ട്രംപിനെ പേടിയാണോ മോദിക്ക്? എതിര്‍വാക്കില്ലാത്ത മയപ്പെടല്‍!

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തിയെന്ന പേര്‍ത്തും പേര്‍ത്തുമുള്ള അവകാശവാദങ്ങള്‍ മുടക്കമില്ലാതെ നടത്തുന്ന യുഎസ് പ്രസിഡന്റ് ഇക്കുറി ഇന്ത്യ റഷ്യയുടെ കയ്യില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. ഡിയര്‍ ഫ്രണ്ട് മോദി താന്‍ പറയുന്നതെല്ലാം അംഗീകരിക്കുന്നുവെന്ന ഗര്‍വിലാണ് ഇക്കുറിയും ട്രംപിന്റെ അവകാശവാദം. പക്ഷേ ഇതിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷന്‍ സിന്ദൂറിലെ ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കളയാത്തത് പോലെ തന്നെ മൗനം പാലിക്കുകയാണ്. നേരത്തെ വിദേശകാര്യ മന്ത്രാലയം ഇന്ത്യ- പാക് വിഷയത്തില്‍ പുറത്ത് നിന്ന് ആരും ഇടപെട്ടില്ലെന്ന് പ്രതിപക്ഷത്തിന്റെ വലിയ ഒച്ചപ്പാടും ബഹളവും കൊണ്ടു നിവര്‍ത്തിയില്ലാതെ മയത്തില്‍ പറഞ്ഞത് പോലെ തന്നെയാണ് റഷ്യന്‍ എണ്ണ കാര്യത്തിലും കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചുവെന്ന് അവകാശപ്പെട്ട ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇന്ത്യയോ റഷ്യയോ നല്‍കിയിട്ടില്ല. എന്നാല്‍ ട്രംപിന്റെ അമിതമായ കൈകടത്തല്‍ ഇന്ത്യന്‍ ഭരണത്തിലുണ്ടാവുന്നത് രാജ്യവ്യാപകമായി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുമ്പോള്‍ പോലും പ്രധാനമന്ത്രി മുന്നില്‍ വന്ന് പ്രതികരിക്കില്ലെന്ന് ഏവര്‍ക്കും അറിയാം. കാരണം ഇതുവരെ മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നില്‍ ഇരുന്നുകൊടുത്ത ചരിത്രം 56 ഇഞ്ചിന്റെ നെഞ്ചളവിന്റെ പ്രതീകത്തിനില്ല. മന്‍കി ബാത് എന്ന റേഡിയോ പ്രഭാഷണവും തിരിച്ചു ചോദ്യങ്ങളുണ്ടാവാത്ത ടെലിപ്രോംപ്റ്റര്‍ പ്രസംഗവും മാത്രമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി നടത്താറുള്ളത്. ഈ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയം സ്ഥിതി ഒന്നു തണുപ്പിക്കാന്‍ അസ്ഥിരമായ ഊര്‍ജ സാഹചര്യത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഇന്ത്യയുടെ സ്ഥിരമായ മുന്‍ഗണനയെന്ന് രാവിലെ പ്രതികരിച്ചിട്ടുണ്ട്.