'നിങ്ങളാണ് മാറേണ്ടത്, മറ്റുള്ളവർ നല്ലൊരു വ്യക്തിയായി രൂപപ്പെടുമ്പോൾ നിങ്ങളുടെ ജാതിചിന്ത നിങ്ങളെ നൂറ്റാണ്ടുകൾ പുറകിലേക്ക് വലിക്കുകയാണ്'

ഇന്ത്യയിൽ കഴിവ് എന്നത് ജാതി മാത്രമാണ്. വിദ്യാഭ്യാസമോ കലാ കായിക രംഗത്തെ മികവോ ഒന്നും കഴിവായി പരിഗണിക്കപ്പെടില്ല. വിദ്യാഭ്യാസത്തിൽ എത്ര ഉയർച്ച നേടിയവർ ആണെങ്കിലും ദളിതരോ പിന്നോക്കരോ ആണെങ്കിൽ അവർ കഴിവില്ലാത്തവരായി മുദ്രകുത്തപ്പെടുന്നു. നിങ്ങൾക്ക് എല്ലാം എളുപ്പമാണല്ലോ, പഠിച്ചില്ലെങ്കിലും ജയിക്കും തുടങ്ങിയ വെറുപ്പിന്റെ വാക്യങ്ങൾ നിരന്തരം കേൾക്കേണ്ടി വരും. കലാ കായിക രംഗത്ത് മികച്ച നേട്ടം കൈവരിച്ചാലും സമാന സ്ഥിതി തന്നെ. പല രീതിയിൽ കഴിവില്ലാത്തവരായി ഒന്നിനും കൊള്ളാത്തവരായി ചിത്രീകരിക്കും.

സവർണതയുടെ ഈ വെറുപ്പ് പടർത്തുന്ന പ്രവർത്തികൾ കാലങ്ങളായി തുടരുന്നവയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസം നേടിയ ഡോ. അംബേദ്കർ മുതൽ ഇങ്ങോട്ട് എല്ലാ രംഗങ്ങളിലും മികച്ച നേട്ടം കൈവരിച്ചവരും പല രീതിയിൽ ഈ ജാതി വെറുപ്പ് അനുഭവിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡോ. RLV. രാമകൃഷ്ണൻ. മോഹിനിയാട്ടത്തിൽ MA ക്ക് 1st റാങ്ക് ഉം മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റും നേടിയ പ്രതിഭയാണ് RLV രാമകൃഷ്ണൻ. മോഹിനിയാട്ടത്തിൽ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടു കൂടി കാക്കപോലെ കറുത്തവന് പറ്റിയതല്ല മോഹിനിയാട്ടമെന്നും അദ്ദേഹത്തെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നൊക്കെ വളരെ മോശമായ രീതിയിൽ അദ്ദേഹത്തെ അപമാനിക്കുകയാണ് സത്യഭാമ എന്ന കുലസ്ത്രീ.

മോഹിനിയാട്ടത്തിൽ RLV രാമകൃഷ്ണന്റെ അത്ര വിദ്യാഭ്യാസ യോഗ്യത പോലും ഇല്ലാത്ത സത്യഭാമ ക്ക് ഒരു ഉളുപ്പും മനസാക്ഷിയും ഇല്ലാതെ അദ്ദേഹത്തെ ആക്ഷേപിക്കാൻ കഴിയുന്നത് സത്യഭാമയുടെ ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ജാതിവെറി മൂലമാണ്. കറുത്തവൻ എന്നൊക്കെ നിറത്തെപ്പറ്റി മാത്രമാണ് പറയുന്നതെന്ന് പലർക്കും തോന്നുമെങ്കിലും തികഞ്ഞ ജാതിബോധം മാത്രമാണ് അതെന്നത് വ്യക്തമാണ്. ഒരു സവർണ കുലസ്ത്രീ ബോധവും ധാർഷ്ട്യവും ആ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എത്രയൊക്കെ ഉയരത്തിൽ ആണെങ്കിലും നീയൊക്കെ ഞങ്ങളെക്കാൾ താഴെയാണ് എന്ന പഴയ ജാതിവെറി പുതിയ രൂപത്തിൽ പ്രകടിപ്പിക്കുന്നു എന്ന് മാത്രം.

ക്ലാസിക്കൽ കലാരൂപങ്ങൾ എന്ന് പറയുന്ന കലകളിലേക്ക് ദളിതരോ പിന്നോക്കരോ എത്തിച്ചേരുമ്പോൾ മാത്രമാണ് ഇത്തരത്തിൽ അധിക്ഷേപങ്ങൾ വർധിക്കുന്നത്. നാടൻ കലാ രൂപങ്ങളിൽ ആടി തിമിർക്കുമ്പോൾ ഇത്തരക്കാർ തന്നെ അതിനൊക്കെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു എന്ന് വരാം. പക്ഷെ ക്ലാസിക്കൽ കലകൾ എന്ന് വിളിക്കപ്പെടുന്ന കലകളിലേക്ക് വരുമ്പോൾ സത്യഭാമയെപ്പോലുള്ളവരുടെ തനി ജാതിനിറം പുറത്തു വരും. പ്രത്യേകിച്ചും ഇവരെക്കാളും ആ കലയിൽ കഴിവും യോഗ്യതയുമുള്ള ഡോ. രാമകൃഷ്ണനെപ്പോലുള്ള വ്യക്തികൾ വരുമ്പോൾ ഇവർക്ക് സഹിക്കാവുന്നതിലും അധികമായിരിക്കും. അത് വ്യക്തിപരമായി അവർ പലയിടത്തും, പഠിപ്പിക്കുന്ന ക്ളാസുകളിലടക്കം പറഞ്ഞിട്ടുമുണ്ടാകും. നാളുകളായി തുടരുന്ന അധിക്ഷേപം യൂട്യൂബ് ചാനലിൽ വന്നപ്പോൾ എല്ലാവരും അറിഞ്ഞു എന്ന് മാത്രം.

കലാരംഗത്തെ ഇത്തരം ജാതിവെറുപ്പുകളെ ധാരാളം നേരിട്ട ഒരു വ്യക്തിയാണ് ഡോ. രാമകൃഷ്ണന്റെ ചേട്ടനായ കലാഭവൻ മണി. അതിനെയൊക്കെ മണി ചെറുത്തു നിന്നത്പോലെ ഡോ. രാമകൃഷ്ണനും ശക്തമായി ഇതിനെതിരെ പോരാടുന്നുണ്ട്. എല്ലാത്തരം ജാതി വെറുപ്പുകളെയും സവർണ സൗന്ദര്യ ബോധങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ഉയരങ്ങളിലേക്ക് അദ്ദേഹം മുന്നേറുന്നുമുണ്ട്. പക്ഷെ ഇവിടെ നീതിയുക്തമായ സമത്വമുള്ള ഒരു നാടുണ്ടാകണമെങ്കിൽ സത്യഭാമയെപ്പോലെ ജാതിവെറി കാണിക്കുന്ന വ്യക്തികളെ തിരിച്ചറിയുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

അതിനുമപ്പുറത്തേക്ക്, സവർണർ തിരുത്തപ്പെടേണ്ടതുണ്ട്. ദളിതരോ പിന്നോക്കരോ ഉയരങ്ങളിലേക്കെത്തുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ അവർക്ക് കഴിവില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ ഉള്ളിൽ കിടക്കുന്ന ആ ജാതിബോധമാണ് അതിന് കാരണം എന്ന് തിരിച്ചറിഞ്ഞേ പറ്റൂ. ഈ രാജ്യത്തിന്റെ അസമത്വത്തിനും അനീതികൾക്കും ഒരു പ്രധാന കാരണം നിങ്ങളും നിങ്ങളുടെ ജാതി ചിന്തയുമാണെന്ന് തിരിച്ചറിയണം. നിങ്ങളാണ് മാറേണ്ടത്. മറ്റുള്ളവർ നല്ലൊരു വ്യക്തിയായി രൂപപ്പെടുമ്പോൾ നിങ്ങളുടെ ജാതിചിന്ത നിങ്ങളെ നൂറ്റാണ്ടുകൾ പുറകിലേക്ക് വലിക്കുകയാണ് എന്ന് തിരിച്ചറിയുക.