മരുന്നുകളേക്കാൾ ഫലപ്രദം; വിഷാദരോഗം കുറയ്ക്കാൻ ഓടിയാൽ മതിയെന്ന് പഠനം !

ഒരു മനുഷ്യന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും ഗുണം ചെയ്യുന്ന ഒരു വ്യായാമമാണ് ഓട്ടം. പതിവായി ഓടുന്നത് ഹൃദയത്തെയും ശ്വാസകോശത്തെയും ശക്തിപ്പെടുത്തുകയും രക്തസമ്മർദ്ദം, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പതിവായി ഓടുന്നത് വിഷാദരോഗം ലഘൂകരിക്കാൻ മരുന്നുകളേക്കാൾ കഴിവുണെന്നാണ് പുതിയൊരു പഠനം പറയുന്നത്.

ആന്റീഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗവുമായി താരതമ്യപ്പെടുത്തുമ്പോൾ പതിവായി ഓടുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്സിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത്. വിഷാദരോഗം, ഉത്കണ്ഠാ രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നതിൽ വ്യായാമത്തിന്റെ ഫലപ്രാപ്തിയും മരുന്നുകളും സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടയിലാണ് പഠനം ശ്രദ്ധ നേടുന്നത്.

ഉത്കണ്ഠയോ വിഷാദമോ ഉള്ളതായി കണ്ടെത്തിയ 141 രോഗികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇതിൽ പങ്കെടുക്കുന്നവർക്ക് ഗ്രൂപ്പുകളായുള്ള റണ്ണിംഗ് തെറാപ്പിയോ ആന്റീഡിപ്രസന്റ് മരുന്നുകളോ തിരഞ്ഞെടുക്കാൻ അവസരം നൽകി. ഒക്ടോബർ 6 ന് യൂറോപ്യൻ കോളേജ് ഓഫ് ന്യൂറോ സൈക്കോഫാർമക്കോളജിയാണ് ഈ ഗവേഷണം അവതരിപ്പിച്ചത്.

141 രോഗികളിൽ 45 പേർ ആന്റീഡിപ്രസന്റുകൾ എടുക്കാൻ തീരുമാനിച്ചപ്പോൾ ബാക്കി 96 പേർ റണ്ണിംഗ് തെറാപ്പിയാണ് തിരഞ്ഞെടുത്തത്. മരുന്ന് കഴിക്കുന്നതിനും റണ്ണിങ് തെറാപ്പിയ്ക്കും രണ്ട് ഗ്രൂപ്പുകളും 16 ആഴ്ചയാണ് പഠനത്തിനായി വ്യവസ്ഥകൾ പാലിക്കേണ്ടത്.

ഓരോ ആഴ്‌ചയും രണ്ടോ മൂന്നോ 45 മിനിറ്റ് റണ്ണിംഗ് സെഷനുകളിൽ ഏർപ്പെടാനാണ് റണ്ണിംഗ് ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ആന്റീഡിപ്രസന്റ് ഗ്രൂപ്പിനെ അപേക്ഷിച്ച് റണ്ണിംഗ് ഗ്രൂപ്പിൽ ഈ പ്രോട്ടോക്കോൾ പാലിക്കുന്നത് കുറവാണെന്ന് ഗവേഷകർ ശ്രദ്ധിച്ചു. ഓട്ടം തിരഞ്ഞെടുത്ത എല്ലാ ആളുകളും 45 മിനിറ്റ് സെഷൻ പൂർത്തിയാക്കിയിട്ടില്ലെന്നും കണ്ടെത്തി.

തലച്ചോറിലെ സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കാൻ രൂപകൽപ്പന ചെയ്ത സെലക്ടീവ് സെറോടോണിൻ റീഅപ്‌ടേക്ക് ഇൻഹിബിറ്റർ മരുന്നായ എസ്സിറ്റലോപ്രാം ആണ് ആന്റീഡിപ്രസന്റ് ഗ്രൂപ്പിന് നിർദേശിച്ചത്. ഈ മരുന്ന് കഴിക്കുന്നതിനുള്ള ഷെഡ്യൂൾ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ രണ്ട് ഗ്രൂപ്പുകളിൽ നിന്നുമുള്ള ഏകദേശം 44% ത്തോളം ആളുകൾ വിഷാദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള ലക്ഷണങ്ങളിൽ പുരോഗതി കാണിച്ചു.

ആന്റീഡിപ്രസന്റ് ഗ്രൂപ്പുമായി റണ്ണിങ് ഗ്രൂപ്പിനെ താരതമ്യപ്പെടുത്തിയപ്പോൾ ഭാരം, അരക്കെട്ടിന്റെ ചുറ്റളവ്, രക്തസമ്മർദ്ദം, ഹൃദയത്തിന്റെ പ്രവർത്തനം എന്നിവ വലിയ രീതിയിൽ മെച്ചപ്പെട്ടതായി കണ്ടെത്തി. പഠനം ആരംഭിക്കുന്നതിന് മുമ്പ് ആന്റീഡിപ്രസന്റ് ഗ്രൂപ്പിന് വിഷാദം അൽപ്പം ഉയർന്ന നിലയിലായിരുന്നെന്നും ഗവേഷകർ കണ്ടെത്തിയിരുന്നു.

ആംസ്റ്റർഡാമിലെ വ്രിജെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയായ ബ്രെൻഡ പെന്നിക്‌സ്, ഉത്കണ്ഠയും വിഷാദവും ഉള്ള വ്യക്തികൾക്കുള്ള ചികിത്സകൾക്കിടയിൽ ഫലപ്രദമായ ഒരു തിരഞ്ഞെടുപ്പ് നൽകാനാണ് പഠനം ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു. ചികിത്സ എന്ന നിലയിൽ വ്യായാമം ചെയ്യാൻ നിരവധി ആളുകൾക്ക് താൽപ്പര്യമുണ്ടെന്ന് പഠനം കണ്ടെത്തിയതായും ബ്രെൻഡ പറഞ്ഞു.

വിഷാദവും ഉത്കണ്ഠയും നിയന്ത്രിക്കുന്നതിൽ ആന്റീഡിപ്രസന്റുകളേക്കാൾ വ്യായാമം കൂടുതൽ ഫലപ്രദമാകുമെന്ന് മുൻ പഠനങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മരുന്നുകളുടെ പട്ടികയിൽ വ്യായാമത്തിനു വലിയ പങ്കുണ്ടെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിരുന്നു.

ഓട്ടത്തിനിടയിൽ പുറത്തു വിടുന്ന എൻഡോർഫിനുകൾ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ഓട്ടം വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കുറയ്ക്കുകയും മൊത്തത്തിലുള്ള മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ പതിവായുള്ള ഓട്ടം നിങ്ങളുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.  ശരീരഭാരം നിയന്ത്രിക്കാനും പേശികളുടെ ഫലം വർധിപ്പിക്കാനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹനശീലം വർധിപ്പിക്കാനും ആയുസ് വർധിപ്പിക്കാനും ഓട്ടം സഹായിക്കുന്നു.