റബര്‍ പാലമിടുന്നത് എങ്ങോട്ട്?

കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ വരുന്ന ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന പ്രതീക്ഷിച്ച പോലെ തന്നെ വിവാദമായി. ഒരു എം പി പോലുമില്ലന്ന വിഷമം ഞങ്ങള്‍ മലയോര ജനത തീര്‍ത്തു തരാമെന്നും, റബറിന് കിലോക്ക് 300 രൂപയാക്കിത്തന്നാല്‍ മതിയെന്നുമാണ് പാംപ്‌ളാനിയുടെ തിരുവചനം. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയില്‍ സംസാരിക്കവേയാണ് ആര്‍ച്ച് ബിഷപ്പ് പംപ്‌ളാനി വിവാദമാകുമെന്നറിഞ്ഞു കൊണ്ട് ഈ പ്രസ്താവന നടത്തിയത്.എം വി ഗോവിന്ദന്‍ അടക്കമുള്ള സിപി എം നേതാക്കള്‍ കേട്ടപാതി കേള്‍ക്കാത്ത പാതി പ്രതികരിക്കുകയും ചെയ്തു.

കത്തോലിക്കാ സഭക്ക് കഴിഞ്ഞ കുറെ നാളുകളായുളള പരാതിയാണ് കേരളത്തിലെ ഇടതുസര്‍ക്കാര്‍ തങ്ങളെ വേണ്ട പോലെ ഗൗനിക്കുന്നില്ലന്നത്. കാന്തപുരം മുതല്‍ സമസ്ത വരെയുള്ള വിവിധ മു്‌സ്‌ളീം ഗ്രൂപ്പുകളെയാണ് ഇടതു സര്‍ക്കാര്‍ സഹായിക്കുന്നതും പരിഗണിക്കുന്നതും. കാരണം കേരളത്തില്‍ ഏറ്റവും അധികം നിയമസഭാ മണ്ഡലങ്ങളുള്ള മലബാര്‍ മേഖലയില്‍ മുസ്‌ളീം വിഭാഗം നിര്‍ണ്ണായക ശക്തിയാണ്. കേരളത്തില്‍ വന്‍പിച്ച രാഷ്ട്രീയ നേട്ടങ്ങള്‍ വിവിധ തിരഞ്ഞെടുപ്പുകളില്‍ സി പിഎമ്മിനുണ്ടാകാന്‍ കാരണം ആ മുസ്‌ളീം വിഭാഗത്തിന്റെ നിര്‍ണ്ണായക പിന്തുണ ലഭിച്ചതുമാണ്. മുസ്‌ളീംങ്ങള്‍ക്ക് കേരള ഭരണത്തിന്റെ വിവിധ തലങ്ങളില്‍ ലഭിക്കുന്ന പ്രധാന്യം മറ്റൊരു ന്യുനപക്ഷ വിഭാഗമായ തങ്ങള്‍ക്ക് ലഭിക്കുന്നില്ലന്ന പരാതി കത്തോലിക്ക ബിഷപ്പുമാര്‍ പലതവണ രഹസ്യമായും ചിലപ്പോഴൊക്കെ പരസ്യമായും ഉയര്‍ത്തിയിരുന്നു.

എന്നാല്‍ പിണറായി വിജയനാണ് മുഖ്യമന്ത്രി എന്നത് കൊണ്ട് പരാതിയുയര്‍ത്താനല്ലാതെ ഭീഷണിപ്പെടുത്താനൊന്നും സഭാ പിതാക്കന്‍മ്മാര്‍ പോയില്ല. എന്നാല്‍ അവര്‍ വളരെ ബുദ്ധിപൂര്‍വ്വം നീങ്ങി. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണ്. അവരെ ചാരിനിന്നാല്‍ ദേഹത്തു മണ്ണുപറ്റുമെന്നല്ലാതെ മറ്റാന്നും ഉണ്ടാകില്ല. അപ്പോഴാണ് ബി ജെ പിയിലേക്ക് എന്ന് വച്ചാല്‍ സംഘപരിവാറിലേക്ക് കടക്കണ്ണറിയാന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ ഒരു ശ്രമം നടത്തിയത്. കത്തോലിക്കാ സഭ തന്നെ കുത്തിപ്പൊക്കിയെടുത്ത ലവ് ജിഹാദാരോപണം സംഘപരിവാറിലേക്ക് ചായാനുളള രാസത്വരകമായി മാറി. അതോടൊപ്പം പാലബാഷിപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദുകൂടിയായപ്പോള്‍ റൂട്ട് ക്‌ളീന്‍.

കേന്ദ്രത്തില്‍ ഇനി കോണ്‍ഗ്രസ് സര്‍ക്കാര്‍ അടുത്തകാലത്തൊന്നും ഉണ്ടായേക്കില്ലന്ന തിരിച്ചറിവ് കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളെ എന്ന് വച്ചാല്‍ ക്രൈസ്തവ ബിഷപ്പുമാരെ, കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ കത്തോലിക്കാ ബിഷപ്പുമാരെ രാഷ്ട്രീയമായി ഒരു റീ ഓറയന്റേഷന് പ്രേരിപ്പിച്ചിട്ടുണ്ട്. കത്തോലിക്കാ സഭക്ക് കേരളത്തിനകത്തും പുറത്തമുള്ള നിരവധി സ്ഥാപനങ്ങള്‍, അവയുടെ നടത്തിപ്പ്. വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള സാമ്പത്തിക ഇടപാടുകള്‍. പാരിസ്ഥിതിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സഭയുടെ ശക്തികേന്ദ്രങ്ങളായ മലയോര മേഖലയില്‍ വളര്‍ന്ന് വന്നിട്ടുള്ള ആശങ്കകള്‍ ഇവയെല്ലാം തന്നെ ബി ജെപിക്കനുകൂലമായ ഒരു രാഷ്ട്രീയ ഒരു പുനര്‍ വിചിന്തനത്തിന് കത്തോലിക്കാ സഭയെ എപ്പോഴും പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കേരളത്തില്‍ പ്രതീക്ഷിച്ചപോലെയുള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇതിനെക്കുറിച്ച് കൂലംകുഷമായി പഠിച്ച ദേശീയ നേതൃത്വം ഒരു വസ്തുത കണ്ടുപിടിച്ചു. കേരളത്തിലുള്ള ഏതെങ്കിലും ഒരു പ്രബല ന്യുനപക്ഷത്തിന്റെ പിന്തുണ കൂടിയുണ്ടെങ്കിലേ ഇവിടെ ഭരണം നിയന്ത്രിക്കുന്ന തലത്തിലേക്ക് വളര്‍ന്ന് ഒരു രാഷ്ട്രീയ ശക്തിയാകാന്‍ കഴിയൂ. അതിന് പറ്റിയത് ക്രൈസ്തവ ന്യുനപക്ഷമാണെന്നും സംഘപരിവാറിന്റെ വിശാരദന്‍മാര്‍ കണ്ടുപിടിച്ചു. ആര്‍ എസ് എസുമായി നേരത്തെ തന്നെ അടുപ്പം പുലര്‍ത്തിയിരുന്ന ചില ബിഷപ്പുമാരും ക്രിസ്ത്യന്‍ നേതാക്കളും ഈ നീക്കത്തിന് പിന്തുണ നല്‍കി. അങ്ങിനയാണ് ബി ജെ പിയുമായി കേരളത്തിലെ ക്രൈസ്തവര്‍ പ്രത്യേകിച്ച കത്തോലിക്കര്‍ യോജിച്ചുപോകാമെന്ന തരത്തിലുളള നീക്കങ്ങള്‍ നടക്കുന്നത്.

ഇതിനായി പുതിയ ഒരു ക്രൈസ്തവ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമവും തുടങ്ങി. കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി ശിഥിലീകരിക്കപ്പെട്ടാല്‍ പിന്നെ തങ്ങളും സി പിഎമ്മും മാത്രമേയുണ്ടാവു എന്നറിയാവുന്ന ബി ജെ പി നേതൃത്വം എങ്ങിനെയെങ്കിലും ക്രിസ്ത്യാനികളെ ചാക്കിലാക്കാനുളള ശ്രമമാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവ വിഭാഗങ്ങളില്‍ അടുത്തകാലത്ത് വളര്‍ന്ന് വന്ന മുസ്‌ളീം വിരോധമാണ് യഥാര്‍ത്ഥത്തില്‍ യഥാര്‍ത്ഥത്തില്‍ ബി ജെ പിയുടെ പിടിവള്ളി. കേരളത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക മേഖലകളില്‍ കഴിഞ്ഞ 60 ലധികം വര്‍ഷമായി ക്രൈസ്തവ സമൂഹം പുലര്‍ത്തിക്കൊണ്ടിരുന്ന മേധവിത്വം അടുത്തകാലത്ത് മുസ്‌ളീം വിഭാഗങ്ങള്‍ തട്ടിയെടുത്തതാണ് ഈ വിരോധത്തിനുള്ള പ്രധാനകാരണം.

ജോസഫ് പാംപ്‌ളാനി ഈ റബര്‍പാലമിടുന്നത് കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ്. ഇന്നലെ ഉച്ചക്കാണ് കൊച്ചിയില്‍ വച്ച് കേരളത്തിലെ ഒരു പ്രമുഖ ആര്‍ എസ് എസ് നേതാവ് കേരളത്തിലെ ക്രൈസ്തവര്‍ക്ക് ആര്‍ എസ് എസിനോട് യാതൊരു എതിര്‍പ്പുമില്ലന്ന് പ്രഖ്യാപിച്ചത്.അത് കഴിഞ്ഞ് മണിക്കുറുകള്‍ക്ക് ശേഷമായിരുന്നു പാംപ്‌ളാനിയുടെ ഈ പ്രസംഗം. മാത്രമല്ല രാഹൂല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട് തലശേരി അതിരൂപതയുടെയും താമരശേരി രൂപതയുടെയും കീഴിലാണ്. രാഹുല്‍ ഗാന്ധിയെ ഒന്ന് വിരട്ടുക എന്ന ഉദ്ദേശവും പാംപ്‌ളാനിയുടെ ഈ റബര്‍പാലം പണിക്കുണ്ട്.

ഇതില്‍ നിന്നെല്ലാം സൂചനകള്‍ വ്യക്തമാണ്. ബി ജെ പിയുമായി സഹകരിക്കാന്‍ തെയ്യാറായാല്‍ വലിയ നേട്ടങ്ങളാണ്് കേരളത്തിലെ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്ക് ലഭിക്കാന്‍ പോകുന്നതെന്ന വ്യക്തമായ സന്ദേശം കേന്ദ്ര ബി ജെ പി നേതൃത്വം നല്‍കിക്കഴിഞ്ഞു. ഇനിഅതിന് മണ്ണൊരുക്കുന്നതിന്റെ ഉത്തരവാദിത്വം ക്രൈസ്തവ ബിഷപ്പുമാര്‍ക്കാണ്. ഏറ്റവും നന്നായി മണ്ണൊരുക്കുന്നവന്‍ ഏറ്റവും നന്നായി വിളവെടുക്കും. റബര്‍പാലമിട്ടാലും അങ്ങോട്ടും ഇങ്ങോട്ടുമങ്ങോട്ടുമായിരിക്കുമല്ലോ.