കറുപ്പ് ജനാധിപത്യത്തിന്റെ നിറമാണ്...

ഒരു പക്ഷെ കേരളത്തില്‍ ഇനി കറുപ്പ് എന്ന് നിറം തന്നെ നിരോധിക്കപ്പെട്ടേക്കാം, കറുത്ത മാസ്‌ക് മുതല്‍ കറുത്ത ചുരീദാര്‍ വരെ ഈ സംസ്ഥാനത്ത് ഭയത്തിന്റെ പ്രതിരൂപമായി കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ ആരാധ്യനായ മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിക്കുന്ന വഴികളിലൊന്നിലും ഇനി കറുപ്പിന്റെ ലാഞ്ചന പോലും കാണുക വയ്യ, ആ വഴികളിലൂടെ ഇനി കാക്കകള്‍ പറക്കുന്നത് പോലും നിരോധിക്കപ്പെട്ടേക്കാം. മാമോദീസ മുങ്ങിയ കൊച്ചു കുഞ്ഞുങ്ങളെ പോലും ഭയപ്പെടുകയും, വഴിയില്‍ തടയുകയും ചെയ്തിട്ട്, കേരളത്തിന്റെ സാമൂഹിക സാംസ്‌കാരി നിലവാരത്തെക്കുറിച്ച ഊറ്റം കൊള്ളാന്‍ അപാര തൊലക്കട്ടി തന്നെ വേണം.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടത്തലുകള്‍ വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും വലിയ പ്രതിരോധത്തിലായിരുന്നു. സ്വര്‍ണ്ണക്കള്ളടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് മാത്രമല്ല, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ പണം വിദേശത്തേക്ക് കടത്തിയത് കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണെന്ന ആരോപണവും അവരുടെ ഭാഗത്ത് നിന്നുണ്ടായി. ഇതോടെ കേരളത്തിന്റെ തെരുവീഥികളില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കനക്കുമെന്ന്് ഉറപ്പായിരുന്നു.

ഒരു ജനാധിപത്യ രാഷ്ട്രത്തില്‍, ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറുന്നവര്‍ ആരായാലും അവര്‍ക്കെതിരെ വിവിധ തരത്തിലുള്ള ആരോപണങ്ങളുയരുമ്പോള്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടികളുടെയും മറ്റ് ജനകീയ സംഘടനകളുടെയും ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടാവുക സ്വാഭാവികമാണ്, ആ പ്രതിഷേധങ്ങളാണ് ജനാധിപത്യത്തിന്റ ശക്തിയും സൗന്ദര്യവും. അതിനെ ഭയക്കുന്ന ഭരണകര്‍ത്താക്കള്‍ ജനാധിപത്യത്തിന്റെ എസന്‍സിനെ നിഷേധിക്കുകയാണ്. എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കാന്‍ ജനാധിപത്യത്തില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത മഹാപാതകമാണ്. ഇന്ന് കേരളത്തില്‍ നടന്നത് അത്തരത്തിലൊരു മഹാപാതകം തന്നെയാണ്.

സ്വര്‍ണ്ണക്കള്ളക്കടത്തുള്‍പ്പെടെയുള്ള ആരോപണങ്ങളുടെ മുള്‍ മുനയില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിക്കെതിരെ കേരളത്തിന്റെ തെരുവീഥികളില്‍ കരിങ്കൊടി പ്രതിഷേധങ്ങള്‍ നടക്കാന്‍ സാധ്യയുണ്ടെന്ന കാര്യം വ്യക്തമായിരുന്നു. കരിങ്കൊടി പ്രതിഷേധത്തെ തടയുന്നതിനെക്കാള്‍ എളുപ്പം കറുപ്പ് എന്ന നിറം തന്നെ നിരോധിക്കുന്നതാണെന്ന് പറഞ്ഞു കൊടുത്തവന്‍ ആരായാലും ആ മാന്യന്റെ തലക്ക് നെല്ലിക്കാത്തളം വയ്കണം. കേരളം ഭരിച്ച എല്ലാ മുഖ്യമന്ത്രിമാരും ഇതിലും വലിയ പ്രതിഷേധങ്ങള്‍ തെരുവില്‍ കണ്ടവരാണ്. വിമോചന സമരകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങി കവടിയാറിലെ രാജ്ഭവനിലേക്ക് പോയ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇ എം എസ് സര്‍ക്കാരിനെതിരായ കരിങ്കൊടി പ്രതിഷേധം നേരിട്ടുകണ്ടു. പിണറായി വിജയനെക്കാള്‍ ഏറെ തലപ്പൊക്കമുള്ള ഇ എം എസിന് അന്ന് വേണമെങ്കില്‍ കറുത്ത നിറത്തിലുള്ള ഒരു വസ്തുവിനെയും തെരുവില്‍ കാണാന്‍ പാടില്ലന്ന് പറഞ്ഞ് തിട്ടൂരമിറക്കാമായിരുന്നു. അങ്ങിനെ ചെയ്യാതിരുന്നതാണ് ഇ എം എസിന്റെ ജനാധിപത്യ ബോധം.

അച്യുത മേനോനും കെ കരുണാകരനും എ കെ ആന്‍ണിയും നയനാരും കരുണാകരനും ഉമ്മന്‍ചാണ്ടിയും വി എസ് അച്യുതാനന്ദനുമെല്ലാം തങ്ങള്‍ക്കെതിരെ തെരുവീഥികളില്‍ നടന്ന നിരവധി കരിങ്കൊടി പ്രകടനങ്ങള്‍ക്ക് നേരിട്ടു സാക്ഷ്യം വഹിച്ചവരാണ്. അവരാരും കറുത്ത മാസ്‌കും കറുത്ത പൊട്ടും കറുത്ത വസ്ത്രങ്ങളും ഒന്നും നിരോധിക്കാന്‍ നിന്നില്ല. കാരണം ജനാധിപത്യം സമ്പൂര്‍ണ്ണമാകുന്നതുംഅര്‍ത്ഥവത്താകുന്നതും ഇത്തരം പ്രതിഷേധങ്ങളിലൂടെയാണെന്ന് അവര്‍ക്കറിയാമായിരുന്നു.

എന്നാല്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി അവരില്‍ നിന്നെല്ലാം വ്യത്യസ്തരാവുകയാണ്. പ്രതിഷേധത്തിന്റെ ചെറിയ നാമ്പുകളെ പോലും അദ്ദേഹം ഭയപ്പെടുന്നതെന്തിന് എന്ന ചോദ്യമാണ് കേരളത്തില്‍ നിന്നുയരുന്നത്. പ്രക്ഷോഭങ്ങളില്‍ നിന്നും സമരങ്ങളില്‍ നിന്നും ഉയര്‍ന്ന് വന്ന നേതാവെന്ന് ആരാധകരും എതിരാളികളും ഒരേ സ്വരത്തില്‍ വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന് കറുത്ത മാസ്‌ക് പോലും അപശകനുമായി തീര്‍ന്നത് എന്ന് മുതലാണ്? തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങളെ അദ്ദേഹം ഇത്ര കണ്ട് ഭയപ്പെടുന്നത് എന്തിനാണ്? ഒരു ജനകീയ നേതാവിന്റെ ആശ്വാസവും അഭയ സ്ഥാനവും ജനങ്ങള്‍ തന്നെയല്ലേ?

പ്രിയപ്പെട്ട മുഖ്യമന്ത്രീ,അങ്ങയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ , കറുപ്പ് ജനാധിപത്യത്തിന്റ നിറമാണ്. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമാണ് ജനാധിപത്യത്തിന്റ ജീവവായു. ജനാധിപത്യം നിലനിന്നാല്‍ മാത്രമേ നമ്മുടെ ഭരണഘടന നിലനില്‍ക്കൂ, ആ ഭരണഘടന നിര്‍മിച്ച അനേകം പദവികളില്‍ ഒന്നുമാത്രമാണ് മുഖ്യമന്ത്രി സ്ഥാനം, ആ ഭരണ ഘടന തുടങ്ങുന്നത് ഒരു മഹാവാക്യത്തോടെയാണ് , വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ.. ജനങ്ങളാണ് ഭരണഘടന ഉണ്ടാക്കിയത്, ആ ഭരണഘടനയുടെ സൃഷ്ടിമാത്രമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിയമഭയുമൊക്ക, ഇതോര്‍ത്തിരുന്നെങ്കില്‍ അങ്ങ് കറുപ്പിനെ ഇത്ര കണ്ട് ഭയക്കില്ലായിരുന്നു.