ലീഗ് യു.ഡി.എഫില്‍ 'ഉറച്ചു' നില്‍ക്കും, ജോസ് കെ. മാണിക്ക് മനംമാറ്റം കര്‍ണാടക വിജയത്തിന്റെ കേരളാ ഇംപാക്ട്

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനുണ്ടായ അഭൂതപൂര്‍വ്വമായ തിരഞ്ഞെടുപ്പ് വിജയം കേരളത്തിലെ ന്യൂനപക്ഷ കേന്ദ്രീകൃതമായ പാര്‍ട്ടികള്‍ക്ക് മനംമാറ്റത്തിന് കാരണമായി ഭവിക്കുകയാണോ? ഏത് സമയവും ഇടതുമുണിയിലേക്ക് പോകാന്‍ തയ്യാറെടുത്ത് നിന്നിരുന്ന മുസ്‌ളിം ലിഗ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. തത്കാലം ഇടതുമുണിയുടെ നാലയല്‍വക്കത്തേക്ക് പോലും തങ്ങളില്ലന്നാണ് കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഫലം വന്നത് മുതല് ലീഗ് പ്രഖ്യാപിക്കുന്നത്. മുസ്‌ളിം ലീഗിനെ എന്ത് വില കൊടുത്തും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഇടതുമുന്നണിയിലെത്തിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയായിരുന്നു. ആ പ്രതിജ്ഞക്ക് മേലാണ് കര്‍ണാടകത്തിലെ കോണ്ഗ്രസിന്റെ ഉജ്ജ്വല വിജയം വെള്ളം കോരിയൊഴിച്ചത്. ഇപ്പോള്‍ പിണറായിയെ അങ്ങിനെ അങ്ങ് ഉപേക്ഷിക്കാനും പറ്റില്ല, എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കൂടെ നില്‍ക്കുകയും വേണം എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ലീഗ്.

2024 ല്‍ കേന്ദ്രത്തില്‍ മൂന്നാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കിട്ടാനുള്ളത് ഒരു കേന്ദ്രമന്ത്രി സ്ഥാനമാണ് എന്നതാണ് ലീഗിനെ ഇടതുമുന്നണിയിലേക്ക് വിടാതെ പിടിച്ചു നിര്‍ത്തുന്നത്. അത് കൊണ്ടാണ് ഇ ടി മുഹമ്മദ് ബഷീറിനെപ്പോലെയുള്ളവര്‍ ഒരു കാരണവശാലും ലഗ് ഇടതു മുന്നണിയിലേക്ക് പോകരുത് എന്ന് വാദിക്കുന്നത്. ഇടതുമുന്നണിയിലേക്ക് പോയാല്‍ മുസ്‌ളിം ലീഗ് പിളരും എന്നത് കൊണ്ട് തന്നെയാണ് പി കെ കുഞ്ഞാലിക്കുട്ടി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും, കുഞ്ഞാലിക്കുട്ടിക്ക് പിണറായി സര്‍വ്വാത്മനാ പിന്തുണ നല്‍കിയിട്ടം ഇതുവരെയും ആ വഴിക്ക് ഒന്നും നടക്കാതിരുന്നത്. ഇപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയം കൂടിയായപ്പോള്‍ പിണറായി- കുഞ്ഞാലിക്കുട്ടി ദ്വന്ദത്തിന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം തത്കാലം നീങ്ങേണ്ടാ എന്ന് തന്നെയാണ് ലീഗിലെ തിരുമാനം.

അതേ സമയം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗമാകട്ടെ എന്ത് ചെയ്യണമെന്നറിയാതെ ഉഴറുകയാണ് .കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ യു ഡി എഫിലേക്ക് ക്ഷണിച്ചിരുന്നു. വയനാട്ടില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പാര്‍ട്ടി വിട്ടവരെയും, മുന്നണി വിട്ടവരെയും തിരിച്ചെത്തിക്കണമെന്ന നിലപാട്അവര്‍ കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ സുധാകരനും രമേശും മുന്നണിയിലേക്ക് ക്ഷണിച്ചത്.

ആ ക്ഷണത്തെ മന്ത്രി റോഷി അഗസ്റ്റിന്‍ തള്ളിയെങ്കിലും കേരളാ കോണ്‍ഗ്രസില്‍ ജോസ് കെ മാണിയോടൊപ്പം നില്‍ക്കുന്ന വലിയൊരു വിഭാഗത്തിന് യു ഡി എഫിലേക്ക തിരിച്ചുവന്നാല്‍ കൊള്ളാമെന്നുണ്ട്. കേരളാ കോണ്‍ഗ്രസ് ഇടതു മുന്നണിയിലെത്തിയത് കൊണ്ട് ആകെ പ്രയോജനം റോഷി അഗസ്റ്റിന് മാത്രമേ ഉണ്ടായുള്ളുവെന്നാണ് ജോസ് കെ മാണിയോടുടുത്ത് നില്‍ക്കുന്ന ചിലര്‍ കരുതുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനൊപ്പമാണ് കേരളാ കോണ്‍ഗ്രസ് എന്നത് കൊണ്ട് ഇവിടെ യു ഡി എഫിന്റെ ഭാഗമാകാന്‍ മടിക്കേണ്ടതില്ലന്നാണ് അവര്‍ പറയുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ കൈയിലിരിക്കുന്ന കോട്ടയം ലോക്‌സഭാ സീറ്റ് ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്ന ഭയം കേരളാ കോണ്‍ഗ്രസിനുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. അത് ഒഴിവാക്കാ്ന്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടപ്പിനോടടുത്ത് തന്നെ യു ഡി എഫിലെത്തണമെന്നാണ് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്.

ജോസ് കെ മാണിയെ യു ഡി എഫില്‍ നിന്ന് പുറത്ത് ചാടിച്ച ഒരു വിഭാഗമുണ്ട്. ഇപ്പോള്‍ അവര്‍ തന്നെയാണ് മാണിക്കുഞ്ഞിനെ ഇടതുമുന്നണിയില്‍ നിന്നും പുറത്ത് ചാടിക്കാന്‍ കരുക്കള്‍ നീക്കുന്നത്. അത് മറ്റാരുമല്ല പാല- കാഞ്ഞിരപ്പള്ളി- ചങ്ങനാശേരി രൂപതകള്‍ തന്നെ. 2021 ല്‍ യുഡി എഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ ജോസ് കെ മാണിയെ യു ഡി എഫില്‍ നിന്ന് പുറത്തെത്തിക്കാന്‍ എല്ലാ കരുക്കളും നീക്കിയവര്‍, പിണറായി വിജയന്‍ തങ്ങളെ തഴഞ്ഞ് മുസ്‌ളിം വിഭാഗങ്ങളെ പ്രീണിപ്പിക്കുകയാണ് എന്നാരോപിച്ചുകൊണ്ടാണ് കേരളാ കോണ്‍ഗ്രസിനെ ഇടതു മുന്നണിക്ക് പുറത്തെത്തിക്കാന്‍ ഇപ്പോള്‍ നീക്കം നടത്തുകയാണ്. പാലാ ബിഷപ്പാകട്ടെ ജോസ് കെ മാണിയെ കാണുമ്പോഴൊക്കെ ഇനി എന്തിനാണ് ഇടതു മുന്നണിയില്‍ തുടര്‍ന്ന് അപമാനിതന്‍ ആകുന്നതെന്ന് ചോദിക്കാറുണ്ടത്രെ.

ഏതായാലും കര്‍ണാടക തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. കഴഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ന്യുനപക്ഷ വോട്ടുകള്‍ സി പി എമ്മിലേക്ക് വലിയ തോതില്‍ കൂടുമാറിയിരുന്നു. അത് യു ഡി എഫിലേക്കും കോണ്‍ഗ്രസിലും തിരിച്ചുവരാനുള്ള സാഹചര്യം ഒരുങ്ങുകയാണ്. അങ്ങിനെ വന്നാല്‍ വലിയ രാഷ്ട്രീയ നഷ്ടമായിരിക്കും കേരളത്തില്‍ സി പി എമ്മിനും ഇടതുമുന്നണിക്കും ഉണ്ടാവുക.