ബിഹാറില്‍ തീവ്രപരിശോധനയ്ക്ക് ശേഷം അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമെല്ലാം കഴിഞ്ഞു പ്രചാരണത്തിന് ചൂട് പിടിക്കുകയാണ്. ബിഹാറില്‍ തീവ്രപരിശോധന അഥവാ Special Intensive Revision എന്ന എസ്‌ഐആര്‍ ഉണ്ടാക്കിയ അരക്ഷിതമായ സ്ഥിതിയും വോട്ട് നഷ്ടപ്പെട്ടവരുടെ അവസ്ഥയുമെല്ലാം കാണാമറയത്താക്കി തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനുമെല്ലാം കടക്കുകയാണ്. പക്ഷേ അപ്പോഴും പലരുടേയും സംശയം വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്ന എസ്‌ഐആറില്‍ സുപ്രീം കോടതി എന്തുകൊണ്ടാണ് ഇടപെടാത്തതെന്നാണ്?. സുപ്രീം കോടതിയ്ക്ക് വിഷയത്തില്‍ ഇടപെടാന്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നാണ്?. കാരണം എസ്‌ഐആറുമായി ബന്ധപ്പെട്ട അതിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന കേസില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങിയിരിക്കുകയാണ്. ഇനി എന്ത് നടപടി ഉണ്ടാകുമെന്നാണ്
സുപ്രീം കോടതിയില്‍ എസ്‌ഐആറിന്റെ നിയമസാധുതതയില്‍ വാദം തുടരുമ്പോള്‍ തിരഞ്ഞെടുപ്പിനെ അതെങ്ങനെ ബാധിക്കുമെന്നും സംശയമുള്ളവരുണ്ട്. സുപ്രീം കോടതിയില്‍ നിന്ന് കടുത്ത നിലപാടുണ്ടായാല്‍ ബിഹാറില്‍ അത് പ്രതിഫലിക്കില്ലേ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യചിഹ്നമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തേയും ഇത് സ്വാധീനിക്കില്ലേ എന്നടക്കം സംശയങ്ങളുണ്ട്. പക്ഷേ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതോടെ എസ്‌ഐആറുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങള്‍ സുപ്രീം കോടതിയില്‍ നിന്ന് ഉടനടി ഉണ്ടാവാനിടയില്ല.
ബിഹാറില്‍ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുപ്രീം കോടതി തന്റെ ജുഡീഷ്യല്‍ അധികാരപരിധി ആ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തടസമുണ്ടാക്കുന്ന രീതിയില്‍ നീക്കില്ല. ഭരണഘടനാപരമായി ഭരണ- നിയമ സംവിധാനങ്ങള്‍ തമ്മിലുള്ള ഒരു അധികാര പ്രയോഗത്തിന് തിരഞ്ഞെടുപ്പ് സമയം ഉപയോഗിക്കാന്‍ പാടില്ലെന്നത് കൊണ്ട് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കഴിയും വരെ എസ്‌ഐആറിന്റെ നിയമവിരുദ്ധതയെ കുറിച്ചുള്ള തര്‍ക്കങ്ങളില്‍ ഇടപെടല്‍ മിതപ്പെടുത്തും. ഭരണഘടനയുടെ 329-ാം വകുപ്പ് വോട്ടെടുപ്പ് പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാല്‍ ജുഡീഷ്യല്‍ ഇടപെടലിനെ നിയന്ത്രിക്കുന്നതാണെന്നതാണ് കാരണം. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാല്‍ കോടതികള്‍ സാധാരണയായി തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ ഇടപെടാറില്ല. ആര്‍ട്ടിക്കിള്‍ 329 ‘തിരഞ്ഞെടുപ്പ് കാര്യങ്ങളില്‍ കോടതികളുടെ ഇടപെടല്‍ തടയുന്നതാണ്. ഡീലിമിറ്റേഷനും സീറ്റ് വിഹിതം സംബന്ധിച്ച ഏതെങ്കിലും നിയമത്തിന്റെ സാധുത കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് ക്ലോസ് (എ) പറയുന്നു. അതേസമയം നിയമസഭ പാസാക്കിയ നിയമം പറയുന്ന രീതിയില്‍ ഫയല്‍ ചെയ്യുന്ന ഒരു തിരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ മാത്രമേ ഒരു തിരഞ്ഞെടുപ്പിനെ വെല്ലുവിളിക്കാന്‍ കഴിയൂ എന്ന് ക്ലോസ് (ബി)യിലും വ്യവസ്ഥ ചെയ്യുന്നു. അതനുസരിച്ച്, 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 80 പ്രകാരം,ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനുള്ളില്‍ ഒരു സ്ഥാനാര്‍ത്ഥിക്കോ വോട്ടര്‍ക്കോ അത്തരം ഹര്‍ജികള്‍ ബന്ധപ്പെട്ട ഹൈക്കോടതിയില്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചനാധികാരത്തെ ജുഡീഷ്യറി മാനിക്കുന്നു.
എന്നിരുന്നാലും ബിഹാര്‍ എസ്ഐആറിനെക്കുറിച്ചുള്ള വാദം കേള്‍ക്കലില്‍ സുപ്രീം കോടതി പറഞ്ഞത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണത്തില്‍ ഏതെങ്കിലും നിയമവിരുദ്ധത കണ്ടെത്തിയാല്‍ ജുഡീഷ്യല്‍ പരിശോധനയെ തടയില്ലെന്നാണ്. ജനങ്ങളുടെ വിധി പ്രകടനമായ തിരഞ്ഞെടുപ്പുകള്‍ കാലതാമസമോ ദുര്‍ബലപ്പെടുത്തലോ കൂടാതെ യുക്തിസഹമായ രീതിയില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് കോടതികള്‍ സാധാരണയായി വിട്ടുവീഴ്ചയുടെ സമീപനം നിലനിര്‍ത്തുന്നതെന്ന് 2023ലെ ഒരു വിധിയില്‍ കോടതി പറഞ്ഞിട്ടുമുണ്ട്.
Read more
ഇന്ന് എസ്‌ഐആറില്‍ വാദം കേട്ട സുപ്രീം കോടതി ഏതെങ്കിലും ഭാഗികമായ അഭിപ്രായ പ്രകടനത്തിന് മുതിര്‍ന്നില്ലെന്ന് മാത്രമല്ല പാന്‍ ഇന്ത്യ തലത്തിലുള്ള തീവ്രപരിഷ്‌കരണ നടപടികളെ തടയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 9 ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് പോസ്റ്റ് ചെയ്ത സുപ്രീം കോടതി ബിഹാറില്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചതില്‍ പുറത്താക്കപ്പെട്ട 3.66 ലക്ഷം പേരെ കുറിച്ചും കൂട്ടിച്ചേര്‍ക്കപ്പെട്ട 21 ലക്ഷം വോട്ടര്‍മാരെ കുറിച്ചുമുള്ള വിവരങ്ങള്‍ കൈമാറാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു.







