80 രൂപയ്ക്ക് ഒരു വോട്ടറെ നീക്കിയത് 'ബിജെപി മാജികോ'?

ഇംഗ്ലീഷ് ആല്‍ഫബെറ്റിലെ അക്ഷരങ്ങളില്‍ പലതും ഒറ്റയ്ക്ക് നിന്നും അഡ്രസുകളില്‍ വരിതെറ്റാതെ നിന്നും കൂടുതല്‍ വോട്ടര്‍മാര്‍ സൃഷ്ടിക്കപ്പെട്ട മണ്ഡലങ്ങളിലെ വോട്ടുകൊള്ള ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി വോട്ടര്‍മാരെ നീക്കിയ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ തെളിവ് നിരത്തി പുറത്തുവിട്ടത്. കര്‍ണാടകയിലെ അലന്ദ് സീറ്റിലെയടക്കം വോട്ടര്‍പട്ടികയില്‍ പേര് വെട്ടപ്പെട്ട കോണ്‍ഗ്രസ് അനുഭാവ വോട്ടര്‍മാരെ കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞുകളിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ നാം കണ്ടതാണ്. ആദ്യം അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും സംഘവും പിന്നീട് തങ്ങള്‍ വോട്ട് ക്രമക്കേടില്‍ സംശയം ഉണ്ടായ ഇടത്ത് പരാതി പരിഹരിക്കാന്‍ ശ്രമിച്ചുവെന്ന് വരെ പറഞ്ഞു മലക്കം മറിഞ്ഞു. ഇപ്പോള്‍ അലന്ദിലെ വോട്ടുവെട്ടലിലെ കാശ് ഇടപാടടക്കം കര്‍ണാടകയിലെ എസ്‌ഐടി അതായത് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്.

Read more

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താന്‍ ആസൂത്രിത നീക്കം നടന്നുവെന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടി. 80 രൂപയ്ക്ക് ഒരു വോട്ടറെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. അതില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പങ്കും സംശയാസ്പദമായി അന്വേഷണ പരിധിയിലാണ്. 2023 ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആലന്ദ് സീറ്റില്‍ വോട്ടര്‍മാരുടെ പേര് നീക്കം ചെയ്യാനായി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ഓരോ വ്യാജ പരാതിക്കും ഒരു ഡാറ്റാ സെന്റര്‍ ഓപ്പറേറ്റര്‍ക്ക് 80 രൂപ നല്‍കിയതായാണ് കേസ് അന്വേഷിക്കുന്ന കര്‍ണാടക പൊലീസ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. 2022 ഡിസംബര്‍ മുതല്‍ 2023 ഫെബ്രുവരി വരെ അലന്ദ് സീറ്റില്‍ ഇത്തരത്തില്‍ വോട്ടര്‍മാരുടെ പേര് വെട്ടാനുള്ള 6,018 അപേക്ഷകള്‍ ലഭിച്ചുവെന്നാണ് കണക്ക്. അപ്പോള്‍ 80 രൂപ ഒരു വോട്ടറിന്റെ പേര് വെട്ടുന്നതിന് കണക്കാക്കിയാല്‍ ആകെ 4.8 ലക്ഷം രൂപയ്ക്കാണ് അലന്ദില്‍ ഈ ക്രമക്കേട് നടന്നിരിക്കുന്നത്.