ബ്രിട്ടന്റെ അംഗീകാരം പലസ്തീനിൽ എന്ത് മാറ്റമുണ്ടാക്കും? ജൂത രാഷ്ട്രം നടത്തുന്ന വംശഹത്യക്കെതിരെയുള്ള ലോകരാഷ്ട്രങ്ങളുടെ ചെറുത്തുനിൽപ്പ്

പലസ്തീൻ എന്നൊരു രാഷ്ട്രം അപ്പോൾ ഇതുവരെ ഇല്ലായിരുന്നോ? ബ്രിട്ടനും ഓസ്‌ട്രേലിയയും കാനഡയും പോർച്ചുഗലും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് ഇന്നലെ പ്രസ്താവന ഇറക്കിയപ്പോൾ പലരുടെയും മനസിൽ വന്ന ചോദ്യമാണത്. ഒരേസമയം ഉണ്ടെന്നും ഇല്ലെന്നും തർക്കിക്കുന്നവർക്ക് പറയാവുന്ന രാജ്യമാണ് പലസ്തീൻ. ഗസയുടെ മണ്ണിൽ രണ്ട് വർഷമായി തുടരുന്ന ഇസ്രയേൽ അധിനിവേശത്തിന്റെ ഫലമായാണ് ഈ രാഷ്ട്രങ്ങൾ ഇപ്പോൾ പലസ്തീനെ അംഗീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഫ്രാൻസ്, ബെൽജിയം, ലക്സംബർഗ്, മാൾട്ട തുടങ്ങിയ രാജ്യങ്ങൾക്കൂടി യുഎൻ പൊതുസഭയിൽ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുവാനുള്ള തയാറെടുപ്പിലുമാണ്.

വലിയൊരളവ് അന്താരാഷ്ട്ര അംഗീകാരം ഉള്ള രാജ്യമാണ് പലസ്‌തീൻ. എന്നാൽ പല രാജ്യങ്ങളും പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിരുന്നില്ല. എന്നാൽ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളുടെ അംഗീകാരം ലഭിക്കുന്നതോടെ പലസ്തീന് അന്താരാഷ്ട്ര അംഗീകാരം വർധിക്കുകയാണ്.

ബ്രിട്ടന്റെ തീരുമാനം ഇതിൽ നിർണായകമാണ്. കാരണം 1917ൽ ബാൽഫർ പ്രഖ്യാപനത്തിലൂടെ പലസ്തീനിൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കാൻ വഴിയൊരുക്കിയത് ബ്രിട്ടനാണ്. അന്ന് പലസ്തീൻ ജനതയ്ക്ക് സ്വന്തമായൊരു രാജ്യം നൽകുമെന്നു ബ്രിട്ടൻ പറഞ്ഞെങ്കിലും അത് യഥാർഥ്യമായില്ല. 1948ൽ ഇസ്രയേൽ രാഷ്ട്രം പിറന്നു. എന്നാൽ പലസ്തീൻ ജനത വഞ്ചിക്കപ്പെട്ടു. നൂറ്റാണ്ടുകൾക്കിപ്പുറം ആ വഞ്ചനയ്ക്കുള്ള തിരുത്തായി ബ്രിട്ടന്റെ പ്രഖ്യാപനത്തെ കാണാനാകും.

1988ലാണ് പലസ്തീന്റെ വിമോചനത്തിനായി പോരാടിയ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം നിലവിൽ വന്നതായി പ്രഖ്യാപിച്ചത്. പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ രാജ്യം അൾജീരിയ ആയിരുന്നു. 1988 ൽ തന്നെ ഇന്ത്യയും പലസ്തീനെ ഔദ്യോഗിക രാഷ്ട്രമായി അംഗീകരിച്ചു. തുടർന്നുള്ള ആഴ്ചകളിലും മാസങ്ങളിലും മറ്റ് ഡസൻ കണക്കിന് രാജ്യങ്ങളും ഇതേ നിലപാട് സ്വീകരിച്ചു. അതേസമയം 1974ൽ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ പലസ്തീൻ ജനതയുടെ ഏകവും നിയമാനുസൃതവുമായ പ്രതിനിധിയായി ഇന്ത്യ അംഗീകരിച്ചിരുന്നു. ഇത്തരത്തിൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ അംഗീകരിക്കുന്ന ആദ്യത്തെ അറബ് ഇതര രാഷ്ട്രമായിരുന്നു ഇന്ത്യ.

2010 അവസാനത്തിലും 2011 ന്റെ തുടക്കത്തിലും പലസ്തീനെ അംഗീകരിച്ച് കൂടുതൽ രാഷ്ട്രങ്ങൾ മുന്നോട്ട് വന്നു. നിലവിൽ യുഎൻ പൊതുസഭയിലെ 193രാജ്യങ്ങളിൽ കുറഞ്ഞത് 145 രാജ്യങ്ങളെങ്കിലും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നുണ്ട്. പല രാജ്യങ്ങളിലും പലസ്തീന് നയതന്ത്ര കാര്യാലയങ്ങളുണ്ട്. പലസ്തീന്റെ ടീമുകൾ ഒളിമ്പിക്‌സുൾപ്പെടെയുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. യുഎന്നിൽ നിരീക്ഷക പദവിയുണ്ട്. വോട്ടവകാശമില്ല.

എന്നാൽ പതിറ്റാണ്ടുകളായി ഇസ്രയേലുമായി നിലനിൽക്കുന്ന സംഘർഷം കാരണം പലസ്തീന് അന്താരാഷ്ട്ര അംഗീകാരമുള്ള അതിർത്തികളില്ല, തലസ്ഥാനമില്ല, സൈന്യമില്ല. ഇതാണ് ഒരു രാഷ്ട്രം എന്ന നിലയിൽ പലസ്തീൻ നേരിടുന്ന പരിമിതി. വെസ്റ്റ് ബാങ്കും ഗാസയുമാണ് പലസ്തീന്റെ ഇപ്പോഴുള്ള ഭാഗങ്ങൾ. എന്നാൽ വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം നിലവിൽ ഇസ്രായേൽ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ ഹമാസ് ഭീകര സംഘടന 2023 ഒക്ടോബർ 7ന് ഇസ്രയേൽ രാഷ്ട്രത്തിനെതിരെ നടത്തിയ ആക്രമണത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട നിലവിലെ യുദ്ധത്തിന്റെ ഫലമായി ഗാസ മുനമ്പ് വലിയതോതിൽ തകർന്ന നിലയിലാണ്.

ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ഇന്ന് ഫ്രാൻസും സൗദി അറേബ്യയും ചേർന്ന് നടത്തുന്ന ഉച്ചകോടിയിൽ ഫ്രാൻസ്, ബെൽജിയം, ലക്സംബർഗ്, മാൾട്ട എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബ് രാജ്യങ്ങൾക്കൊപ്പം, മിക്കവാറും എല്ലാ ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും, റഷ്യയും ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളും ഇതിനകം പലസ്തീനെ അംഗീകരിച്ച പട്ടികയിൽ ഉണ്ട്.

ഗസയിൽ രണ്ട് വർഷമായി തുടരുന്ന ഇസ്രായേൽ ആക്രമണം ഇപ്പോൾ 13 രാജ്യങ്ങളെ കൂടി പലസ്തീനെ അംഗീകരിക്കാൻ പ്രേരിപ്പിച്ചു. ഇസ്രായേൽ, അമേരിക്ക, അവരുടെ സഖ്യകക്ഷികൾ എന്നിവയുൾപ്പെടെ 45 രാജ്യങ്ങളാണ് പലസ്തീനെ അംഗീകരികാത്തത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ പലസ്തീൻ രാഷ്ട്രം എന്ന ആശയം പൂർണ്ണമായും നിരസിക്കുന്നുണ്ട്. ഇന്നല്ലത്തെ ലോക രാജ്യങ്ങളുടെ പ്രഖ്യാപത്തിനും നെതന്യാഹു മറുപടി പറഞ്ഞിരുന്നു. പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം ഈ രാഷ്ടങ്ങളുടെ തീവ്രവാദത്തിനുള്ള സമ്മാനമാണെണെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീൻ രാഷ്ട്രമുണ്ടാകില്ലെന്നും നെതന്യാഹു ഭീഷണി മുഴക്കി.

ഏഷ്യയിൽ, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവ പലസ്തീനിനെ അംഗീകരിക്കാത്ത രാജ്യങ്ങളിൽ ഉൾപ്പെടുന്നു. ആഫ്രിക്കയിലെ കാമറൂണും, ലാറ്റിൻ അമേരിക്കയിലെ പനാമയും, ഓഷ്യാനിയയിലെ മിക്ക രാജ്യങ്ങളും പലസ്തീനെ അംഗീകരിക്കുന്നില്ല. യൂറോപ്പ് ഭൂഖണ്ഡത്തിലെ പകുതി രാഷ്ട്രങ്ങൾ മാത്രമാണ് പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത്. 2010 കളുടെ പകുതി വരെ, തുർക്കിക്ക് പുറമെ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ഏക രാജ്യങ്ങൾ മുൻ സോവിയറ്റ് ബ്ലോക്കിന്റെ രാജ്യങ്ങളായിരുന്നു. ഹംഗറി, ചെക്ക് റിപ്പബ്ലിക് പോലുള്ള ചില മുൻ കിഴക്കൻ ബ്ലോക്കിലെ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല. പലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങൾക്കൊപ്പം സ്വീഡൻ ഉണ്ടെങ്കിലും നോർവേ, സ്പെയിൻ, അയർലൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കാൻ ഇനിയും തയാറല്ല.

ഒരു രാഷ്ട്രമാകാൻ ആവശ്യമായ എല്ലാ വ്യവസ്ഥകളും നിലവിൽ പലസ്തീൻ പാലിക്കുന്നുണ്ട്. എന്നാൽ യുഎൻ പൊതുസഭയിലെ അന്തിമ അംഗീകാരം യുഎന്നിൻ്റെ ഏറ്റവും ശക്തമായ രക്ഷാസിമിതിയുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. യുഎന്നിലെ അഞ്ചു സ്ഥിരാംഗങ്ങളിൽ ചൈനയും റഷ്യയും പലസ്‌തീൻ രാഷ്ട്രത്തെ നേരത്തെ അംഗീകരിച്ചിട്ടുണ്ട്. ഇപ്പോൾ ബ്രിട്ടനും ഫ്രാൻസുംകൂടി അംഗീകരിക്കുകയും ചെയ്യും. എന്നാൽ പലസ്‌തീനെ അംഗീകരിക്കാത്ത ഏക സ്ഥിരാംഗമായ അമേരിക്കയുടെ നിലപാട് തുടരുന്നിടത്തോളം കാലം യുഎന്നിലെ എത്ര അംഗരാജ്യങ്ങൾ പലസ്‌തീൻ്റെ രാഷ്ട്രപദവിയെ അംഗീകരിച്ചിട്ടും കാര്യമില്ല. കാരണം വീറ്റോ അധികാരം ഉപയോഗിച്ച് അമേരിക്കയ്ക്ക് ഇതിനെ എതിർക്കാനാകും.

Read more

ഈ അവസ്ഥയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കൽ പ്രതീകാത്മകം മാത്രമാണ്. അടിസ്‌ഥാനപരമായി ഈ അംഗീകരിക്കൽ കൊണ്ട് ഒരു മാറ്റവും പലസ്തീന് ഉണ്ടാവില്ല. എന്നാൽ ലോക രാഷ്ട്രങ്ങളുടെ ഈ അംഗീകരിക്കൽ വളരെ ശക്തമായ ധാർമിക, രാഷ്ട്രീയ പ്രസ്താവനയാണ്. ഒപ്പം ഗസയിലും വെസ്റ്റ് ബാങ്കിലും ജൂത രാഷ്ട്രം നടത്തുന്ന വംശഹത്യക്കെതിരെയുള്ള ശക്തമായ ചെറുത്തുനിൽപ്പും.