ട്രമ്പിന്റേയും കൂട്ടരുടേയും വെടിനിര്‍ത്തല്‍ അവകാശവാദത്തിലെ പുകമറ!; കശ്മീര്‍ എങ്ങനെ ചര്‍ച്ചയായി? മോദി സര്‍ക്കാര്‍ മറുപടി പറയണം

ദേശസ്‌നേഹത്തിന്റെ വക്താക്കളായി ഇന്ത്യയുടെ സൈനിക നടപടിയുടെ ആഹ്ലാദമെന്ന നിലയില്‍ തിരംഗ യാത്രയുമായി മോദി സര്‍ക്കാര്‍ ഇറങ്ങുന്നത് പല ചോദ്യങ്ങളും ഉയരാതിരിക്കാന്‍ കൂടിയാണ്. ആഘോഷവും ആരവം ദേശസ്‌നേഹത്തിന്റെ പൊലിപ്പിച്ച കഥകളും സംഘപരിവാരത്തിന്റെ മതം കുത്തിപ്പൊക്കിയുള്ള അധിക്ഷേപവുമെല്ലാം പലതും മറയ്ക്കാനുള്ള വെമ്പലാണ്. രാഷ്ട്രീയമായി ഉയരുന്ന ചോദ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനവും പിന്നാലെ നിലയ്ക്കാതെയുള്ള അമേരിക്കയുടെ കശ്മീര്‍ പ്രയോഗവുമാണ്. കശ്മീര്‍ ഉഭയകക്ഷി പ്രശ്‌നമാണ്, മറ്റൊരു രാജ്യവും അഭിപ്രായം പറയാന്‍ വരേണ്ടതില്ലെന്ന കാലങ്ങളായുള്ള ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ നിലപാടില്‍ മോഡി കാലത്ത് എന്തുപറ്റിയെന്ന ചോദ്യമാണ് അതില്‍ പരമപ്രധാനം.

മൈ ഡിയര്‍ പ്രണ്ടിന്റെ ആവര്‍ത്തിച്ചുള്ള കശ്മീര്‍ പ്രയോഗത്തില്‍ ഇതുവരെ ഒരു ആക്ഷേപവും പ്രധാനമന്ത്രി ഉയര്‍ത്തികണ്ടില്ല. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര സന്ദര്‍ശനം നിര്‍ത്തി ഇന്ത്യയിലേക്ക് എത്തിയ പ്രധാനമന്ത്രി കശ്മീരില്‍ പോകാതെ ബിഹാറിലെ തിരഞ്ഞെടുപ്പ് വേദിയിലേക്ക് പോയതിലും ദേശസ്‌നേഹത്തിന്റെ മോദി ഗാഥയില്‍ നിന്ന് തെല്ലും വ്യതിചലിച്ചില്ല സംഘപരിവാര്‍. വെടിനിര്‍ത്തലിലേക്ക് കടന്നപ്പോള്‍ അതിലുണ്ടായ ചോദ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നേര്‍ക്കാണെന്ന് വ്യക്തമായിട്ട് ധാരണയുണ്ടായിട്ടും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്ക് നേര്‍ക്ക് പോര്‍മുഖം തുറന്നവരാണ് സംഘപരിവാര്‍.

വിക്രം മിസ്രിയുടെ കുടുംബത്തേയും പെണ്‍മക്കളേയുമെല്ലാം വരെ പുലഭ്യം പറഞ്ഞു തീവ്രപലതുപക്ഷം രംഗം കൊഴുപ്പിച്ചു. ബിജെപിയുടെ മോദിയും മോദി സര്‍ക്കാരും ഓപ്പറേഷന്‍ സിന്ദൂറിന്റെ ക്രെഡിറ്റ് തങ്ങളുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പക്വമായി വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വാര്‍ത്ത സമ്മേളനത്തില്‍ വന്ന വിക്രം മിസ്രി വെടിനിര്‍ത്തലെന്ന തീരുമാനത്തില്‍ കുറ്റക്കാരനായി. സ്വന്തം സര്‍ക്കാരിന്റെ നയതീരുമാനത്തില്‍ ഉദ്യോഗസ്ഥനെ കുറ്റക്കാരനാക്കി മേനി പറച്ചിലിന് മാത്രം ബിജെപിയെ പ്രാപ്തരാക്കുന്ന അതിദേശീയതയാണ് കാവിപ്പാര്‍ട്ടി ഉണ്ടാക്കിയെടുത്തിരിക്കുന്നത്.

വിക്രം മിശ്രിയ്ക്ക് പിന്നാലെ ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പ്രസ് ബ്രീഫിംഗ് നടത്തിയ കേണല്‍ സോഫിയ ഖുറേഷിയും മതത്തിന്റെ പേരില്‍ ബിജെപി മന്ത്രിയുടെ അധിക്ഷേപത്തിന് ഇരയായത് രാജ്യം കണ്ടു. ഇന്ത്യയെന്ന മതേതര രാജ്യത്തെ ബിജെപി കാണുന്ന വിധം വ്യക്തമാക്കുന്നുണ്ടായിരുന്നു മന്ത്രി വിജയ് ഷായുടെ പരാമര്‍ശം. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെച്ചുവെന്നാണ് ബിജെപി മന്ത്രി ഒരു വേദിയില്‍ പ്രസംഗിച്ചത്. ഭിന്നിപ്പിന്റെ ഈ രാഷ്ട്രീയം ബിജെപിയ്ക്ക് പുതിയതല്ലെങ്കിലും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധികാരകേന്ദ്രങ്ങളില്‍ ഇരിക്കുന്നവരുടെ മറയില്ലാത്ത വാക്കുകള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എല്ലാം കാര്യം വ്യക്തമാക്കുന്നുണ്ട്.

ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയവര്‍ തിരംഗ യാത്രയില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയാഹ്ലാദ പ്രകടനം നടത്തുകയാണ് പല ചോദ്യങ്ങള്‍ക്കും മറുപടിയില്ലാത്തതിനാല്‍. പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ എവിടെയെന്ന ചോദ്യത്തിനും അവര്‍ എങ്ങനെ അതിര്‍ത്തി കടന്നെത്തി ആക്രമണം നടത്തി എങ്ങോട്ട് പോയെന്ന ചോദ്യത്തിനും ഉത്തരമായിട്ടില്ല. ഒപ്പം ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനം കാലങ്ങളായി കശ്മീര്‍ വിഷയത്തില്‍ പുലര്‍ത്തിപ്പോന്ന നിലപാടിന് എന്തുപറ്റിയെന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം. ഒപ്പം അമേരിക്കയുടെ പാക് സമീപന നിലപാടില്‍ ഭീകരവാദം എന്ന ഇന്ത്യ ആവര്‍ത്തിച്ച് പറയുന്ന വിഷയത്തിലെ മനപ്പൂര്‍വ്വമായ മൗനവും മറകൂടാതെ പുറത്തുവന്നേ മതിയാകൂ. പ്രതിപക്ഷമായ കോണ്‍ഗ്രസ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും സര്‍ക്കാരിന് മറുപടിയില്ല.
കൂടാതെ ഉദ്യോഗസ്ഥര്‍ അമേരിക്കയുടെ മധ്യസ്ഥത എന്ന കാര്യം നിഷേധിച്ചിച്ചിട്ടും വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് അവകാശവാദങ്ങളില്‍ മോദി സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറയുന്നു.

പഹല്‍ഗാമില്‍ നിരപരാധികളും നിസ്സഹായരുമായ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണം 26 പേരുടെ ജീവന്‍ അപഹരിച്ചു. ഇത് രാജ്യത്തെ ഞെട്ടിപ്പിക്കുക മാത്രമല്ല മുഴുവന്‍ രാജ്യത്തെയും ഒന്നിപ്പിച്ചു നിര്‍ത്തി. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആസൂത്രണം ചെയ്ത ക്രൂരതയ്ക്കെതിരെ എല്ലാ സാഹചര്യങ്ങളിലും മതങ്ങളിലും നിന്നുള്ള ആളുകള്‍ ഒന്നിച്ച് രംഗത്തെത്തി. രാഷ്ട്രീയ, രാഷ്ട്രീയേതര മേഖലകളില്‍ നിന്നും സര്‍ക്കാരിന് അഭൂതപൂര്‍വമായ, അചഞ്ചലമായ പിന്തുണ ലഭിച്ചു. ഇന്ത്യന്‍ സൈന്യം കൃത്യമായ രീതിയില്‍ തിരിച്ചടിച്ചുവെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. പക്ഷേ ഇന്ത്യയോ പാകിസ്ഥാനോ പ്രഖ്യാപിക്കും മുമ്പ് എക്‌സില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രമ്പും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമെല്ലാം ഭീകരത എന്ന വിഷയത്തില്‍ മിണ്ടാതെ കശ്മീര്‍ പ്രശ്‌നമായി ഇതിന് അവതരിപ്പിച്ചതില്‍ മോദി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയെ പറ്റുകയുള്ളുവെന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്നു.

പ്രശ്നം കശ്മീര്‍ അല്ല, ഭീകരതയാണ്, ഒപ്പം പാകിസ്ഥാന്‍ ഭാഗത്തുനിന്നും ഐഎസ്ഐയില്‍ നിന്നും പാക് സൈന്യത്തില്‍ നിന്നും തീവ്രവാദികള്‍ക്ക് ലഭിക്കുന്ന പിന്തുണയാണ് നമ്മള്‍ ഉന്നയിച്ച പ്രശ്‌നങ്ങളുടെ അടിസ്ഥാനം. അമേരിക്കന്‍ പ്രസിഡന്റ് ഒരിക്കല്‍ പോലും വെടിനിര്‍ത്തല്‍ കരാറിന്റെ കാര്യം പറയുമ്പോള്‍ പോലും ഭീകരത എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നതിനെയും നിരപരാധികള്‍ കൊല്ലപ്പെടുന്നതിനെയും അപലപിച്ച് അമേരിക്കക്കാര്‍ ഒന്നും പറഞ്ഞിട്ടില്ല… അതിശയകരമെന്നു പറയട്ടെ, കാശ്മീര്‍ ഇപ്പോള്‍ ഒരു ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നു. ഇക്കാര്യം വ്യക്തത അര്‍ഹിക്കുന്നു.

കശ്മീരിനെ സംബന്ധിച്ചിടത്തോളം, വളരെക്കാലമായി നമ്മളുടെ പ്രഖ്യാപിത ദേശീയ നയം അതൊരു ദ്വിരാഷ്ട്രീയ പ്രശ്‌നമാണെന്നാണ്. ആ നിലപാടില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍, തീര്‍ച്ചയായും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. ഇന്ത്യ പോലുള്ള ഒരു രാജ്യം അമേരിക്കക്കാരുമായുള്ള വ്യാപാരത്തിന്റെ പേരില്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുമെന്ന് കരുതുന്നത് അസംബന്ധമായി തോന്നുന്നുവെന്നും പക്ഷേ, ഇന്ത്യന്‍ സര്‍ക്കാര്‍ ഇത് വ്യക്തമാക്കേണ്ടതിന്റെ ആവശ്യകതയും പൈലറ്റ് ചൂണ്ടിക്കാണിക്കുന്നു. യുഎസ് പ്രസിഡന്റ് ചിലത് പറയുമ്പോള്‍ ചില തെളിവുകള്‍ ഉണ്ടായിരിക്കുമെന്ന കാര്യത്തിലൊരു ഉറപ്പുണ്ടല്ലോ, അതിനാല്‍ തന്നെ ഈ കാര്യം വ്യക്തത അര്‍ഹിക്കുന്നുവെന്നും പൈലറ്റ് പറയുന്നു. കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്ര വിഷയമായി ചര്‍ച്ചയാക്കാനുള്ള ശ്രമം ഒട്ടും നല്ലതല്ലെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്.

Read more