പ്രിയങ്കയ്ക്കും തെക്കന്‍ സ്‌നേഹം; പ്രിയങ്ക ഗാന്ധിയ്ക്കായി കോണ്‍ഗ്രസ് കണ്ണെറിയുന്നത് തെക്കേ ഇന്ത്യ; സ്വപ്‌നം കാണുന്നത് ഇന്ദിരയുടെ ഉയര്‍ത്തെഴുന്നേല്‍ക്കല്‍ പോലൊന്ന്

നെഹ്‌റു കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി തെക്കേ ഇന്ത്യയിലേക്ക് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ചു നാളായി പരക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്ത് തന്റെ കന്നിയങ്കത്തിന് ഇറങ്ങുമെന്ന് കോണ്‍ഗ്രസ് അകത്തളങ്ങളില്‍ നിന്നുള്ള സൂചനകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ കൂടുതല്‍ ബലത്തോടെ ആ ചര്‍ച്ചയ്ക്ക് ചൂടുപിടിയ്ക്കുന്നത് കര്‍ണാടകയിലെ കോപ്പാലോ തെലങ്കാനയിലെ ഏതെങ്കിലും സീറ്റിലോ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന സൂചനകള്‍ വരുന്നതോടെയാണ്.

ചിലപ്പോള്‍ രണ്ടിടങ്ങളിലും പ്രിയങ്ക ഗാന്ധി തന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന അഭ്യൂഹവുമുണ്ട്. തെക്കന്‍ സംസ്ഥാനങ്ങള്‍ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നെഹ്‌റു കുടുംബത്തിലെ കോണ്‍ഗ്രസ് നേതാക്കളെ നിര്‍ലോഭം പിന്തുണച്ചതിന്റെ ചരിത്രം മുന്‍ നിര്‍ത്തിയാണ് പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രവേശനം തെക്കേ ഇന്ത്യയില്‍ നിന്നുണ്ടാകുമെന്ന വാര്‍ത്ത ബലപ്പെടുന്നത്.

പണ്ട് ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസിനുള്ളിലടക്കം വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിന് ഇടയിലാണ് കര്‍ണാടകയില്‍ നിന്ന് മത്സരിച്ചത്. ഇതിന് ശേഷം ഇന്ദിരാഗാന്ധിക്ക് രാഷ്ട്രീയ പുനര്‍ജന്മമോ ഉയര്‍ത്തെഴുന്നേല്‍പ്പോ ഉണ്ടായെന്ന് നിസംശയം പറയാം. ഇപ്പോള്‍ തകര്‍ന്നു നില്‍ക്കുന്ന കോണ്‍ഗ്രസിന് പ്രിയങ്ക ഗാന്ധിയിലൂടെ ഈ ഉയര്‍ത്തെഴുന്നേല്‍പ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസുകാര്‍. നേരത്തെ 1999 ല്‍ സോണിയ ഗാന്ധിയും ബല്ലാരിയില്‍ നിന്ന് മത്സരിച്ചു ജയിച്ചിരുന്നു. അതിനാല്‍ കര്‍ണാടക തന്നെയാണ് പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കന്നിയങ്കത്തിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. അതിനാല്‍ ജനറല്‍ സെക്രട്ടറിക്ക് മത്സരിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കൊപ്പളായിരിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

പ്രാദേശിക കോണ്‍ഗ്രസ് ഘടകത്തെ അറിയിക്കാതെ എഐസിസി കര്‍ണാടകയില്‍ സര്‍വ്വേ പോലും നടത്തിയെന്നാണ് സംസാരം. കര്‍ണാടകയിലെ കോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ സര്‍വേ നടത്തിയപ്പോള്‍ ലഭിച്ച പോസിറ്റീവ് റെസ്‌പോണ്‍സും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മണ്ഡലത്തിലുള്ള സ്വാധീനവും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് കൊപ്പാളില്‍ പ്രിയങ്കയ്ക്ക് അനുകൂല സ്ഥിതി ഉണ്ടാകുമെന്ന വിശ്വാസം ഊട്ടി ഉറപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ കാരടി സംഗണ്ണയാണ് കോപ്പലിന്റെ നിലവിലെ ലോക്സഭാംഗം. കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് പദ്ധതികള്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധിക നേട്ടമായി മാറുമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വിശ്വസിക്കുന്നതിനാല്‍ കോപ്പലില്‍ വിജയിക്കാനാകുമെന്നാണ് സംസ്ഥാന ഘടകവും കരുതുന്നത്.

കര്‍ണാടകയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലകളിലൊന്നാണ് കോപ്പല്‍. കഴിഞ്ഞ ബിജെപി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനിന്നുരുന്ന ജില്ലയിലെ 8 നിയമസഭാ മണ്ഡലങ്ങളില്‍ 6 എണ്ണത്തില്‍ കോണ്‍ഗ്രസ് എളുപ്പത്തില്‍ കഴിഞ്ഞ കൊല്ലത്തെ തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയിരുന്നു. എഐസിസിയുടെ സര്‍വേയില്‍ കോപ്പല്‍ പ്രിയങ്കാ ഗാന്ധിക്ക് സുരക്ഷിത സീറ്റാകുമെന്നാണ് വെളിവായത്. പ്രിയങ്ക ഗാന്ധി കര്‍ണാടകയില്‍ നിന്ന് മത്സരിക്കുകയാണെങ്കില്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചതിന്റെ ഗുണം കേരളമെമ്പാടും 20ല്‍ 19 സീറ്റും നേടുന്നതില്‍ കോണ്‍ഗ്രസിനെ തുണച്ചത് പോലെ കര്‍ണാടകയിലും സംഭവിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

നേരത്തെ തെലങ്കാനയില്‍ മല്‍സരിക്കാന്‍ സോണിയ ഗാന്ധിയെ തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റി ക്ഷണിച്ചതും തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന് അനുകൂലമായി സ്ഥിതിഗതികള്‍ മാറുന്നതിന്റെ ഫലമായിട്ടായിരുന്നു. ഇതിന് മുമ്പും സോണിയ ഗാന്ധി ദക്ഷിണേന്ത്യയില്‍ മല്‍സരിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നാണ് സോണിയ മല്‍സരിച്ചതും ജയിച്ചതും. 1999 ലോക്സഭ തിരഞ്ഞെടുപ്പില്‍ അമേഠിയിലും ബെല്ലാരിയിലും മല്‍സരിച്ച സോണിയ രണ്ടിടത്തും ജയിച്ചിരുന്നു. അന്ന് സോണിയയ്ക്ക് പിറകേ മല്‍സരബുദ്ധിയോടേയും വിദേശ വനിത വിളികളോടെയും ബിജെപിയുടെ സുഷമ സ്വരാജും ബെല്ലാരിയില്‍ മല്‍സരിച്ചിരുന്നു. എന്നാല്‍ 56100 വോട്ടുകള്‍ക്ക് സോണിയ സുഷമയെ തോല്‍പ്പിച്ചു. ഇന്ദിരാ ഗാന്ധിയും ദക്ഷിണേന്ത്യയില്‍ നിന്ന് മല്‍സരിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ചികമംഗലൂര് നിന്ന് 1978ലെ ഉപതിരഞ്ഞെടുപ്പില്‍. ഇതിനെല്ലാം അപ്പുറത്ത് ആന്ധ്രപ്രദേശില്‍ നിന്നും വന്‍ഭൂരിപക്ഷത്തില്‍ ഇന്ദിര ജയിച്ചു കയറിയിട്ടുണ്ട്. ആന്ധ്രപ്രദേശിലെ മേടകില്‍ നിന്ന് 1980ല്‍ ഇന്ദിര മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇത് ഓര്‍മ്മിപ്പിച്ചാണ് തെലങ്കാനയിലെ കോണ്‍ഗ്രസുകാര്‍ സോണിയ ഗാന്ധിയോട് തെലങ്കാനയില്‍ നിന്ന് മല്‍സരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നത്. തെക്കേ ഇന്ത്യയിലേക്ക് നെഹ്‌റു കുടുംബം മല്‍സരിക്കാനെത്തിയപ്പോഴെല്ലാം വന്‍ഭൂരിപക്ഷത്തില്‍ തെക്കേ ഇന്ത്യക്കാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിജയിപ്പിച്ചു വിട്ടിട്ടുണ്ട്. ബിജെപിയ്‌ക്കെതിരെ ശക്തമായ പോരാട്ടത്തിന് വരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇറങ്ങാനിരിക്കവെ ഇന്ദിര പണ്ട് ഉയര്‍ത്തെഴുന്നേറ്റത് പോലൊരു മടങ്ങിവരവ് പ്രിയങ്കയിലൂടെ പ്രതീക്ഷിക്കുന്നുണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.