കെപിസിസി കസേരയ്ക്ക് വേണ്ടി കയ്യുംമെയ്യും മറന്ന് പോരാടുന്ന കേരള ഘടകം ഹൈക്കമാന്‍ഡിന് വരെ തലവേദനയായി കഴിഞ്ഞിട്ടുണ്ട്. നിലവിലെ കെപിസിസി അധ്യക്ഷനെ ഡല്‍ഹിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിട്ടും കേരളത്തിലെ പോര് ചെറുതായി പോലും അയഞ്ഞിട്ടില്ല. ക്രൈസ്തവ വോട്ട് ബാങ്ക് ബിജെപി കൊത്തിക്കൊണ്ടുപോകുമെന്ന പേടിയില്‍ സഭാനേതൃത്വം മുന്നോട്ട് വെയ്ക്കുന്ന പേരുകളില്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദത്താല്‍ വീഴുമോയെന്ന ചര്‍ച്ചയും മുറയ്ക്ക് ന
ടക്കുന്നുണ്ട്. ഫോട്ടോ കണ്ടാല്‍ പ്രവര്‍ത്തകരെങ്കിലും തിരിച്ചറിയുന്ന ഒരാള്‍ വേണ്ടേ തലപ്പത്തെന്ന ചോദ്യവുമായി കെ മുരളീധരന്‍ തുടക്കത്തില്‍ തന്നെ കത്തോലിക്ക സഭയുടെ നിര്‍ദേശങ്ങള്‍ക്ക് വശപ്പെടരുതെന്ന താക്കീത് നല്‍കി കഴിഞ്ഞു.
ആര് വിചാരിച്ചാലും എന്നെ തൊടാനാകില്ലെന്ന് പറഞ്ഞും കസേര ഒഴിയില്ലെന്ന് കണ്ണൂര്‍ ശൈലിയില്‍ കെ സുധാകരനും വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്ന് പറഞ്ഞു രോഗിയാക്കി മൂലയ്ക്കിരുത്താന്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞു കെ സുധാകരന്‍ പാര്‍ട്ടിയ്ക്കുള്ളിലെ തമ്മിലടി പരസ്യമായി പറഞ്ഞിട്ടുണ്ട്.
തനിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും പറഞ്ഞ സുധാകരന്‍ ഗ്രൂപ്പ് ചര്‍ച്ചയുടെ കാര്യം പറഞ്ഞു ആന്റോ ആന്റണിയെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സഭാ നിര്‍ദേശത്തില്‍ വന്ന ആന്റോ ആന്റണിയും സണ്ണി ജോസഫും കോണ്‍ഗ്രസ് ഗ്രൂപ്പ് ചര്‍ച്ചകളില്‍ പ്രതീക്ഷവെയ്ക്കുന്നുണ്ടാവാം. എന്തായാലും സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത കൊല്ലം ഉണ്ടാവുമെന്ന് ഇരിക്കെ കോണ്‍ഗ്രസ് പ്രതീക്ഷവെയ്ക്കുന്ന കേരളത്തില്‍ നേതൃമാറ്റം വേണമെന്ന് തന്നെയാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നത്. കേരളത്തിന്റെ സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിലും നേതൃമാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
തന്റെ കസേരയ്ക്ക് വേണ്ടി പലകോണില്‍ നിന്ന് ആവശ്യക്കാര്‍ എത്തിയതോടെ കാര്യങ്ങളില്‍ ഇടങ്ങേറ് ഉണ്ടാകാതിരിക്കാന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാര്യം അത്ര പന്തിയല്ലെന്ന നിലയിലാണ് കെ എസ് തിരിച്ചു കണ്ണൂര്‍ക്ക് വണ്ടി കയറിയതെന്നും തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരുന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള സുധാകരനേക്കാള്‍ പുതിയൊരു നേതൃത്വം വരണമെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചത് എന്നുമാണ് സൂചനകള്‍. ബിജെപിയോട് കേരളത്തിലെ കത്തോലിക്ക സഭയ്ക്കുള്ള മൃദുസമീപനം പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കാതിരിക്കാന്‍ ആന്റോ ആന്റണിയുടേയും സണ്ണി ജോസഫിന്റെയും പേരുകള്‍ ഉയര്‍ന്നു വന്നതില്‍ ഹൈക്കമാന്‍ഡിനും എതിരഭിപ്രായം ഇല്ലെന്നാണ് സൂചന. എ കെ ആന്റണി സജീവ നേതൃത്വത്തില്‍നിന്ന് പിന്മാറുകയും ഉമ്മന്‍ ചാണ്ടി അന്തരിക്കുകയും ചെയ്തതിനുശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് മുന്‍നിര നേതാക്കളില്ലെന്നത് പോരായ്മയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പക്ഷേ അപ്പോഴേക്കും കെ മുരളീധരന്‍ കൃത്യമായി ഒരു കാര്യം പറഞ്ഞുവെച്ചു. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഫോട്ടോ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ആളായിരിക്കണം കെ പി സി സി പ്രസിഡന്റ് ആകേണ്ടതെന്നാണ് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ പറഞ്ഞത്. നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പിന്തുണച്ച് കെ മുരളീധരന്‍ രംഗത്തെത്തുകയും ചെയ്തു. കെ സുധാകരന്‍ മാറണമെന്ന് തങ്ങള്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ മാറ്റം നല്ലതല്ലെന്നാണ് അഭിപ്രായമെന്നും കെ മുരളീധരന്‍ പറയുന്നു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും ഹൈക്കമാന്‍ഡിനേക്കാള്‍ വലിയ കമാന്‍ഡില്ലെന്നുമാണ് പറയേണ്ടതെല്ലാം പറഞ്ഞിട്ട് കെ മുരളീധരന്‍ വ്യക്തമാക്കിയത്.
എന്നാല്‍ മുരളീധരന്റെ അതേ അഭിപ്രായം പാര്‍ട്ടിയ്ക്കുള്ളിലെ പലര്‍ക്കും ഉണ്ടെന്നതിന്റെ തെളിവായി സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ ചില പോസ്റ്ററുകളും പുറത്തുവന്നിട്ടുണ്ട്. ഫോട്ടോ കണ്ടാല്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണി ജോസഫുമല്ല കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കേണ്ടത് എന്ന് പറഞ്ഞാണ് പോസ്റ്ററുകള്‍. ആലുവയിലും പരിസര പ്രദേശങ്ങളിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വലിയ പേപ്പറില്‍ കൈകൊണ്ട് എഴുതിയ രീതിയിലാണ് ‘സേവ് കോണ്‍ഗ്രസി’ന്റെ പേരിലുള്ള പോസ്റ്ററുകള്‍.
കോണ്‍ഗ്രസിനുള്ളിലെ മുറുമുറുപ്പ് സേവ് കോണ്‍ഗ്രസിലോടെ പുറത്തുവരുമ്പോള്‍ അധ്യക്ഷ സ്ഥാനത്തിലേക്ക് മാത്രമല്ല ഇനി തിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി കസേരയുടെ പേരിലുണ്ടാവുന്ന പൊല്ലാപ്പ് എന്താവുമെന്നാണ് സാധാരണ കോണ്‍ഗ്രസ് അണികളുടെ ചിന്ത. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ കസേരകളിയുടെ ഭാഗമായി അടിതുടങ്ങുകയും കാലുവലിച്ചു പാര്‍ട്ടിയെ പടുകുഴിയില്‍ തള്ളുകയും ചെയ്യുമോയെന്ന പേടി സാധാരണ പ്രവര്‍ത്തകര്‍ക്കും ഉണ്ട്. ഗ്രൂപ്പുകളിയും കാലുവാരലും കസേരതര്‍ക്കവും പിണക്കവും ഒന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുത്തരിയല്ലാത്തതിനാല്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണണം. സുധാകരന്‍ വീഴുമോ, ആന്റോ ആന്റണി വരുമോ, പുത്തന്‍ കാലത്തിന്റെ യുവപ്രതിഭകള്‍ക്ക് ഒരവസരം കൊടുക്കുമോയെന്നെല്ലാം ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിലറിയാം. എന്തായാലും വരുംദിവസങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഷോഓഫ് തന്നെയാവും എന്ന കാര്യത്തില്‍ സംശയമില്ല.