ഞാല്‍ പ്രകൃതിയോടിണങ്ങുന്ന രീതിയില്‍ വീടു നിര്‍മ്മിക്കുന്നതിനാണ്‌” ഗ്രീന്‍ ബില്‍ഡിംഗ്‌ അഥവാ ഗ്രീന്‍ ഹോം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രകൃതിയോടിണങ്ങുന്ന എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും നെറ്റി ചുളിയും. പ്രകൃതിക്കനുയോജ്യമായ വീടുകള്‍ എന്നാല്‍ മണ്ണും ചെളിയും മറ്റും ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന, വളരെ പരിമിതികളുള്ള ചെറിയ വീടുകളാണെന്ന്‌ പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ എത്ര വലിയ വീടുകളും എല്ലാ വിധ സുഖ സൗകര്യങ്ങളോടും കൂടി തന്നെ ഗ്രീന്‍ ബില്‍ഡിംഗ്‌ കണ്‍സെപ്‌റ്റില്‍ നിര്‍മ്മിക്കാവുന്നതാണ്‌. ഹരിത ഭവനങ്ങള്‍ക്കു നിര്‍മ്മാണ ചിലവ്‌ കൂടുതലാണെന്നും ചിലര്‍ വിശ്വസിക്കുന്നു. ഇതു ഒരു പരിധി വരെ ശരിയാണെങ്കിലും ഇത് അത്ര ശരിയല്ല എന്നതാണ് സത്യം.

വീടിന്റെ ഡിസൈന്‍ മുതല്‍ നിര്‍മ്മാണം,താമസിക്കുന്നവരുടെ ഇടപെടല്‍, മെയിന്റെനന്‍സ്‌, പുതുക്കിപ്പണിയില്‍ തുടങ്ങി ഭാവിയില്‍ വീട്‌ പൊളിച്ചു മാറ്റുകയാണെങ്കില്‍ അതിന്റെ വരെ കാര്യങ്ങള്‍ ഗ്രീന്‍ ബില്‍ഡിംഗ്‌ കണ്‍സെപ്‌റ്റില്‍ ഉള്‍പെടുന്നു. പണിയാന്‍ ഉദ്ദേശിക്കുന്ന വീടിനെയും പണിതു കഴിഞ്ഞ വീടിനെയും നമുക്ക്‌ ഗ്രീന്‍ ബില്‍ഡിംഗ്‌ കണ്‍സെപ്‌റ്റ്‌ വഴി പ്രകൃതിയോട്‌ ചേര്‍ത്തു നിര്‍ത്താന്‍ കഴിയും.നമ്മുടെ ചുറ്റു വട്ടത്ത്‌ ലഭ്യമായ വസ്‌തുക്കള്‍ / നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചു കൊണ്ടു വീടു നിര്‍മ്മിക്കുക എന്നതാണ്‌ ഗ്രീന്‍ ബില്‍ഡിംഗിന്റെ അടിസ്ഥാന തത്വം.പുതിയ വീട്‌ നിര്‍മ്മിക്കുകയാണെങ്കില്‍, അതിന്റെ ഓരോ ഘട്ടത്തിലും ഗ്രീന്‍ ബില്‍ഡിംഗ്‌ ആശയം ഉൾപെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്‌.

വീടു നിര്‍മ്മാണത്തിലെ ചില ഗ്രീന്‍ ബില്‍ഡിംഗ്‌ തത്വങ്ങള്‍ ഇവിടെ പരിചയപ്പെടുത്താം:

1. പ്ലോട്ട്‌ തയാറാക്കലും വീടിന്റെ പ്ലാനും

ഭൂമിയെ അതിന്റെ സ്വാഭാവികതക്കു വിട്ടു വേണം പ്ലോട്ട്‌ തയാറാക്കാന്‍.ഭൂമിയിലെ തട്ടുകളും ചെരിവുകളും നില നിര്‍ത്താന്‍ ശ്രമിക്കണം.പണിയാൻ നിശ്ചയിച്ച സ്ഥലത്തു മരങ്ങള്‍, കുളങ്ങള്‍, തോടുകള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ അവ നശിപ്പിക്കാതെ വീടിന്റെ ഭാഗമാക്കി ഡിസൈന്‍ ചെയ്യുക. മരം മുറിക്കേണ്ടത്‌ ഒഴിച്ചു കൂടാന്‍ പറ്റാത്തതാണെങ്കില്‍, വേറെ സ്ഥലത്ത്‌ മരങ്ങള്‍ നട്ടു പിടിപ്പിക്കുക. മരം ഒരു വരം ആണ്. വലിയ വിസ്തൃതിയിൽ പരന്നു കിടക്കുന്ന വീടുണ്ടാക്കുന്നതിനു പകരം നിലകള്‍ വര്‍ദ്ധിപ്പിച്ച്‌ ചുരുങ്ങിയ സ്ഥലത്ത്‌ വീടുണ്ടാക്കുക.ഇത്‌ ബാക്കി വരുന്ന സ്ഥലത്ത്‌ മരങ്ങള്‍, അടുക്കളത്തോട്ടം, പൂന്തോട്ടം തുടങ്ങിയ ഉള്‍പ്പെടുത്താന്‍ സഹായിക്കും. പ്രകൃതി ദത്തമായ വെള്ളവും വെളിച്ചവും പരമാവധി ഉപയോഗപ്പെടുത്തുന്ന തരത്തിലായിരിക്കണം വീടിന്റെ പ്ലാന്‍. ഇത്‌ വൈദ്യുതിച്ചിലവ്‌ കുറക്കാന്‍ വളരെയധികം സഹായിക്കും.

2. നിര്‍മ്മാണ സാമഗ്രികളുടെ ശേഖരണം

നമ്മുടെ ചുറ്റുവട്ടത്ത്‌ സുലഭമായി ലഭിക്കുന്ന വസ്‌തുക്കള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. സിമെന്റും സിമന്റ്‌ അടങ്ങിയ സാമഗ്രികളും പരമാവധി ഒഴിവാക്കുക. മണ്ണിന്റെ ഇഷ്ടിക, ചെങ്കല്ല്‌, ഇന്റര്‍ ലോക്കിങ്‌ ബ്രിക്‌സ്‌, മഡ്‌ ബ്ലോക്ക്‌സ്‌ എന്നിവ ഉപയോഗിക്കാവുന്നതാണ്‌. വീട്‌ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തു നിന്നു മണ്ണെടുത്ത്‌ പ്രെസ്സ്‌ ചെയ്‌ത്‌ ഉണ്ടാക്കുന്നതാണ്‌ മഡ്‌ ബ്രിക്‌സ്‌. സിമന്റ് പ്ലാസ്റ്ററിംഗ്‌ ഒഴിവാക്കുക.കട്ടകള്‍ കൂട്ടിയോജിപ്പിക്കാനും തേയ്‌ക്കാനും മണ്ണ്‌ ഉപയോഗിക്കാം.മരങ്ങള്‍ മുറിക്കുന്നതിനു പകരം പഴയ മരങ്ങള്‍ ഉപയോഗിക്കുക.ആസ്‌ബറ്റോസ്‌ ഷീറ്റുകള്‍ ഒഴിവാക്കുക. തറയുടെ ഫ്ലോറിങ്ങിനു വേണ്ടി മരം, മുള തുടങ്ങിയവ തിരഞ്ഞെടുക്കാം.

3. പെയിന്റിംഗ്‌.

വീടിനു പെയിന്റടിക്കണമെന്ന്‌ നിര്‍ബന്ധമാണെങ്കില്‍ കുമ്മായം ഉപയോഗിക്കാവുന്നതാണ്‌. സാധാരണ പെയിന്റുകളിലടങ്ങിയ ഈയം (Lead) കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതിനും വന്‍ തോതില്‍ കാര്‍ബണ്‍ പുറം തള്ളാനും കാരണമാവുന്നു.അതുകൊണ്ട് പെയിന്റ് അടിക്കാൻ തിരഞ്ഞെടുക്കുമ്പോൾ നാം വളരെ ശ്രദ്ധിക്കണം.

4. ഊര്‍ജ്ജം

വീട്ടിലേക്കാവശ്യമായ പരമാവധി ഊര്‍ജ്ജം പ്രകൃതിയിലെ വിഭവങ്ങളായ കാറ്റ്‌, സൂര്യപ്രകാശം എന്നിവയില്‍ നിന്നും ലഭ്യമാക്കാൻ ശ്രമിക്കണം. വെള്ളം ചുടാക്കാനും ലൈറ്റിംഗിനുമെല്ലാം സോളാര്‍ എനര്‍ജി ഉപയോഗിക്കാവുന്നതാണ്‌.അങ്ങനെ ചെയ്യുന്നത് വഴി ചെലവുകൾ കാര്യമായി കുറയ്ക്കാനാകും.

5. ബയോഗ്യാസ്‌ പ്ലാന്റ്‌

എല്ലാ വീടുകളിലും കാണുന്ന ഒരു കാര്യംആണ് മാലിന്യങ്ങൾ. ഇവയെല്ലാം പലയിടത്തുമായി കിടന്നു ചീഞ്ഞു പലതരം അസുഖങ്ങളും ദുർഗന്ധവും സൃഷ്ടിക്കുന്നു. ഇതുകൊണ്ട് മാലിന്യം സംസ്കരിക്കക്കാനും പാചകവാതകം ഉല്‍പാദിപ്പിക്കാനും ഉതകുന്ന രീതിയിലുള്ള ബയോഗ്യാസ്‌ പ്ലാന്റ്‌ നിര്‍മിക്കുക. വിവധ വലുപ്പത്തിലുള്ള പോര്‍ട്ടബിള്‍ ബയോഗ്യാസ്‌ പ്ലാന്റ്‌ ഇപ്പോള്‍ ലഭ്യമാണ്‌.

6. വീട്ടുപകരണങ്ങളുടെ ശേഖരണം

കുറഞ്ഞ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുപകരണങ്ങളും ലൈറ്റുകളും ഉപയോഗിക്കുക. വളരെ ചുരുങ്ങിയ തോതില്‍ വൈദ്യുതി ഉപയോഗപ്പെടുത്തുന്ന എല്‍ ഇ ഡി ലൈറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്‌.

7. പൂന്തോട്ടം

മനസിന് കുളിർമയേകുന്ന ഒന്നാണ് പൂക്കൾ. വീട്ടുവളപ്പിൽ ഒരു പൂന്തോട്ടം കൂടി ഉണ്ടെങ്കിൽ പിന്നെ പറയണ്ട.. കുറച്ചു മാത്രം വെള്ളം ആവശ്യമുള്ള മുള പോലുള്ള ചെടികള്‍ക്ക്‌ പൂന്തോട്ടത്തില്‍ മുഖ്യസ്ഥാനം നല്‍കുക. പുല്‍ത്തകിടി ഉണ്ടാക്കുന്നതും നല്ലതാണ്. മനസിന് കുളിർമ്മയേകുന്ന നിറങ്ങളുള്ള പൂക്കൾ തിരഞ്ഞെടുക്കുക.

8. മഴവെള്ള സംഭരണം

ഇപ്പൊ എല്ലാ വീടുകളിലും കണ്ടു വരുന്ന ഒരു കാര്യം ആണ് മുറ്റം കോൺക്രീറ്റ് ചെയ്യുക എന്നത്.ഇത് കൂടുതൽ ആകർഷണവും ഭംഗിയും കൂടും എന്നത് ശരി തന്നെ. എന്നാൽ ഇതിലും ചില ദൂഷ്യങ്ങൾ ഉണ്ടെന്ന സത്യം മറക്കരുത്. മുറ്റത്ത്‌ വീഴുന്ന മഴവെള്ളം അവിടെ നിന്നു തന്നെ ഭൂമിയിലേക്കിറങ്ങാനുള്ള അവസരം സൃഷ്ടിക്കുക. മുറ്റം കോണ്‍ക്രീറ്റ്‌ ചെയ്യാതിരിക്കുക. മഴവെള്ള സംഭരണി നിര്‍മ്മിച്ച്‌ വീടിനു മുകളില്‍ വീഴുന്ന വെള്ളം സംഭരണിയിലേക്ക്‌ എത്തിക്കുക. ഇത്‌ ഒരു പരിധിവരെ ജലക്ഷാമം തടയാന്‍ സഹായിക്കും.

9. വെള്ളത്തിന്റെ പുനരുപയോഗം

വീട്ടിൽ ഉപയോഗിക്കുന്ന വെള്ളം പാഴാക്കാതെ അത് പുനരുപയോഗം ചെയ്യാം. അടുക്കളയിലെ സിങ്ക്‌, വാഷ്‌ ബേസിന്‍, വാഷിംഗ്‌ മെഷിന്‍ തുടങ്ങിയവയില്‍ നിന്നുള്ള ഉപയോഗ ശൂന്യമായ വെള്ളം അടുക്കളത്തോട്ടത്തിലേക്കോ മറ്റു ആവശ്യങ്ങള്‍ക്കോ ചേരുന്ന തരത്തില്‍ പുനരുപയോഗിക്കുക.

10. പ്രകൃതി സംരക്ഷിക്കുക

വീടിനു ചുറ്റും നമ്മുടെ കാലാവസ്ഥക്കു യോജിക്കുന്ന തരത്തിലുള്ള ധാരാളം മരങ്ങളും ചെടികളും നട്ടുവളര്‍ത്തുക.അതു വഴി പക്ഷികള്‍ക്കും മറ്റു ജീവികള്‍ക്കും വേണ്ടി ഒരു ആവാസ കേന്ദ്രം സൃഷ്ടിക്കുക.അത് മാത്രവുമല്ല, ഇത്‌ ശുദ്ധവായു ലഭിക്കുവാനും സഹായിക്കും.

നഗര നിര്‍മിതികളില്‍ വലിയ മാറ്റമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഗ്രീന്‍ ബില്‍ഡിംഗ് എന്ന ആശയം ലോകത്താകമാനം അലയടിക്കുന്ന കാഴ്ചയാണ് കാണാനാവുക. 1990കളില്‍ ആണ് ഹരിതനിര്‍മിതികള്‍ എന്നവാക്ക് നാം പരിചയപ്പെട്ടതെങ്കിലും അതിനും എത്രയോ മുമ്പ് പരിസ്ഥിതി സൗഹാര്‍ദപരമായ ആര്‍ക്കിടെക്ചര്‍ മാതൃകകള്‍ നിലവില്‍ വന്നു തുടങ്ങിയിരിക്കുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ലോകത്തെ പകുതിയോളം ഊര്‍ജം ഉപയോഗിച്ചു കൊണ്ടിരുന്നത് വിവിധതരം കെട്ടിടങ്ങളായിരുന്നു. കെട്ടിടങ്ങള്‍ ഭൂമിക്ക് ഉണ്ടാക്കിയ നാശത്തിന് ഒരു കണക്കുമില്ല. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ഉയര്‍ന്നുവന്ന ആര്‍ക്കിടെക്റ്റുകളുടെ തലമുറ ഈ പ്രശ്നത്തെ വളരെ ഗൗരവത്തോടെയാണ് ഉള്‍ക്കൊണ്ടത്. 1970-ലെ ഊര്‍ജക്ഷാമവും ഈ ചിന്തയ്ക്ക് ആക്കം കൂട്ടി. ഇത്തരത്തില്‍ ആശങ്ക ഉണ്ടായവര്‍ പ്രകൃതി സൗഹാര്‍ദപരമായ ഡിസൈനുകളെപ്പറ്റിയും ഊര്‍ജചൂഷണം കുറഞ്ഞ നിര്‍മിതികളെപ്പറ്റിയും ചിന്തിക്കാന്‍ തുടങ്ങി.

ഒരു കെട്ടിടത്തിന്‍റെ നിര്‍മാണം മുതല്‍ എല്ലാ മേഖലയിലും പരിസ്ഥിതി സൗഹാര്‍ദപരമായ രീതി പിന്തുടരുക എന്നതാണ് ഗ്രീന്‍ ബില്‍ഡിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ആര്‍ക്കിടെക്റ്റിനൊപ്പം കോണ്‍ട്രാക്റ്റര്‍, എഞ്ചിനീയര്‍, ക്ലെയന്‍റ് എന്നിവരുടെയെല്ലാം പങ്കാളിത്തം ഇതിനാവശ്യമാണ്.

ഹരിത നിര്‍മിതികളുടെ പ്രധാന ലക്ഷ്യങ്ങള്‍

ഊര്‍ജത്തിന്‍റെ ഫലപ്രദമായ ഉപയോഗം, മലിനീകരണം തടയുക, ജീവനക്കാരുടെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കുക. ലോകത്തു വൻകിട, ഇടത്തരം കമ്പനികൾ തങ്ങളുടെ ഓഫിസുകൾ നിർമിക്കുമ്പോൾ ഗ്രീൻ ഹൗസ് എന്ന ആശയം പ്രവർത്തികമാക്കാറുണ്ട്.

നാച്വറല്‍ ബില്‍ഡിംഗ് എന്ന നിര്‍മാണ രീതി ഇതിന് സമാന്തരമായി കണക്കാക്കാവുന്ന ഒന്നാണ്. പ്രകൃതിദത്തമായ മെറ്റീരിയലുകള്‍ കൊണ്ട് കെട്ടിടം നിര്‍മിക്കുക എന്നതാണ് അതിന്‍റെ രീതി. ഗ്രീന്‍ ബില്‍ഡിംഗ് എന്ന ആശയം ലോകത്തിലെ വന്‍ നഗരങ്ങളെല്ലാം അംഗീകരിച്ചു കഴിഞ്ഞു.സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ നേട്ടങ്ങളാണ് നഗരങ്ങളെ ഇത്തരത്തില്‍ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.മനുഷ്യന്‍റെ ആരോഗ്യത്തിനും പ്രകൃതിക്കും ദോഷം ചെയ്യാത്ത നിര്‍മിതികളാണ് ഗ്രീന്‍ ബില്‍ഡിംഗുകള്‍. ഊര്‍ജത്തെ എങ്ങനെ ബുദ്ധിപരമായി പ്രയോജനപ്പെടുത്താം എന്നതിന് ഉത്തമ ഉദാഹരണങ്ങളാണിവ.സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി, തണുപ്പിനും ശുദ്ധവായുവിനും ഹരിത മേല്‍ക്കൂരകള്‍, പൂന്തോട്ടം എന്നിങ്ങനെ ഹരിത നിര്‍മിതികള്‍ മുന്നോട്ട് വെയ്ക്കുന്ന സാധ്യതകള്‍ ഏറെയാണ്.പ്രദേശത്തിനും അവിടത്തെ കാലാവസ്ഥയ്ക്കും അനുസരിച്ച് ഇത്തരം നിര്‍മിതികളുടെ നിര്‍മാണരീതിയും ശൈലിയും മാറുമെങ്കിലും അടിസ്ഥാന തത്വങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു.പ്ലാന്‍ തയ്യാറാക്കുന്നിടത്തു നിന്നാണ് ഹരിത നിര്‍മിതി പിറക്കുന്നത്. ആശയത്തിന് ഇവിടെ വളരെയേറെ പ്രാധാന്യമുണ്ട്.അതേപോലെ നിര്‍മാണം കൊണ്ട് ഗ്രീന്‍ ബില്‍ഡിംഗിന്‍റെ പണി പൂര്‍ത്തിയാവുന്നില്ല. കാലാകാലം അതിന്‍റെ അറ്റകുറ്റപണികളും അതേപോലെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.

ഗ്രീന്‍ ബില്‍ഡിംഗിനെതിരെ ഉയരുന്ന ആക്ഷേപം അവ നിര്‍മിക്കാന്‍ ചെലവേറെ ആകും എന്നുള്ളതാണ്. എന്നാല്‍ ഇത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. നിര്‍മാണ ചെലവിന് ആവശ്യം വന്ന തുക ഓരോ ഹരിത നിര്‍മിതിയും ഈട് കൊണ്ട് മടക്കി നല്‍കുന്നുണ്ട്. പഠനങ്ങള്‍ക്കനുസരിച്ച് കാലം ചെലുന്തോറും ഗ്രീന്‍ ബില്‍ഡിംഗ് ലാഭിക്കുന്ന തുക പലപ്പോഴും നിര്‍മാണത്തിനാവശ്യമായ പണത്തില്‍ എത്രയോ ഇരട്ടിയാണ്.

ഹരിത നിര്‍മിതികള്‍ക്ക് ലഭിച്ച സ്വീകരണം കണക്കിലെടുത്ത് വിവിധ രാജ്യങ്ങളിലെ സംഘടനകള്‍ ഇത്തരം വര്‍ക്കുകള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബ്രീം (യു.കെ.), ലീഡ് (യു.എസ്.എ ), ഡി.ജി.എന്‍.ബി. (ജപ്പാന്‍) വെര്‍ഡ് (സ്പെയിന്‍) എന്നിവ അവയില്‍ ചിലത് മാത്രം.