ഭരണവിരുദ്ധ വികാരത്തെ ഡല്‍ഹിയില്‍ പേടിച്ച് കെജ്‌രിവാളും ടീമും; 'തിരിച്ചും മറിച്ചും', ആപ്പിന്റെ തിരഞ്ഞെടുപ്പ് തന്ത്രം

മുതിര്‍ന്ന നേതാക്കള്‍ക്ക് നേര്‍ക്കുള്ള അഴിമതി ആരോപണവും മദ്യനയ അഴിമതി കേസ് മൂലമുണ്ടായ പ്രതിച്ഛായ മങ്ങലും ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയെ അടുത്ത തിരഞ്ഞെടുപ്പ് നേരിടുമ്പോള്‍ ഭയപ്പെടുത്തുന്നുണ്ട്. ഹാട്രിക് അടിച്ചു ഡല്‍ഹി ഭരിച്ചു കൊണ്ടിരുന്ന കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിതിനെ വീഴ്ത്തി 2013 ഡിസംബര്‍ അവസാനത്തോടെ ഡല്‍ഹിയില്‍ തുടക്കം കുറിച്ചതാണ് ആംആദ്മി ഭരണം. 2025 ഫെബ്രുവരിയിലെ നിയമസഭാ തിരഞ്ഞെടുപ്പോടെ ആംആദ്മിയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ഉത്തരം ലഭിക്കും. ഡല്‍ഹിക്ക് പുറമേ പഞ്ചാബും പിടിച്ചു ശക്തികേന്ദ്രമായി ആംആദ്മി പാര്‍ട്ടി വികസിച്ചു കൊണ്ടിരിക്കുമ്പോഴാണ് മദ്യനയ അഴിമതി കേസും കേന്ദ്രസര്‍ക്കാരിന്റെ ഇഡി- സിബിഐ കുരുക്കും പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റു ചില മന്ത്രിമാര്‍ക്കും അപ്പുറം പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാളും ഇരുമ്പഴിയ്ക്കുള്ളിലായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നത് ആപ്പിന് ചെറുതല്ലാത്ത തിരിച്ചടിയായിരുന്നു.

ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് സന്നാഹത്തിന്റെ ഇടയില്‍ കുരുങ്ങിപ്പോയ നേതാക്കള്‍ക്കും കേന്ദ്രവും ലെഫ്റ്റനന്റ് ഗവര്‍ണറും ചേര്‍ന്നുണ്ടാക്കിയ കുരുക്കുകള്‍ ചുവപ്പുനാടയായപ്പോഴുണ്ടായ ഭരണവിരുദ്ധ വികാരവും ആപ്പിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഭരണ വിരുദ്ധ വികാരം ഉണ്ടാക്കുന്ന ഭീഷണി മുതിര്‍ന്ന നേതാക്കളുടെ അറസ്റ്റ് മൂലമുണ്ടായ സഹതാപ തരംഗത്തിലൂടെ മുതലാക്കാമെന്നാണ് ആം ആദ്മി പാര്‍ട്ടി കരുതുന്നത്. അടുത്ത ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തങ്ങളുടെ സീറ്റ് ക്രമീകരണത്തില്‍ ഭരണവിരുദ്ധ വികാരത്തെ തടുക്കാന്‍ സീറ്റുമാറ്റി നേതാക്കളെ മല്‍സരിപ്പിക്കാനുള്ള ശ്രമമാണ് അരവിന്ദ് കെജ്രിവാള്‍ നടത്തുന്നത്. ചില എംഎല്‍എമാരെ മാറ്റിനിര്‍ത്താനും പുതിയ ചിലരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറക്കാനും ആപ് ശ്രമം തുടങ്ങി കഴിഞ്ഞു. മൊത്തത്തില്‍ ഒരു പുനഃക്രമീകരണമാണ് ഡല്‍ഹിയില്‍ ആപ്പിനുള്ളില്‍ നടക്കുന്നത്.

മദ്യനയ അഴിമതി കേസില്‍പ്പെട്ട മുന്‍ ഉപമുഖ്യമന്ത്രിയും പത്പര്‍ഗഞ്ച് എംഎല്‍എയുമായ മനീഷ് സിസോദിയയെ ജംഗ്പുരയിലേക്ക് മാറ്റിയതാണ് ആദ്യ സ്ഥാനാര്‍ത്ഥി മാറ്റ നിര്‍ണയങ്ങളില്‍ ഒന്ന്. കഴിഞ്ഞയാഴ്ച ആംആദ്മിയില്‍ ചേര്‍ന്ന ജനപ്രിയ യുപിഎസ്സി കോച്ചിംഗ് അധ്യാപകനും മോട്ടിവേഷണല്‍ സ്പീക്കറുമായ അവധ് ഓജയെ സിസോദിയയുടെ പട്പര്‍ഗഞ്ചില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം.ആംആദ്മിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുമ്പോള്‍ പട്ടികയില്‍ 20 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഇടംപിടിച്ചിട്ടുണ്ട്. നിരവധി സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കിയാണ് രണ്ടാം പട്ടിക പുറത്തുവന്നിരിക്കുന്നത്.

2013, 2015, 2020 വര്‍ഷങ്ങളില്‍ പത്പര്‍ഗഞ്ചില്‍ നിന്ന് സിസോദിയ വിജയിച്ചിരുന്നു. ഇതില്‍ 2015ല്‍ 28,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചതാണ് സിസോദിയയുടെ ഏറ്റവും വലിയ വിജയം. പക്ഷേ 2020ല്‍ വെറും 3,100 വോട്ടുകള്‍ക്ക് കഷ്ടിച്ചാണ് സിസോദിയ വിജയിച്ചത്. സിസോദിയയെ വീഴ്ത്താന്‍ ബിജെപി വടക്കുകിഴക്കന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഗംഭീര പ്രചാരണം നടത്തുകയും മുതിര്‍ന്ന നേതാക്കള്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുകയും ചെയ്തപ്പോഴാണ് മന്ത്രിസഭയിലെ രണ്ടാമന് കഷ്ടപ്പെട്ട് ജയിക്കേണ്ട അവസ്ഥയായത്. ഈ സാഹചര്യവും മദ്യനയ കേസിലെ ജയില്‍വാസവും തിരിച്ചടിച്ചേക്കാമെന്ന പേടിയിലാണ് മനീഷ് സിസോദിയയെ മറ്റൊരു സീറ്റിലേക്ക് മാറ്റി പരീക്ഷിക്കുന്നത്.

ഡല്‍ഹിയിലെ 11 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക നവംബര്‍ അവസാനം ആപ് പുറത്തിറക്കിയിരുന്നു. 2020ല്‍ ബിജെപിയോട് തോറ്റ ആറ് സീറ്റുകള്‍ ഉള്‍പ്പെടെയുള്ളവയിലെ ലിസ്റ്റാണ് ആദ്യം പുറത്തുവിട്ടത്. കിരാരി എംഎല്‍എ റിതു രാജ് ഗോവിന്ദ്, സീലംപൂര്‍ എംഎല്‍എ അബ്ദുള്‍ റഹ്‌മാന്‍, മതിയാല എംഎല്‍എ ഗുലാബ് സിംഗ് എന്നിവര്‍ക്ക് പകരം സുമേഷ് ഷോക്കീന്‍, അനില്‍ ഝാ, ചൗധരി സുബൈര്‍ അഹമ്മദ് എന്നിവരെയാണ് ആപ് രംഗത്തിറക്കുന്നത്. സിറ്റിംഗ് എംഎല്‍എമാരുള്ള മൂന്ന് സീറ്റുകളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച തീരുമാനം ആംആദ്മി ആദ്യം തന്നെ നടത്തിയത് ഏവരേയും ഞെട്ടിച്ചിരുന്നു. എംഎല്‍എമാര്‍ രാജിവച്ച രണ്ട് സീറ്റുകള്‍ക്ക് പുറമേയാണ് സിറ്റിംഗ് എംഎല്‍എമാരെ നീക്കിയുള്ള തീരുമാനം. പോപ്പുലര്‍ അല്ലാത്ത പാര്‍ട്ടി സര്‍വ്വേകളില്‍ പരാജയപ്പെട്ട എംഎല്‍എമാരെ നീക്കിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന് പാര്‍ട്ടി ആദ്യമേ പ്രഖ്യാപിച്ചിട്ടുണ്ട്. അവസാന തിരഞ്ഞെടുപ്പില്‍ 15 പുതുമുഖങ്ങളെയാണ് ആംആദ്മി പാര്‍ട്ടി കൊണ്ടുവന്നത്. ഇക്കുറി അതിലും കൂടുതല്‍ പുതുമുഖങ്ങള്‍ മല്‍സരരംഗത്തിറങ്ങും.

തങ്ങളുടെ പ്രമുഖ നേതാക്കള്‍ അഴിമതി കേസില്‍ ജയിലില്‍ പോയതും ജാമ്യത്തിലാണ് പുറത്തുള്ളതെന്നും ആപ് മനസിലാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ തങ്ങളെ കുരുക്കിലാക്കിയതാണെന്ന് സമര്‍ത്ഥിച്ച് സഹതാപതരംഗം വിറ്റു വോട്ടാക്കാനാണ് ആപ് ശ്രമിക്കുന്നത്. ബിജെപിയാകട്ടെ ചൂലുമായി അഴിമതി തുടച്ചുനീക്കാന്‍ ഇറങ്ങിയവര്‍ അഴിമതിക്കാരാണെന്ന് സമര്‍ദ്ദിച്ച് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന ജയം ആവര്‍ത്തിച്ച് നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം കേന്ദ്രഭരണ പ്രദേശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. 1998ല്‍ സുഷമ സ്വരാജാണ് ഡല്‍ഹി അവസാനമായി ഭരിച്ച ബിജെപി മുഖ്യമന്ത്രി.

Read more