എന്‍ഡിഎയിലെ പൊട്ടിത്തെറിയും ബിജെപിയുടെ മിഷന്‍ 400ഉം

അടിച്ചു പിരിക്കാന്‍ നടന്നവര്‍ക്കും ‘ഇന്ത്യ’ മുന്നണി പിളര്‍ത്താന്‍ പല അടവുകള്‍ പ്രയോഗിച്ചവര്‍ക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഇരിക്കപ്പൊറുതിയില്ലാതായത് സ്വന്തം മുന്നണിയിലെ ചില കൂട്ടയടി കണ്ടാണ്. മിഷന്‍ 400 എന്ന വമ്പന്‍ പ്രഖ്യാപനവുമായി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ എന്‍ഡിഎ മുന്നോട്ട് നീങ്ങുകയും ഓപ്പറേഷന്‍ താമരയിലൂടെ പല കോണ്‍ഗ്രസ് നേതാക്കളേയും മുന്നണിയുടേയും ബിജെപിയുടേയും ഭാഗമാക്കുകയും ചെയ്തത് ലോക്‌സഭാ തിരഞ്ഞെടുപ്പിലെങ്ങനേയും ജയിച്ച് അധികാരത്തില്‍ വീണ്ടുമെത്താന്‍ വേണ്ടിയാണ്. എന്നാല്‍ സ്വന്തം മുന്നണിയിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് ഇന്ത്യ മുന്നണിയിലും പ്രതിപക്ഷ പാര്‍ട്ടികളിലും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ച് ഓപ്പറേഷന് ഇറങ്ങിയ താമര ബിഹാറില്‍ തളരുകയാണ്. എന്‍ഡിഎയിലുണ്ടായ പ്രശ്‌നങ്ങളും സീറ്റ് ഷെയറിംഗിലെ മുമ്പില്ലാത്ത വിധമുള്ള തമ്മില്‍ തല്ലും ഒരു കേന്ദ്രമന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചതോടെ മിഷണ്‍ 400ന് ഇറങ്ങിയിരിക്കുന്ന മോദിക്കും സംഘത്തിനും ക്ഷീണമായി.

കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ കുതിരക്കച്ചവടവും കാലുവാരലുമെല്ലാം കണ്ട ബിഹാറിലെ മണ്ണില്‍ തന്നെയാണ് ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും തിരിച്ചടി നേരിട്ടത്. രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി നേതാവ് പശുപതി കുമാര്‍ പരസ് നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചതോടെ ബിജെപിയ്ക്കത് ക്ഷീണമായി. ബിഹാറില്‍ സീറ്റ് വിഭജന ചര്‍ച്ചയിലെ തര്‍ക്കവും എന്‍ഡിഎയിലേക്കുള്ള മറ്റു ചിലരുടെ കടന്നുവരവുമാണ് പൊട്ടിത്തെറിയിലേക്കും രാജിയിലേക്കും കാര്യങ്ങള്‍ നയിച്ചത്. തന്റെ പാര്‍ട്ടിയ്ക്ക് ഒരു സീറ്റ് പോലും നല്‍കാതെ താന്‍ പിളര്‍ത്തിപ്പോന്ന എല്‍ജെപിയ്ക്ക് അഞ്ച് സീറ്റ് നല്‍കി അനന്തരവന്‍ ചിരാഗ് പസ്വാനെ എന്‍ഡിഎ ഒപ്പം നിര്‍ത്തിയതാണ് പരസിനെ ചൊടിപ്പിച്ചതും രാജിയിലേക്ക് നയിച്ചതും.

മുന്‍മന്ത്രി രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് പിളര്‍ന്ന് രണ്ടായത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാം വിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാന്റെ പാര്‍ട്ടിയ്ക്ക് എല്‍ജെപി രാംവിലാസ് എന്ന പേരും രാം വിലാസ് പസ്വാന്റെ സഹോദരനായ പശുപതി പരസിന്റെ പാര്‍ട്ടിക്ക് രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി എന്ന പേരും അനുവദിച്ചു. അതിന് ശേഷം അനന്തരവനും അമ്മാവനും തമ്മിലുള്ള പോര് രാഷ്ട്രീയ ചേരികളില്‍ ശക്തമായിരുന്നു.

സംസ്ഥാനത്തെ 40 ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപി 17 സീറ്റുകളിലും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് 16 സീറ്റുകളിലും ലോക് ജനശക്തി പാര്‍ട്ടി റാംവിലാസ് 5 സീറ്റുകളിലും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച 1 സീറ്റിലും രാഷ്ട്രീയ ലോക് മഞ്ച് 1 സീറ്റിലും മല്‍സരിക്കാം എന്നിങ്ങനെ സീറ്റു വിഭജനം പൂര്‍ത്തിയായതോടെയാണ് മുന്നണിയില്‍ നിന്ന് പരാസ് പുറത്തേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. അഞ്ച് എംപിമാരുണ്ടായിരുന്ന തന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് നല്‍കാത്തതിലെ പ്രതിഷേധം മന്ത്രിസ്ഥാനം രാജിവെച്ച് പരാസ് തീര്‍ത്തപ്പോള്‍ എന്‍ഡിഎ ക്യാമ്പിലത് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിളര്‍പ്പിന് മുമ്പാണ് ലോക്ജനശക്തി പാര്‍ട്ടി തിരഞ്ഞെടുപ്പ് നേരിട്ടത്. അന്ന് കിട്ടിയ ആറു സീറ്റിലും വിജയിച്ചിരുന്നു. രാം വിലാസ് പസ്വാന്റെ മരണത്തിന് പിന്നാലെ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അഞ്ച് എംപിമാരും പശുപതി പരസിന്റെ പാര്‍ട്ടി ചേരിയില്‍ നില്‍ക്കുകയായിരുന്നു. പക്ഷേ തിരഞ്ഞെടുപ്പ് അടുത്തതോടെ ചിരാഗ് ചേരിക്കാണ് മുന്‍തൂക്കമെന്ന് കണ്ടാണ് ബിജെപി അപ്പുറത്തേക്ക് ചാഞ്ഞത്. ബിഹാറിലെ ആറ് ശതമാനത്തോളം വരുന്ന പസ്വാന്‍ സമുദായ വോട്ടില്‍ കണ്ണുവെയ്ക്കുന്ന എന്‍ഡിഎ അത് ചിരാഗ് പസ്വാന്റെ പാര്‍ട്ടിയ്ക്കാണ് കിട്ടുക എന്ന് കണ്ടതോടെയാണ് ഒപ്പം ഇത്രയും നാള്‍ നിന്ന പശുപതി പരാസിനെ തഴഞ്ഞത്.

പരാസ് ഇന്ത്യ മുന്നണിയ്‌ക്കൊപ്പം ചേര്‍ന്നാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസഭയില്‍ നിന്നുണ്ടായ രാജി ബിജെപിയേയും എന്‍ഡിയേയും കനത്ത ക്ഷീണത്തിലാക്കി കഴിഞ്ഞു. ഇന്ത്യ മുന്നണിയ്‌ക്കൊപ്പമുണ്ടായിരുന്ന നിതീഷ് കുമാര്‍ മുന്നണിയും വിട്ട് സഖ്യത്തില്‍ നിന്നും കാലുമാറി ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി പുതിയ കാലുമാറ്റ ചരിത്രം തന്നെ തീര്‍ത്തതില്‍ പിന്നെയാണ് ബിഹാറില്‍ നിന്ന് ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും ഇത്തരത്തിലൊരു തിരിച്ചടി കിട്ടിയതെന്നതും ശ്രദ്ധേയമാണ്. നിതീഷ് കുമാര്‍ തഴച്ചു വളര്‍ന്നു നിന്ന സംസ്ഥാനത്ത് ജെഡിയുവിനെ വിഴുങ്ങി ബിജെപി ആദ്യ സ്ഥാനക്കാരനായി എന്ന് തെളിയിക്കുന്നുണ്ട് 17 സീറ്റില്‍ ബിഹാറില്‍ ബിജെപി മല്‍സരിക്കുമെന്നുള്ളത്.

പരാസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച ദിവസം തന്നെ ഗുജറാത്തില്‍ ് മോദിയുടെ വഡോദരയില്‍ ഒരു ബിജെപി എംഎല്‍എ രാജിവെച്ചത് ബിജെപിയെ വീണ്ടും അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. പാര്‍ട്ടിയ്ക്കുള്ളില്‍ പലയിടങ്ങളിലും അസ്വസ്ഥത പുകയുന്നതും മോദി- ഷാ അപ്രമാദിത്യത്തിനെതിരെ ബിജെപി കരുത്താര്‍ജ്ജിച്ച സംസ്ഥാനങ്ങളില്‍ പ്രാദേശിക നേതാക്കള്‍ക്കുള്ള വികാരവും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ വിചാരിച്ചത്ര ബിജെപിയ്ക്ക് ഈസിയാവില്ലെന്ന് വെളിവാക്കുന്നുണ്ട്. യുപിയില്‍ യോഗി ആദിത്യനാഥും മധ്യപ്രദേശിലും രാജസ്ഥാനിലും മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്ന ശിവ് രാജ് സിംഗ് ചൗഹാനും വസുന്ധര രാജെ സിന്ധ്യയുമെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ നേരിടേണ്ടി വന്ന അപമാനത്തിന് മറുപടി കൊടുക്കാന്‍ മടിക്കില്ലെന്ന പേടിയും കേന്ദ്രനേതൃത്വത്തിനുണ്ട്. അതാണ് തെക്ക് കൂടുതല്‍ സീറ്റ് ഉറപ്പിക്കാനുള്ള മോദിയുടെ വ്യഗ്രതയ്ക്ക് പിന്നില്‍.