മഹാരാഷ്ട്ര: കലങ്ങി മറിയുന്ന രാഷ്ട്രീയവും സംവരണ പ്രക്ഷോഭ ചൂടും

മണിപ്പൂരിന് ശേഷം വീണ്ടും രാജ്യം ഒരു സംവരണ പ്രക്ഷോഭ ചൂടില്‍ ഉരുകുകയാണ്. മഹാരാഷ്ട്രയില്‍ മറാത്ത സംവരണ പ്രക്ഷോഭം ആളിപ്പടരുമ്പോള്‍ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിരത ഇല്ലായ്മയും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്. ബിജെപി – ശിവസേന ഷിന്‍ഡേ വിഭാഗം, എന്‍സിപി അജിത് പവാര്‍ വിഭാഗം ചേര്‍ന്ന കൂട്ടുകക്ഷി സര്‍ക്കാരില്‍ അയോഗ്യതയുടെ വാള്‍ തൂങ്ങി കിടക്കുന്നതും സംവരണ പ്രക്ഷോഭത്തിന്റെ നിറം മാറ്റുന്നുണ്ട്. അയോഗ്യത പ്രശ്‌നം ശിവസേന വിഭാഗത്തിലും എന്‍സിപിയിലും നിലനില്‍ക്കെ വിഷയം മന്ദഗതിയിലാക്കാന്‍ സ്പീക്കറെ ഉപയോഗിച്ച് ചരടുവലിച്ച ബിജെപിയ്ക്ക് തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ് കൂടി വന്നതോടെ ആകെ കലങ്ങി മറിയുകയാണ് മഹാരാഷ്ട്ര രാഷ്ട്രീയം.

അസംഘടിതമായ മറാത്ത സംവരണ പ്രക്ഷോഭം തെരുവില്‍ കയ്യാങ്കളിയിലേക്കും അക്രമ സംഭവങ്ങളിലേക്കും നീണ്ട തിങ്കളാഴ്ച തന്നെയായിരുന്നു ഇനി വലിച്ചിഴക്കാതെ പാര്‍ട്ടി പിളര്‍ത്തലിലെ അയോഗ്യത പ്രശ്‌നം ഉടനടി പരിഹരിക്കാന്‍ സുപ്രീം കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം കോടതിയെ സമീപിച്ചത് തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് ഭിന്നിച്ച് പുറത്തുപോയ ഷിന്‍ഡെ വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ്. തീരുമാനം സ്പീക്കറാണ് എടുക്കേണ്ടതെന്നിരിക്കെ വിഷയം വൈകിപ്പിക്കുന്ന ബിജെപി നടപടിയെ ശിവസേന ഉദ്ദവ് വിഭാഗം ചോദ്യം ചെയ്തതോടെ ഡിസംബര്‍ 31ന് അകം ശിവസേന അയോഗ്യതയില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. എന്‍സിപി പിളര്‍പ്പും അയോഗ്യതയും ജനുവരി 31 ന് ഉള്ളില്‍ തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

ഇതോടെ സര്‍ക്കാരിനുള്ളിലും പ്രതിപക്ഷമായ മഹാ വികാസ് അഘാടിയിലും ചര്‍ച്ചകള്‍ സജീവമായി. ബിജെപി കൂട്ടുമന്ത്രിസഭയിലെ മൂന്ന് പാര്‍ട്ടികള്‍ക്കിടയിലും നില്‍ക്കുന്ന അഭിപ്രായ ഭിന്നതയും തമ്മില്‍തല്ലും സംസ്ഥാനത്തെ ഭരണ സംവിധാനത്തിന്റെ താളം തെറ്റിച്ചിട്ടുണ്ട്. അതിനിടയിലാണ് കുറച്ചു നാളുകളായി ഒതുങ്ങിയിരുന്ന മറാത്ത സംവരണ പ്രക്ഷോഭം ആളിക്കത്തി തുടങ്ങിയത്.

മറാത്ത കലാപ കാലത്ത് ഉയര്‍ന്നു കേട്ട ഏക് മറാത്ത, ലാക് മറാത്ത മുദ്രാവാക്യം ഉയര്‍ത്തിയാണ് സംവരണ പ്രക്ഷോഭകര്‍ മഹാരാഷ്ട്ര തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ എന്‍സിപി മന്ത്രിയുടെ കാര്‍ തടഞ്ഞു തകര്‍ത്തും തെരുവില്‍ കല്ലേറ് നടത്തിയും വിഷയം ക്രമസമാധാന പ്രശ്‌നമായി മാറി. മന്ത്രിയും എന്‍സിപി നേതാവുമായ ഹസന്‍ മുഷ്രിഫിന്റെ കാറാണ് പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തത്. പ്രതിഷേധം കനക്കുമ്പോള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ സുരക്ഷ വര്‍ധിപ്പിച്ചും മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചും മറ്റ് മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വീടുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചുമാണ് സര്‍ക്കാര്‍ വിഷയം നേരിടുന്നത്.

മറാത്തികള്‍ ഭൂരിപക്ഷമായ മഹാരാഷ്ട്ര പ്രദേശമായ ബീഡിലെ കര്‍ഫ്യൂ തുടരുകയാണ്. നിലവിലെ പ്രതിഷേധത്തിന്റെ ആണിക്കല്ലായ ജല്‍നാ ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിട്ടുണ്ട്. സംഘര്‍ഷഭൂമിയായി മാറിയ മറാത്തവാഡ മേഖലയിലെ ജല്‍ന ജില്ലയില്‍ മനോജ് ജരാംഗേ പട്ടേല്‍ നടത്തുന്ന മറാത്ത സംവരണത്തിനായുള്ള നിരാഹാര സമരം ഷിന്‍ഡേ സര്‍ക്കാരിനെ വിറളിപിടിപ്പിക്കുന്നുണ്ട്. നിരാഹാര സമരത്തെ തുടര്‍ന്ന് ജരാംഗെയെ മാറ്റാന്‍ പൊലീസ് നടത്തിയ ഒരു ലാത്തി ചാര്‍ജാണ് മറാത്ത സംവരണ പ്രക്ഷോഭത്തെ പൊടുന്നനെ ആളികത്തിച്ചത്.

മനോജ് ജരാംഗയുടെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നോക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയുമെത്തിയതോടെ വിഷയം കൂടുതല്‍ ഗൗരവമുള്ളതായി. മറാത്ത്‌വാഡയിലെ മറാഠികളെ കുണ്‍ബി സമുദായമായി അംഗീകരിക്കണം എന്നാണ് സംവരണ പ്രക്ഷോഭകരുടെ ആവശ്യം. കുണ്‍ബി സമുദായം ഒബിസി വിഭാഗത്തില്‍പ്പെട്ടതായതിനാല്‍ ഇവിടുത്തെ മറാഠികള്‍ക്ക് ഒബിസി സംവരണം ലഭിക്കുകയും ചെയ്യുമെന്നതാണ് ഇതിന്റെ കാതല്‍. സംവരണം ആവശ്യപ്പെട്ടുള്ള മറാത്ത പ്രക്ഷോഭങ്ങള്‍ക്ക് മൂന്ന് പതിറ്റാണ്ടോളം പഴക്കമുണ്ട്. തങ്ങള്‍ മുന്നാക്ക സമുദായമല്ലെന്നും മറിച്ച് കര്‍ഷക സമുദായമായ കുണ്‍ബികളാണെന്നുമാണ് മറാഠാ പ്രതിഷേധക്കാര്‍ മൂന്ന് പതിറ്റാണ്ടുകളായി സംവരണ ആവശ്യം ഉന്നയിച്ച് പറയുന്നത്്.

മറാത്തക്കാര്‍ക്ക് സംവരണം സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചെങ്കിലും സുപ്രിംകോടതി സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന 1992ലെ മണ്ഡല്‍ കേസ് വിധി ചൂണ്ടിക്കാട്ടി് മഹാരാഷ്ട്ര സംവരണ നിയമം റദ്ദാക്കി്. പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ ആകെ സംവരണം 50 ശതമാനത്തിനു മുകളിലായി എന്ന് അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സുപ്രിംകോടതി വിധി മറികടന്നു സംവരണം നടപ്പാക്കണമെങ്കില്‍ പാര്‍ലമെന്റില്‍ പ്രത്യേക നിയമം പാസാക്കേണ്ടിവരും. മറാത്തയിലെ ഒരു വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സ്ഥിതിഗതികള്‍ ശാന്തമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. പക്ഷേ പട്ടിക വിപുലപ്പെടുത്തുന്നതിനോട് നിലവില്‍ സംവരണ ആനുകൂല്യം ലഭിക്കുന്ന ഒബിസിക്കാര്‍ എതിരാണെന്നതും അവരും പ്രതിഷേധത്തിലേക്ക് കടക്കുന്നുവെന്നതും സ്ഥിതിഗതികള്‍ വഷളാക്കുന്നു. മറാത്തകള്‍ സാമുദായികമായി പിന്നാക്കമല്ലാത്തതിനാല്‍ ഒബിസി സംവരണത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കും എന്നാണ് ഒബിസി സംഘടനകള്‍ പറയുന്നത്.

വഞ്ചിത് ബഹുജന്‍ അഘാഡി (വിബിഎ) മേധാവി പ്രകാശ് അംബേദ്കര്‍ പറയുന്ന ഒരു കാര്യമുണ്ട്. ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ ഓരോ പക്ഷത്തുമുള്ള സംസ്ഥാനം ദുര്‍ബലമായ ഒരു ചിത്രമാണ് മുന്നോട്ട് വെയ്ക്കുന്നത്. ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും അവര്‍ ഇരുകൂട്ടരും ഭിന്നിച്ചു നില്‍ക്കുകയും അതുവഴി ദുര്‍ബലരാവുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. രാഷ്ട്രീയമായി ഭരണപക്ഷമോ പ്രതിപക്ഷമോ ശക്തമല്ലാത്തപ്പോള്‍, അസംഘടിത ഗ്രൂപ്പുകള്‍ കൂടുതല്‍ ശക്തരാകുകയും വ്യവസ്ഥാപിതമായ നേതാക്കളെയും പാര്‍ട്ടികളെയും കീഴടക്കുകയും ചെയ്യും.

വിഷയം മഹാരാഷ്ട്രയില്‍ രാഷ്ട്രീയമായ പോരിനും വഴിവെച്ചിട്ടുണ്ട്. സംവരണ പ്രക്ഷോഭം നേരിടുന്നതില്‍ ബിജെപി നയിക്കുന്ന ഷിന്‍ഡെ സര്‍ക്കാര്‍ പരാജയമായെന്നാണ് പ്രതിപക്ഷമായ മഹാവികാസ് അഘാഡി നേതൃത്വം ആരോപിക്കുന്നത്. വിഷയം സര്‍ക്കാര്‍ കെടുകാര്യസ്ഥത മൂലമാണ് അക്രമസംഭവങ്ങളിലേക്ക് വഴിവെച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല പോലും കണ്ടെത്താനാകാതെ കിതയ്ക്കുകയാണ് പിളര്‍ത്തിയെടുത്ത് കൊണ്ടുവന്നവര്‍ അയോഗ്യതയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന സാഹചര്യത്തില്‍ ഏതു വിധത്തിലായിരിക്കും സംവരണ പ്രക്ഷോഭം പ്രതിഫലിക്കുക എന്ന പേടി ഭരണപക്ഷത്തിനുണ്ട്.