പാലക്കാട് ഇടത് കാറ്റ് തിരിച്ചെത്തിക്കാന്‍ വീണ്ടും വിജയരാഘവന്‍

പാലക്കാടിന്റെ ഇടത് ചൂര് വര്‍ഷങ്ങള്‍ മുമ്പേ തന്നേ വെളിവാക്കപ്പെട്ടതാണ്. വിഭാഗീയതയുടെ ചൂളയില്‍ സിപിഎം നീറുമ്പോഴും പാര്‍ട്ടിയെ കൈവിടാത്ത മണ്ണ് കഴിഞ്ഞ കുറി രാഹുല്‍ ഗാന്ധി തരംഗത്തില്‍ യുഡിഎഫിനൊപ്പം നിന്നെങ്കിലും മറ്റ് പല മണ്ഡലങ്ങളിലും നേടിയ ഭൂരിപക്ഷം പാലക്കാട് കോണ്‍ഗ്രസിന് കിട്ടിയില്ല. ഇടത് കോട്ടയായ പാലക്കാട് 2019ല്‍ കോണ്‍ഗ്രസ് വിജയത്തിനാക്കം കൂട്ടിയത് പട്ടാമ്പിയിലും മണ്ണാര്‍ക്കാട്ടും കോണ്‍ഗ്രസിന് കിട്ടിയ വന്‍ ലീഡാണ്. അതു കൊണ്ടാണ് മൂന്നാം അങ്കത്തിനിറങ്ങിയ എംബി രാജേഷിനെ 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ വികെ ശ്രീകണ്ഡന്‍ തോല്‍പ്പിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി ഇടതിനൊപ്പം നിന്നതും മണ്ണാര്‍ക്കാട് മുസ്ലീം ലീഗിന്റെ ഭൂരിപക്ഷം 6000ന് താഴെയായതും ഇടതു കോട്ട തിരിച്ചെടുക്കാന്‍ എ വിജയരാഘവന് കഴിയുമെന്ന പ്രതീക്ഷ സിപിഎമ്മിന് നല്‍കുന്നുണ്ട്. കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ എ വിജയരാഘവനെ ഇറക്കിയത് പലതും മുന്നില്‍ കണ്ടാണ്. മുമ്പും കോണ്‍ഗ്രസില്‍ നിന്ന് കൈവിട്ട മണ്ഡലം പിടിച്ചെടുക്കാന്‍ പാര്‍ട്ടി വിജയരാഘവനെ പാലക്കാട് ഇറക്കിയിരുന്നു.

ഒരിക്കലും കിട്ടില്ലെന്ന് കരുതിയ ഇടത്ത് നിന്ന് ഏവരെയും ഞെട്ടിച്ചാണ് വയനാടെത്തിയ രാഹുല്‍ ഗാന്ധി തരംഗത്തില്‍ കോണ്‍ഗ്രസ് പാലക്കാട് ലോക്സഭാ മണ്ഡലം പിടിച്ചെടുത്തത്. നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് സിറ്റിംഗ് എംപി വികെ ശ്രീകണ്ഠനെ തന്നെയാണ് ഇറക്കിയിരിക്കുന്നത്. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം കടുത്ത പോരാട്ടം പാലക്കാട് ബിജെപി കാഴ്ച വെച്ചത് ഇടതിനേയും യുഡിഎഫിനേയും ഞെട്ടിച്ചിരുന്നു. ഇടത് കോട്ടയില്‍ സിപിഎമ്മിനെ മൂന്നാം സ്ഥാനത്താക്കി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഇ ശ്രീധരന്‍ രണ്ടാം സ്ഥാനമെത്തിയത് ഇന്നും എല്‍ഡിഎഫിനേയും യുഡിഎഫിനേയും ചിന്തിപ്പിക്കുന്നുണ്ട്. പാലക്കാട് നഗരസഭ ഭരിക്കുന്നതിന്റെ ആത്മവിശ്വാസവും ബിജെപിയ്ക്കുണ്ട്. പ്രധാനമന്ത്രിയുടെ റോഡ് ഷോ അടക്കം പാലക്കാട് ബിജെപി ആത്മവിശ്വാസം തെളിഞ്ഞു കാണുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെ ഇറക്കി പരമാവധി വോട്ട് പിടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിന്റെ വടകരയിലെ സ്ഥാനാര്‍ഥിത്വവും പാലക്കാട് സജീവ ചര്‍ച്ചയാണ്. എന്തായാലും കാലങ്ങളായി കൈവശമുണ്ടായിരുന്ന മണ്ഡലം തിരിച്ചു പിടിക്കാനാണ് പോളിറ്റ് ബ്യൂറോ അംഗത്തെ ഇറക്കി സിപിഎം കരുത്തുകാട്ടാന്‍ ശ്രമിക്കുന്നത്. പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോക്സഭാ മണ്ഡലം. ഇതില്‍ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ ഷൊര്‍ണൂരും കോങ്ങാടും കഴിഞ്ഞ കുറി ആടിയതാണ് സിപിഎം വോട്ട് ബാങ്കില്‍ ഇളക്കമുണ്ടാക്കിയത്. യുഡിഎഫിന് സ്വാധീനമുള്ള പട്ടാമ്പിയും മണ്ണാര്‍ക്കാടും ഒന്നിച്ച് ഒരുപോലെ യുഡിഎഫ് തരംഗത്തില്‍ വീണപ്പോള്‍ എംബി രാജേഷിന് അടിപതറി. വികെ ശ്രീകണ്ഠന്റെ ലീഡ് ഉയര്‍ത്തിയ മണ്ഡലങ്ങള്‍ ഇത് രണ്ടുമാണ്. ഇവിടെ തിരിച്ചെത്താന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കഴിഞ്ഞതാണ് ഇടത് പ്രതീക്ഷ കൂട്ടുന്നത്.

പട്ടാമ്പിയില്‍ ഇപ്പോള്‍ സിപിഐയുടെ എംഎല്‍എയാണ്. 2016ലും 21ലും മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പിയില്‍ ജയിച്ചു കയറിയിരുന്നു. ഇതില്‍ 2021ല്‍ ഇടതുപക്ഷത്തിന് നന്നായി മുന്നേറാന്‍ കഴിഞ്ഞതിന്റെ പ്രതീക്ഷ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നുണ്ട്. മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് നേതാവ് അഡ്വ. എന്‍ ഷംസുദ്ധീന്‍ നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷം 5870 ആയി കുറയ്ക്കാന്‍ സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിന് കഴിഞ്ഞത് മണ്ഡലത്തിലെ ഇടത് ചായ്‌വ് തിരിച്ചെത്തിയതിന്റെ സൂചനയാണ്.

മണ്ഡലത്തിന്റെ ചരിത്രമെടുത്താല്‍ 1957ല്‍ പി കുഞ്ഞനിലൂടെ തുടങ്ങിയതാണ് ഇടത് പടയോട്ടം. 67ല്‍ ഇകെ നായനാറും 71ല്‍ എകെജിയുമെല്ലാം പാലക്കാട് നിന്ന് പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. 77ല്‍ സുന്നാ സാഹിബിലൂടെ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചു. പിന്നീട് വി എസ് വിജയരാഘവനിലൂടെ 80ലും 84ലും കോണ്‍ഗ്രസ് മണ്ഡലം ഉറപ്പിച്ചു. അന്ന് എ വിജയരാഘവനെ ഇറക്കിയാണ് 89ല്‍ സിപിഎം മണ്ഡലം തിരിച്ചു പിടിച്ചത്. പക്ഷേ 91ല്‍ വി എസ് വിജയരാഘവന്‍ വീണ്ടും മണ്ഡലം കോണ്‍ഗ്രസിന് പിടിച്ചു നല്‍കി. പക്ഷേ പിന്നീട് 96 മുതല്‍ ഇങ്ങോട്ട് ഇടത് കോട്ട മാത്രമായിരുന്നു പാലക്കാട്. എന്‍എന്‍ കൃഷ്ണ ദാസ് പിടിച്ച മണ്ഡലത്തില്‍ 2004 വരെ കൃഷ്ണദാസ് തന്നെ കാത്തു. 2009ലും 2019ലും എംബി രാജേഷ് പാലക്കാട് സിപിഎമ്മിന്റെ ചെങ്കോട്ട തന്നെയാക്കി നിര്‍ത്തി. പക്ഷേ ഹാട്രിക് അടിക്കാന്‍ 2019ലെ യുഡിഎഫ് തരംഗത്തില്‍ എംബി രാജേഷിനായില്ല.

2019ല്‍ പക്ഷേ പാലക്കാട് വിഭാഗീയ ചര്‍ച്ചകളും പാലം വലിയുമെല്ലാം സിപിഎമ്മിനുള്ളില്‍ ചര്‍ച്ചയ്ക്ക് വകയൊരുക്കി. പികെ ശശിയും പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങളുമെല്ലാം വോട്ട് ചോര്‍ച്ചയ്ക്കിടയാക്കിയെന്ന തരത്തില്‍ പാര്‍ട്ടിക്കുള്ളിലും അണികള്‍ക്ക് ഇടയിലും ചര്‍ച്ച നടന്നിരുന്നു. ഇക്കുറി ഇതെല്ലാം ഒതുക്കി പാര്‍ട്ടി രണ്ടും കല്‍പ്പിച്ചാണ് എ വിജയരാഘവ് പിന്നില്‍ അണിനിരന്നിരിക്കുന്നത്. വിജയത്തില്‍ കുറഞ്ഞു മറ്റൊന്നും സിപിഎമ്മിന് മുന്നിലില്ല. ബിജെപിയ്ക്ക് ബദല്‍ തങ്ങളെന്ന് പറഞ്ഞുള് പ്രചാരണത്തിനാണ് ഇടതുപക്ഷം മുന്‍തൂക്കം നല്‍കുന്നത്. അതിനിടയില്‍ എസ്ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞതോടെ ഇതൊന്നും തങ്ങളെ ഏശില്ലെന്നാണ് ഇടതുപക്ഷം പറയുന്നത്. മണ്ഡലത്തില്‍ 30%ളം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പമാക്കാന്‍ ബിജെപിയ്ക്ക് ബദല്‍ ഇടതെന്ന പ്രചാരണം ശക്തമാക്കിയാണ് വിജരാഘവന്റെ പ്രചാരണം. ജനകീയ എംപി എന്ന മുഖമാണ് വി കെ ശ്രീകണ്ഠന് പ്രതീക്ഷ നല്‍കുന്നത്. ഷാഫി പറമ്പിലിന്റെ അഭാവം തിരിച്ചടിയാണെങ്കിലും സാധാരണക്കാരുടെ എംപിയെന്ന മുഖം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് കണക്കു കൂട്ടുന്നു. ബിജെപി തങ്ങളുടെ മോദി ഗ്യാരന്റിയില്‍ ഊന്നിയാണ് സി കൃഷ്ണകുമാറിനായി വോട്ട് തേടുന്നത്. എന്തായാലും ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ ഇടത് കോട്ട തിരിച്ചുപിടിക്കല്‍ സിപിഎമ്മിന് സാധ്യമാണെന്ന വിലയിരുത്തലുകളുണ്ട്. ഒപ്പം രാഹുലിന്റെ ആരവത്തില്‍ വികെ ശ്രീകണ്ഠന് ഒരിക്കല്‍ അവസരം നല്‍കിയ പാലക്കാട്ടുകാര്‍ വീണ്ടും അവസരം നല്‍കുമോയെന്ന ചോദ്യവും.