പരാതി പറഞ്ഞെത്തിയ സ്ത്രീകളെ അപമാനിച്ചും സൈബര്‍ ഇടത്തില്‍ വളഞ്ഞിട്ടാക്രമിച്ചും ഭീഷണിപ്പെടുത്തിയും തന്റെ പീഡനപരമ്പരയുടെ പലയേടുകളും പുറത്തുവരാതെ കാത്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒടുവില്‍ നിവര്‍ത്തിയില്ലാതെ കോണ്‍ഗ്രസ് പിടിച്ചു പുറത്താക്കിയിരിക്കുകയാണ്. കോടതിയ്ക്ക് മുന്നില്‍ മുന്‍കൂര്‍ ജാമ്യമെന്ന അവസാന പിടിവള്ളിയില്‍ തൂങ്ങിയാടിയിട്ടും വിശദമായ വാദം കേട്ട കോടതി മുന്‍കൂര്‍ ജാമ്യമില്ലെന്ന് വിധിച്ചതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ വിവരം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പരാതിയെവിടെ എന്ന ചോദ്യത്തിലൂന്നി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടും എംഎല്‍എ സ്ഥാനത്ത് വിരാജിച്ച മാങ്കൂട്ടത്തിലിന് പക്ഷേ പരാതി പുറത്തെത്തിയപ്പോള്‍ ഒളിവില്‍ പോകേണ്ടി വന്നു. അടച്ചമുറിയിലെ വാദത്തിനുള്ള ആവശ്യം മുതല്‍ പലവിധ തൊടുന്യായങ്ങള്‍ നിരത്തിയിട്ടും വിശദമായി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടത്തിയിട്ടും അറസ്റ്റ് തടയാനാവില്ലെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തീര്‍പ്പുകല്‍പ്പിച്ചു.
പരാതി ഇല്ലല്ലോ Who cares എന്ന് ചോദിച്ചു നടന്ന പാലക്കാട് എംഎല്‍എ പരാതിക്കാരെ എങ്ങനെയാണ് ഭീഷണിപ്പെടുത്തിയും ആത്മഹത്യ ഭീഷണി മുഴക്കിയും തടഞ്ഞുനിര്‍ത്തിയതെന്നും എങ്ങനെയാണ് മെന്റല്‍ ടോര്‍ച്ചറിലൂടെ ഗര്‍ഭച്ഛിദ്രം നടത്തിച്ചതെന്നുമെല്ലാം എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത് പുറത്ത് വരുമ്പോള്‍ മൂക്കത്ത് വിരല്‍വെയ്ക്കാത്തവര്‍ ചുരുക്കമാണ്. ആത്മഹത്യ ഭീഷണി ഉയര്‍ത്തി പെണ്‍കുട്ടിയെ കൊണ്ട് രാഹുല്‍ അബോര്‍ഷന് നിര്‍ബന്ധിക്കുകയായിരുന്നെന്നും യുവതിയുടെ ഫ്‌ലാറ്റിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയെന്നും ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നുമെല്ലാം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗവും പ്രോസിക്യൂഷനും കാണിച്ച ഡിജിറ്റല്‍ തെളിവുകളും ചാറ്റുമെല്ലാം കണ്ടതിന് ശേഷമാണ് കോടതി എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം കൊടുക്കാനാവില്ലെന്ന് വിധിച്ചത്. രണ്ടാമത്തെ പരാതിയും അതിലിട്ട എഫ്‌ഐആറും 23 വയസുകാരിയായ ബെംഗലൂരുവിലെ അതിജീവിതയുമെല്ലാം കോടതിയില്‍ ചര്‍ച്ചയായതോടെ ഒരു ‘സീരിയല്‍ പ്രിഡേറ്ററിനെ’ നിയമത്തിലെ സ്വാഭാവിക നീതിയുടെ പേരില്‍ പോലും ഇളവ് നല്‍കാനാവില്ലെന്ന തീരുമാനമാണ് കോടതിയില്‍ നിന്നുണ്ടായത്.
വിധി കാത്തിരുന്നത് പോലെ മുന്‍കൂര്‍ ജാമ്യമില്ലെന്ന് ഉത്തരവ് വന്നതോടെ കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റിന്റെ കുറിപ്പ് മാധ്യമ ഓഫീസുകളിലെത്തി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി വന്നത് മുതല്‍ കടുത്ത നിലപാട് സ്വീകരിച്ച, രാഹുലിന്റെ സൈബര്‍ വെട്ടുകിളി കൂട്ടത്തിന്റെ ആക്രമണത്തിന് മുന്നിലും നിലപാട് മാറ്റാതിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും കെ മുരളീധരനുമെല്ലാം തങ്ങളുടെ നിലപാട് ശരിയെന്ന ബോധ്യത്തിലുറച്ച് വീണ്ടും പാര്‍ട്ടിയെ പ്രതിരോധിച്ച് രംഗത്ത് വന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ വി ഡി സതീശന്‍ തങ്ങള്‍ പാര്‍ട്ടി കമ്മീഷനെ വെച്ച് അന്വേഷണം നടത്തി പ്രതികളെ രക്ഷിക്കുന്ന നിലപാടല്ല സ്വീകരിക്കാറെന്ന് സിപിഎമ്മിനെ ലക്ഷ്യമിട്ട് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനത്തിന്റെ രാജി പാര്‍ട്ടിയല്ല തീരുമാനിക്കുന്നതെന്നും അതിനി സ്വയം ചെയ്യേണ്ടതാണെന്നും പറഞ്ഞു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മിതത്വം പാലിച്ചപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ എംഎല്‍എയുടെ കാര്യത്തില്‍ ഇനി സ്പീക്കറാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് കെ മുരളീധരന്‍ പറഞ്ഞു. കെ മുരളീധരന്റെ പ്രതികരണത്തിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം അദ്ദേഹം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയെ കുറിച്ച് പറഞ്ഞതാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ചാപ്റ്റര്‍ ക്ലോസ്ഡ്, ധാര്‍മികതയുണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ഞാന്‍ പറയില്ല കാരണം ധാര്‍മ്മികത എന്തെങ്കിലും ഉള്ള പണിയല്ലല്ലോ രാഹുല്‍ ചെയ്തത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കേരളത്തിലെ കോണ്‍ഗ്രസിലെ സംരക്ഷിച്ചിരുന്നവര്‍ പൂര്‍ണമായും കൈവിടാന്‍ തയ്യാറായത് എഐസിസി ഇടപെടല്‍ ശക്തമായത് കൊണ്ടുകൂടിയാണ്. രണ്ടാമത്തെ ബലാല്‍സംഗ പരാതി രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിക്കും ചെന്നതോടെ ഇരുവരുടേയും ഓഫീസ് വിഷയത്തെ കുറിച്ച് അന്വേഷണം തുടങ്ങി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം ദീപദാസ് മുന്‍ഷി വിഷയം ഗൗരവമുള്ളതാണെന്നും ഗുരുതര സ്വഭാവമുള്ളതാണെന്നും രാഹുലിനേയും പ്രിയങ്കയേയും അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലും വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിഷയം വലിയ ദോഷം ചെയ്യുമെന്നും ദീപദാസ് മുന്‍ഷി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിരുന്നു. പിന്നാലെ എഐസിസി രാഹുലിനെ പുറത്താക്കാനുള്ള നിലപാടെടുത്തു. രണ്ട് ബലാത്സംഗ കേസുകളിലെ പ്രതികൂടിയായ രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എ ആയി തുടരുകയാണെന്നത് ദീപദാസ് മുന്‍ഷിയുടെ കടുത്ത അതൃപ്തിക്ക് കാരണമായി. കെപിസിസി അത് പ്രഖ്യാപിക്കാനായി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി വരുന്നത് വരെ കാത്തു.
ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കുന്നത്. വാട്‌സാപ്പ് ചാറ്റുകളും പരാതിയും ആരോപണങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം നഷ്ടപ്പെട്ട രാഹുലിന് സസ്‌പെന്‍ഷനും കിട്ടി മാസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി പ്രാഥമിക അംഗത്വവും നഷ്ടമായിരിക്കുകയാണ്. ഇനി എംഎല്‍എ സ്ഥാനം കൂടിയാണ് നഷ്ടമാകാനുള്ളത്. അത് സ്വയം രാജിവയ്ക്കുമോ അതോ ഇനി സ്പീക്കര്‍ നടപടികളിലേക്ക് പാര്‍ട്ടി നീങ്ങേണ്ടിവരുമോ എന്നാണ് ഇനി അറിയേണ്ടത്. 2024 ഡിസംബര്‍ 4ന് പാലക്കാട്ടേ നവംബര്‍ 23ലെ ജയത്തിനെ തുടര്‍ന്ന് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടുത്ത ഡിസംബര്‍ 4 ആയപ്പോള്‍ പാര്‍ട്ടി പ്രാഥമിക അംഗത്വം പോലും നഷ്ടപ്പെട്ട് എംഎല്‍എ സ്ഥാനം നഷ്ടമാകാനുള്ള വഴിയിലെത്തി കഴിഞ്ഞു. ക്രൂരമായ ലൈംഗിക പീഡനവും വിവാഹ വാഗ്ദാന ചതിക്കുഴികളും തന്നെ വിശ്വസിച്ചവര്‍ക്ക് നേര്‍ക്ക് നടത്തിയ ചതിയും അധികാര പ്രയോഗവും ചൂഷണവും ഭീഷണിയും മുതലെടുപ്പും ഒടുവില്‍ പരാതി തുറന്നു പറയുന്നവരെ പുശ്ചിച്ച് who cares ചോദ്യവുമെല്ലാം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് രാജ്യത്തെ നിയമസംവിധാനം മറുപടി നല്‍കി തുടങ്ങുകയാണ്. ഇവിടുത്തെ സമൂഹം നാക്കിന്റെ ബലത്തില്‍ പിടിച്ചുനില്‍ക്കുന്ന ഒരു ‘സെക്ഷ്വല്‍ പ്രിഡേറ്ററിനെ’ എല്ലാകാലവും തിരിച്ചറിയാതെ പോകില്ലെന്ന് ഭയന്നു തന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത നടപടിയിലേക്ക് പോയത് തന്നെ.
Read more
തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയടക്കം സിപിഎമ്മിനേയും ഭരണപക്ഷത്തേയും സമ്മര്‍ദ്ദത്തിലാക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം രാഹുല്‍ മാങ്കൂട്ടത്തിലില്‍ മുങ്ങിപ്പോയതില്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ രോഷമുണ്ട്. പക്ഷേ നിലവില്‍ പാര്‍ട്ടി സ്വീകരിച്ച നടപടികള്‍ ചൂണ്ടിക്കാണിച്ച് മറ്റാരും ചെയ്യാത്ത നിലപാടെടുത്തത് പാര്‍ട്ടിയുടെ മേന്മയായി ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ട് ഇപ്പോളുണ്ടായ ‘ഡാമേജ്’ നികത്താമെന്നാണ് നേതാക്കള്‍ കരുതുന്നത്. അപ്പോഴും വിഷയം സജീവമാക്കി പാര്‍ട്ടിയ്ക്ക് പണികൊടുക്കാനെന്ന മട്ടില്‍ ഹൈക്കോടതിയിലേക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പോയി ഒളിവില്‍ തുടരാനുള്ള ശ്രമത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. വിഷയം അണയാതിരിക്കാനോ ഭരണമുന്നണിയുടെ താല്‍പര്യമനുസരിച്ച് ചര്‍ച്ച തുടരാന്‍ വേണ്ടിയോ എന്തോ രാഹുല്‍ മാങ്കൂട്ടത്തിലിനെ എട്ട് ദിവസം കഴിഞ്ഞിട്ടും കേരള പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.







