എ.കെ.ജി സെന്റെറിന് നേരെയുള്ള ബോംബേറിന് പിന്നില്‍?

 

1977 ല്‍ എ കെ ആന്റെണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് എ കെ ജി യുടെ പേരില്‍ ഒരു പഠന ഗവേഷണ കേന്ദ്രം പടുത്തുയര്‍ത്താന്‍ സര്‍ക്കാര്‍ ഭൂമി വേണമെന്ന അന്നത്തെ സി പി എം നേതാക്കളുടെ ആവശ്യത്തിന്റെ ഭാഗമായി കേരള സര്‍വ്വകലാശാലയുടെ കയ്യിരുന്ന ഭൂമി അനുവദിക്കുകയും അവിടെ ഏ കെ ജി സെന്റര്‍ ഉയരുകയും ചെയ്തത്.

മലയാളിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ചതുരങ്ങള്‍ക്കുള്ളില്‍ കൊള്ളിക്കാനാകാത്ത വിധം ഉയര്‍ന്ന നിന്ന ശിരസായിരുന്നു ഏ കെ ജി എന്ന നേതാവിന്റേത് . അവഗണിക്കപ്പെടുന്നവന്റെ, അടിച്ചമര്‍ത്തപ്പെടുന്നവന്റെ ഒപ്പം നില്‍ക്കുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ജീവിതം കൊണ്ട് അദ്ദേഹം നമ്മളെ പഠിപ്പിക്കുകയും ചെയ്തു. അത് കൊണ്ട് സര്‍ക്കാര്‍ ഭൂമി എങ്ങിനെ രാഷ്ട്രീയ പാര്‍ട്ടിക്ക് ഓഫീസ് പണിയാന്‍ ലഭിച്ചു? പഠന ഗവേഷണ കേന്ദ്രം എങ്ങിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായി മാറി എന്നൊന്നും ആരും ചോദിച്ചില്ല.

1983 ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതുപോലെ എ കെ ജി സെന്ററിന് നേരെ ബോംബേറുണ്ടായിരുന്നു. അന്നത്തെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് ശരത് ചന്ദ്ര പ്രസാദായിരുന്നു അതിന് പിന്നിലെന്നാണ് അന്ന് സി പിഎം ആരോപിച്ചത്. അതിനെ തുടര്‍ന്ന് വലിയ സംഘര്‍ഷങ്ങള്‍ തന്നെ തിരുവനന്തപുരത്തും കേരളത്തിന്റെ പല ഭാഗത്തുമുണ്ടായി.

എന്നാല്‍ ഈ ബോംബേറിന്, പൊലീസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പന്നിപ്പടക്കം പോലൊരു സ്‌ഫോടക വസ്തു എറിഞ്ഞതിന് പിന്നില്‍ എന്തായിരിക്കും ചേതോവികാരം. 1983 ല്‍ കരുണാകരന്റെയും ഇന്ദിരാഗാന്ധിയുടെയും നേതൃത്വത്തില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസല്ല കേരളത്തിലെയും ഇന്ത്യയിലെയും ഇന്നത്തെ കോണ്‍ഗ്രസ്. പല സംസ്ഥാനങ്ങളിലും ഊര്‍ധ്വശ്വാസം വലിക്കുന്ന, കേരളം പോലുള്ള ഒന്നു രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു രാഷ്ട്രീയ സംവിധാനമാണത്. അവര്‍ക്ക് ഏ കെ ജി സെന്ററിന് നേരെ ബോംബെറിയാനുളള കെല്‍പ്പുണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്.

ചാണക്യന്റെ അര്‍ത്ഥ ശാസ്ത്രത്തില്‍ പറയുന്നുണ്ട്, ‘രാജ്യത്ത് രാജാവിനെതിരെ ജനങ്ങള്‍ക്കുള്ളില്‍ അസന്തുഷ്ടിയും കലാപവും ഉയര്‍ന്ന് വരുമ്പോള്‍ രാജാവ് ക്ഷേത്രത്തിലെ വിഗ്രഹം എടുത്ത് ഒളിപ്പിച്ച് വയ്കണം, എന്നിട്ട് പറയണം കണ്ടില്ലേ ക്ഷേത്രത്തിലെ ദേവനെപ്പോലും കാണുന്നില്ല, അപ്പോഴാണോ നിങ്ങള്‍ എന്റെ നേരെ തിരിയുന്നത്, ഇത് കേട്ട ജനങ്ങള്‍ രാജാവിനെ വിട്ട് കാണാതായ വിഗ്രഹത്തിന്റെ പിറകേ പോകും’.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് വീഴുക എന്നതായിരുന്നു സര്‍ക്കാരിന്റെ വിധി. സ്വര്‍ണ്ണക്കളളക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന്് അതിലെ മുഖ്യ പ്രതിയായ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തല്‍ മുതല്‍ എസ് എഫ് ഐ പിള്ളേരുടെ രാഹുല്‍ ഗാന്ധി ഓഫീസ് ആക്രമണം വരെ സര്‍ക്കാര്‍ ചെന്ന് ചാടുന്ന കുഴപ്പങ്ങളുടെ ആഴങ്ങള്‍ അന്തമില്ലാത്തതാണ്. പി ഡബ്‌ളിയു സി എന്ന ബഹുരാഷ്ട്ര കണ്‍സള്‍ട്ടിംഗ് കമ്പനിയുടെ ഡയറക്ടര്‍ ആയ ജെയ്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പിനിയായ എക്‌സാലോജിക്കിന്റെ മെന്റര്‍ ആണ് എന്ന് പ്രതിപക്ഷ എം എല്‍ എ മാത്യു കുഴല്‍ നാടന്‍ നിയമസഭയില്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുകയായിരുന്നു. അങ്ങിനെ ഒരു മെന്റെര്‍ ഉള്ളതായി മകള്‍ ഇതുവരെ പറഞ്ഞിട്ടില്ലന്നും അസംബന്ധം പറയരുതെന്നായിരുന്നു അദ്ദേഹത്തിന്റെ കോപത്തോടെയുള്ള പ്രതിവചനം.

എന്നാല്‍ മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ വീണാ വിജയന്റെ ഒരു വര്‍ഷം മുമ്പെ എടുത്ത അഭിമുഖം ഏഷ്യാനെറ്റ് പുറത്ത് വിട്ടു. അതില്‍ അവര്‍ വ്യക്തമായി പറയുന്നത് കാണാം ജെയ്ക് ബാലകുമാര്‍ എന്നയാള്‍ തന്റെ കമ്പനിയുടെ മെന്റെര്‍ ആണ് എന്ന്. അതോടെ മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍ നാടന്‍ അവകാശ ലംഘനത്തിന് നോട്ടീസ് കൊടുത്തു. ഇന്ന് അവകാശ ലംഘന നോട്ടീസ് നിയമസഭ പരിഗണിക്കുകയാണ്.

അതോടൊപ്പം രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനവും ഇന്നാണ്. എസ് എഫ് ഐ ക്കാര്‍ തന്റെ ഓഫീസ് തകര്‍ത്തതിനെക്കുറിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം എന്താണെന്നതും ജനങ്ങള്‍ ഉറ്റു നോക്കുന്നുണ്ട്. അതിനിടയിലാണ് എ കെ ജി സെന്ററിന് നേരെ ആരോ സ്‌ഫോടക വസ്തു എറിഞ്ഞത്. അതോടെ ഈ സംഭവങ്ങള്‍ എല്ലാം ഒരു ദിവസത്തേക്കെങ്കില്‍ ഒരു ദിവസത്തേക്ക്് മുങ്ങിപ്പോവുകയും ബോംബേറ് തല്‍സ്ഥാനം കയ്യടക്കുകയും ചെയ്തു. പന്നിപ്പടക്കം എന്ന് പൊലീസ് പറയുന്ന സാധനം എറിഞ്ഞപ്പോള്‍ കൊണ്ടത് താഴെത്തെ നിലയിലെ ചുമരിലാണെങ്കിലും സിമന്റിനും ഇഷ്ടികക്കും കാര്യമായ പരിക്കേറ്റില്ലന്നാണ് അറിയുന്നത്്.

 

സംഭവം നടന്ന് പന്ത്രണ്ട മണിക്കൂര്‍ കഴിഞ്ഞു, മുഖ്യമന്ത്രിയുടെ വീട് , കേരളത്തിലെ പൊലീസ് ആസ്ഥാനം എന്നിവടങ്ങളില്‍ നിന്ന് കേവലം നാല് കിലോമിറ്റര്‍ ദൂരവും, എം എല്‍ എ ഹോസ്റ്റലില്‍ നിന്നും അരകിലോമീറ്ററും, സെക്രട്ടറിയേറ്റില്‍ നിന്ന് ഒരു കിലോമീറ്ററും മാത്രം ദൂരമുള്ള, ചുറ്റും സി സി ടി വി കാമറകളും ഉള്ള എ കെജി സന്റെറിന് നേരെ ഈ അതിക്രമം നടത്തിയത് ആരാണ് എന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കോണ്‍ഗ്രസുകാര്‍ ആണ് ഇത് ചെയ്തത് എന്ന് ഇ പി ജയരാജന്‍ മുതല്‍ എ എ റഹിം വരെ സഫോടനം നടന്ന് പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ പറഞ്ഞു കഴിഞ്ഞു. ഇത് ജയരാജന്‍ തന്നെ ചെയ്യിച്ചതാണ് എന്ന്് കെ സുധാകരന്‍ മറുപടിയും നല്‍കി. ആരാണ് ഇത് ചെയ്തത്? കോണ്‍ഗ്രസോ ? ഇനി സി പി എം തന്നെയോ, അതോ മറ്റു വല്ലവരുമോ? നമുക്കറിയില്ല, ഏതായാലും പന്നിപ്പടക്കം പോലെയുള്ള എന്തെങ്കിലുമൊക്കെ മതി കേരള രാഷ്ട്രീയത്തെ കുറച്ച് ദിവസമെങ്കിലും വഴി തിരിച്ചുവിടാന്‍. എറിഞ്ഞയാളെ എത്രയും വേഗം പിടിക്കട്ടെ എന്ന് മാത്രമേ നമുക്കാഗ്രഹിക്കാന്‍ കഴിയൂ. അപ്പോഴറിയാം ജയരാജന്‍ പറഞ്ഞതാണോ സുധാകരന്‍ പറഞ്ഞതാണോ ശരിയെന്ന്.