തെക്കു കണ്ണുവെയ്ക്കുന്ന ബിജെപിയ്ക്ക് കേരളത്തില്‍ ചരിത്രമെഴുതാനാകുമോ?

2024 ലോക്‌സഭാ സഭാ തിരഞ്ഞെടുപ്പില്‍ തെക്കേ ഇന്ത്യയില്‍ ബിജെപിയ്ക്ക് പ്രത്യേക പ്ലാനുകളുണ്ട്. കര്‍ണാടക തങ്ങളുടെ സ്ഥിരം തട്ടകമെന്ന നിലയില്‍ വമ്പന്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന ബിജെപി തമിഴ്‌നാടും കേരളവും തങ്ങളെ കാര്യമായി സ്വീകരിക്കാന്‍ പല പ്ലാനുകളുമായി തിരഞ്ഞെടുപ്പിന് മുമ്പേ കളം പിടിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ആറോളം സീറ്റുകള്‍ ലക്ഷ്യംവെയ്ക്കുന്ന ബിജെപി കേരളത്തില്‍ ലോക്‌സഭയില്‍ താമര എങ്ങനേയും വിരിയിക്കണമെന്ന രീതിയിലാണ് പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. തൃശൂരാണ് ബിജെപി കണ്ണുവെയ്ക്കുന്ന തട്ടകങ്ങളില്‍ പ്രധാനം. തിരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ തൃശൂരെടുക്കാന്‍ സുരേഷ് ഗോപിയെ നിയോഗിച്ചു കഴിഞ്ഞു പാര്‍ട്ടി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ തൃശൂരില്‍ സുരേഷ് ഗോപിയ്ക്കായി ബിജെപി ചരട് വലി തുടങ്ങിയിരുന്നു.

തൃശൂര്‍ കിട്ടാക്കനിയല്ലെന്ന് കരുതുന്ന ബിജെപി സുരേഷ് ഗോപിയില്‍ പ്രതീക്ഷ വെയ്ക്കുന്നതിന്റെ ബാക്കി പത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നേഹ പ്രകടനങ്ങള്‍. സൂപ്പര്‍ താരത്തിന്റെ മകളുടെ കല്യാണത്തിന് തൃശൂരുലെത്തിയ മോദിയുണ്ടാക്കിയ ഹൈപ്പ് ചെറുതല്ല. നരേന്ദ്ര മോദിയുടെ പിന്നില്‍ നിന്ന് സുരേഷ് ഗോപി താന്‍ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ടവനാണെന്ന് കേരളക്കരയെ ഒന്നാകെ കാണിച്ചിട്ടുണ്ട്. തന്റെ ആള്‍ക്കാര്‍ക്കായി ഓടി വരാന്‍ മടിയില്ലെന്ന് പ്രധാനമന്ത്രി മോദി തൃശൂരിലെ കല്യാണത്തിനെത്തി വ്യക്തമാക്കുക കൂടി ചെയ്തപ്പോള്‍ ചാഞ്ചാടി നില്‍ക്കുന്ന വോട്ടുകളില്‍ പലതും തങ്ങള്‍ക്കനുകൂലമാകുമെന്ന് ബിജെപി ഉറപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ എം എല്‍ എമാര്‍ ഇല്ലാഞ്ഞിട്ടു പോലും മലയാളികള്‍ക്ക് മോദി വലിയ പരിഗണന നല്‍കുന്നുവെന്ന സ്പൂണ്‍ ഫീഡിംഗ് നടത്താന്‍ ഒരു കല്യാണ മാമാങ്കം ബിജെപിയ്ക്ക് അവസരം നല്‍കുകയും ചെയ്തു.

ഇനി കണക്കിലേക്ക് വന്നാല്‍ തൃശൂര്‍ ബിജെപിയ്ക്ക് കിട്ടാക്കനിയല്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ലോക്‌സഭാ – നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് ഷെയര്‍. വോട്ട് ഇരട്ടിപ്പിക്കാന്‍ സുരേഷ് ഗോപിയെന്ന സൂപ്പര്‍ താര- രാഷ്ട്രീയക്കാരന് 2019ലും 21ലും കഴിഞ്ഞിട്ടുണ്ട്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് തരംഗത്തില്‍ പോലും വെറും 946 വോട്ടിനാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി വിജയിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ 1,25,825 വോട്ടാണ് പോള്‍ ചെയ്യപ്പെട്ടത്. ഇതില്‍ സിപിഐയുടെ പി ബാലചന്ദ്രന്‍ 946 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തിയപ്പോള്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെത്തി. പക്ഷേ ഇനി മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും കിട്ടിയ വോട്ടിലേക്ക് പോയാല്‍ ഇടത് സ്ഥാനാര്‍ത്ഥിയ്ക്ക് 44,263 വോട്ടാണ് കിട്ടിയത്, കോണ്‍ഗ്രസിന്റെ പത്മജയ്ക്ക് 43,317 വോട്ടും. 40457 വോട്ട് ബിജെപിയ്ക്ക് കിട്ടി. 2016ല്‍ ഇത് 24, 748 ആയിരുന്നുവെന്നതും കൂട്ടി വായിക്കണം. 2016ല്‍ വിജയിച്ച ഇടത് സ്ഥാനാര്‍മായി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപിയ്ക്ക് വോട്ടിലുണ്ടായ അന്തരം ഏകദേശം 29000 ആയിരുന്നു. 2021ല്‍ ഇത് 3806 ആയി കുറഞ്ഞു. ഈ സാഹചര്യം മുതലെടുക്കാനാണ് ബിജെപി വീണ്ടും സുരേഷ് ഗോപിയില്‍ പ്രതീക്ഷ വെയ്ക്കുന്നത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി വോട്ട് ഷെയര്‍ കൂട്ടുന്നതില്‍ സുരേഷ് ഗോപി വിജയിച്ചിരുന്നു. 2014 ഒരു ലക്ഷത്തില്‍ പരം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിയ്ക്ക് 3 ലക്ഷത്തിനടുത്ത് വോട്ടാണ് സുരേഷ് ഗോപി പിടിച്ചത്. ഇത് കണ്ടുതന്നാണ് ഒന്നെങ്കില്‍ ഒന്ന് കേരളത്തില്‍ പിടിക്കുമെന്ന് ഉറപ്പിച്ച് പ്രധാനമന്ത്രി വരെ തൃശൂരിലേക്ക് ഇറങ്ങി കളിക്കുന്നത്. സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടി മുതല്‍ തൃശൂരില്‍ ബിജെപി ലക്ഷ്യം വ്യക്തമാക്കിയതാണ്. വീണ്ടും വീണ്ടും അടുപ്പിച്ചടുപ്പിച്ച് കേരളത്തിലേക്ക് എത്തുന്ന മോദിയും തൃശൂരിലേക്കുള്ള യാത്രയും സംഘപരിവാരത്തിന്റെ തൃശൂര്‍ ഇഷ്ടം വെട്ടിത്തുറന്നു കാണിക്കുന്നുണ്ട്.

പിന്നാലെ ബിജെപി സാധ്യത കല്‍പ്പിക്കുന്ന തിരുവനന്തപുരത്തേക്ക് കേന്ദ്രത്തില്‍ നിന്നൊരു മന്ത്രി വരും തിരഞ്ഞെടുപ്പിനെന്ന ഊഹാപോഹങ്ങള്‍ക്കും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എത്തുമെന്ന പ്രവചനങ്ങള്‍ക്കും അപ്പുറം മോദി വരെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണമുണ്ടായി. ഇപ്പോള്‍ മോദി തിരുവനന്തപുരത്തേയ്‌ക്കെന്ന പ്രചരണം
ഊഹാപോഹമെന്ന് മുന്‍മന്ത്രിയും ബിജെപി രാജ്യസഭാ എംപിയുമായ പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കുന്നുണ്ട്. ബിജെയിപിയില്‍ കേരളത്തിന്റെ ചാര്‍ജുള്ള കേരള പ്രഭാരിയായ ജാവദേക്കര്‍ അടുത്ത 100 ദിവസത്തിനകം ബിജെപി നേതാക്കള്‍ കേരളത്തിലെ എല്ലാ വോട്ടര്‍മാരേയും നേരിട്ട് കാണുമെന്ന് കൂടി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലുള്ള ഇദ്ദേഹം ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി കേരളത്തില്‍ ചരിത്രമെഴുതുമെന്നും പറഞ്ഞു.

മോദിയുടെ ഗ്യാരന്റി പറഞ്ഞു തന്നെയാണ് ബിജെപിയുടെ പ്രചരണങ്ങളെല്ലാം. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കേന്ദ്രമന്ത്രിമാരില്‍ ആരെങ്കിലും മല്‍സരിക്കുമെന്ന് പറയുന്നത് മാധ്യമ ശ്രദ്ധ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കൂടിയാണ്. ഇത്തവണ കേരളത്തില്‍ ബിജെപി ലക്ഷ്യം കാണുമെന്ന് ബിജെപിയുടെ കേരളത്തിന്റെ ചുമതലക്കാരന്‍ ഉറപ്പു പറയുന്നത് തൃശൂര്‍ മോഹിച്ചാണ്. തൃശൂരില്‍ കോണ്‍ഗ്രസിനൊപ്പം ഇടതുപക്ഷവും ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ മതേതര വോട്ടുകള്‍ ഭിന്നിക്കുമെന്നും സുരേഷ് ഗോപിയുടെ സാധ്യത വര്‍ധിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. തൃശൂരെടുക്കാന്‍ മോദിയുടെ പിന്നില്‍ കളം നിറഞ്ഞു കളിക്കുന്ന സൂപ്പര്‍ ഗോപിയ്ക്കാകുമോ? കേരളത്തില്‍ ചരിത്രമെഴുതുമെന്ന് പറയുന്ന ബിജെപിയ്ക്ക് നിയമസഭയില്‍ നേമത്ത് വിടര്‍ന്നത് പോലൊരു താമര ലോകസ്ഭയില്‍ വിടര്‍ത്താന്‍ തൃശൂര്‍ അനുവദിക്കുമോ?