കസേരയില്‍ കണ്ണുനട്ടു ചെളിവാരിയെറിയല്‍, സ്ഥിരം കേരള 'കോണ്‍ഗ്രസ് സ്‌റ്റോറി'; ഗ്രൂപ്പുകളിയില്‍ പൊറുതിമുട്ടി ഹൈക്കമാന്‍ഡ്!

ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് രാഹുല്‍ ഗാന്ധിയെ കാണുന്നില്ലെന്ന് ദേശീയമാധ്യമങ്ങളൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയാക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിലെ തമ്മില്‍തല്ല് പരിഹരിച്ചു നടക്കേണ്ട അവസ്ഥയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുള്ള കേരളത്തില്‍ പതിവ് പോലെ കോണ്‍ഗ്രസ് ഗ്രൂപ്പ് കളി തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി കസേരയ്ക്ക് മൂപ്പിളമ തര്‍ക്കവും അവകാശവാദവും തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായി കഴിഞ്ഞു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മുലുള്ള ഉടക്കും കെ സുധാകരനുണ്ടാക്കുന്ന പൊല്ലാപ്പും കെ മുരളീധരന്റെ പിണക്കവും യൂത്ത് കോണ്‍ഗ്രസ് തലത്തിലുള്ള ഷാഫി പറമ്പിലിന്റെ മലബാര്‍ ശക്തിപ്പെടലും കെ സി വേണുഗോപാലിനൊപ്പമുള്ള ടി സിദ്ദിഖിന്റെ നീക്കവും ആകെ മൊത്തത്തില്‍ വല്ലാത്ത പൂരപ്പറമ്പാണ് കെപിസിസി.

ഡല്‍ഹിയില്‍ കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുന്‍ഷി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കുമെല്ലാം തന്നെ നാളുകള്‍ക്ക് മുമ്പേ ഇവിടുത്തെ ചക്കിളത്തിപ്പോരിന്റെ കഥകള്‍ നല്‍കി കഴിഞ്ഞതാണ്. തിരഞ്ഞെടുപ്പ് അടുത്തിട്ടും പാര്‍ട്ടിയ്ക്കുള്ളില്‍ പ്രബലരാകാന്‍ പരസ്പരം ചെളിവാരിയെറിയുന്ന നേതാക്കള്‍ കേരളത്തില്‍ നിലവിലുള്ള ഭരണവിരുദ്ധ വികാരത്തെ ഉപയോഗപ്പെടുത്തുന്നതിനപ്പുറം ഗ്രൂപ്പുകളി കളിയ്ക്കുന്നതില്‍ ഹൈക്കമാന്‍ഡിന് നല്ല എതിര്‍പ്പുണ്ട് താനും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതാക്കളുമായി അടച്ചിട്ട മുറിയില്‍ നേരിട്ടുള്ള കൂടിക്കാഴ്ച നടത്തിയത് സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും പുറത്തിരുത്തിയാണ്. കേരളത്തിലെ പ്രശ്‌നം പാര്‍ട്ടി ജയിക്കും മുമ്പേ ചിലര്‍ മുഖ്യമന്ത്രിയാകാന്‍ മല്‍സരിക്കുന്നതാണെന്നും മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ അനൈക്യത്തിന് തുടക്കമിടുന്നെന്നുമെല്ലാം കെ സുധാകരന്‍ യോഗത്തിലും പുറത്ത് മാധ്യമങ്ങള്‍ക്ക് മുന്നിലും പറഞ്ഞു തമ്മില്‍തല്ലിന്റെ കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മയും കെപിസിസി പുനഃസംഘടനയിലെ അതൃപ്തിയുമെല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് തലവേദനയായിട്ട് കാലം കുറച്ചായി. കെപിസിസി യോഗങ്ങളില്‍ പങ്കെടുക്കാതെ ജനറല്‍ സെക്രട്ടറിമാരുടെ നിയമനത്തില്‍ കൊമ്പുകോര്‍ത്ത വി ഡി സതീശന്‍ കെപിസിസി അധ്യക്ഷന്റെ ആലോചനയില്ലായ്മയേയും ഏകപക്ഷ തീരുമാനങ്ങളേയും നേതൃത്വത്തിന് മുന്നില്‍ തുറന്നുകാട്ടി. രമേശ് ചെന്നിത്തലയും കെ മുരളീധരനും സംസ്ഥാന നേതൃത്വത്തോട് അതൃപ്തിയുണ്ട്. എല്ലാവരേയും ഒറ്റയ്‌ക്കൊറ്റയ്ക്ക് ഇരുത്തിയും പിന്നീട് ഒരുമിച്ചിരുത്തിയും മര്യാദയ്ക്ക് മുന്നോട്ട് പോകണമെന്ന താക്കീതും ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്.

കെപിസിസി പുനഃസംഘടനയിലെ ജംബോ ഭാരവാഹിപ്പട്ടികയിലെ അതൃപ്തി പ്രബലമാണെന്ന് കണ്ടതോടെ തിരഞ്ഞെടുപ്പ് കാര്യങ്ങളില്‍ ഒരു കോര്‍ കമ്മിറ്റിയെ അങ്ങ് തീരുമാനിക്കുകയും ചെയ്തു നേതൃത്വം. തദ്ദേശ- നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുക്കാനാണ് കോര്‍ കമ്മിറ്റിയെ തീരുമാനിച്ചത്. ഹൈക്കമാന്‍ഡിന്റെ അടിയന്തര യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഈ കോര്‍കമ്മിറ്റിയിലും ഉണ്ടാകുമെന്നതാണ് ശ്രദ്ധേയം. വിമര്‍ശിച്ചവരും തമ്മില്‍തല്ലിയവരും എല്ലാം ചേര്‍ന്നൊരു കോര്‍കമ്മിറ്റി. ചുരുക്കി പറഞ്ഞാല്‍ അതൃപ്തിയുള്ള ഔദ്യോഗിക സംഘടന കമ്മിറ്റിയ്ക്ക് മുകളില്‍ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഒരു കോര്‍ കമ്മിറ്റി ദേശീയ നേതൃത്വം രൂപപ്പെടുത്തി എടുത്തിരിക്കുന്നു.

വിജയത്തിന് നല്ല സാധ്യതയുണ്ടെന്ന് കരുതുന്ന ഇടത്ത് തമ്മില്‍തല്ലി എല്ലാം നശിപ്പിക്കുമോയെന്ന ആശങ്ക ദേശീയനേതൃത്വത്തിനുമുണ്ട്. അതിനാല്‍ ഇനി ഇത്തരത്തിലുള്ള ഗ്രൂപ്പുകളിയുമായി നടത്താതെ തിരഞ്ഞെടുപ്പിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് അന്ത്യശാസനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാതെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ മതിയെന്നും അതുകൊണ്ട് കൂടുതല്‍ ചരടുവലി വേണ്ടെന്നും ഹൈക്കമാന്‍ഡ് നയം വ്യക്തമാക്കി. ഗ്രൂപ്പു നോക്കി അനുയായികള്‍ക്ക് സീറ്റ് കൊടുക്കുന്ന രീതി വേണ്ടെന്നും വിജയം നോക്കി മാത്രം സ്ഥാനാര്‍ത്ഥി നിര്‍ണയം മതിയെന്നുമെല്ലാം പറഞ്ഞിട്ടുണ്ട്. സ്വന്തം പ്രതിച്ഛായ നിര്‍മിതിയില്‍ മാത്രമാണ് നേതാക്കള്‍ കൂടുതല്‍ ശ്രദ്ധയെന്നും നേതൃത്വം തുറന്നടിച്ചിട്ടുണ്ട്. താഴെ തട്ടില്‍ പ്രവര്‍ത്തിക്കാനുള്ള മടിയും ഹൈക്കമാന്‍ഡ് ചോദ്യം ചെയ്തിട്ടുണ്ട്. കൂട്ടായ നേതൃത്വം എന്നതൊന്നും കേരളത്തില്‍ നടപ്പില്ലെന്ന് അറിയാമെങ്കിലും കാര്യങ്ങള്‍ ഏകോപിപ്പിക്കാനും തിരഞ്ഞെടുപ്പിന് തയ്യാറാവാനും കോര്‍കമ്മിറ്റി കൊണ്ടൊരു ഇടപെടല്‍ നടത്തി തമ്മില്‍തല്ലുന്നവരെ എല്ലാവരേയും അനുനയിപ്പിച്ചൊരു ബോക്‌സിലാക്കി തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ ഹൈക്കമാന്‍ഡ് ഇതൊരു പണ്ടോര ബോക്‌സ് ആകുമോയെന്ന് നോക്കിയിരിക്കുകയാണ്.

Read more