10,000 രൂപയുടെ കനം: വീണടിഞ്ഞ് ആര്‍ജെഡി- കോണ്‍ഗ്രസ്- ഇടത് പാര്‍ട്ടികള്‍

റഫറി ഒരു ടീമിന് വേണ്ടി കളിക്കുന്ന കളിയില്‍ എതിര്‍ ടീം വിജയിക്കുമോ?. ബിഹാറിലെ എന്‍ഡിഎയുടെ കണ്ണിഞ്ചിപ്പിക്കുന്ന വിജയത്തില്‍ ചോദ്യങ്ങള്‍ ഒട്ടനവധി ഉണ്ട്. ഒപ്പം നിതീഷ് കുമാര്‍ എന്ന രാഷ്ട്രീയക്കാരന്റെ ജനപ്രിയ മുഖമുണ്ട്, ബിജെപിയുടെ കേഡര്‍ സംവിധാനങ്ങളുടേയും കേന്ദ്രത്തിലെ പദ്ധതി പ്രഖ്യാപനങ്ങളുടെ രാഷ്ട്രീയ സ്‌ട്രൈക്കിംഗ് മികവുമെല്ലാം ബിഹാറിലെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. സ്ത്രീ വോട്ടുകള്‍ ബിഹാറിന്റെ ഫലം നിര്‍ണയിക്കുമെന്ന ബിജെപി- ജെഡിയു തിരിച്ചറില്‍ മഹിള രോസ്ഗര്‍ യോജനയുണ്ടാക്കിയ ചലനമുണ്ട്. തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ഒക്ടോബറില്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ വീണ 10,000 രൂപയുടെ കനം കേന്ദ്രം ഭരിക്കുന്ന മുന്നണിയ്ക്ക് സംസ്ഥാനത്ത് വലിയ മെച്ചമുണ്ടാക്കി കൊടുത്തിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.് സംസ്ഥാനത്തെ 71.78 ശതമാനം സ്ത്രീകളും പോളിംഗ് ബൂത്തിലെത്തിയ തിരഞ്ഞെടുപ്പില്‍ ആ 10,000 രൂപയുടെ കനം ചില്ലറയല്ല.

Read more

മുഖ്യമന്ത്രി മഹിള രോസ്ഗര്‍ യോജന വഴി ഒക്ടോബറില്‍ 25 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടിലേക്കാണ് 10,000 രൂപ നിതീഷ് കുമാര്‍ സര്‍ക്കാര്‍ എത്തിച്ചുനല്‍കിയത്. 2500 കോടിയാണ് കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ഭരിക്കുന്ന എന്‍ഡിഎ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി കൈമാറിയത്. 10,000 കൊടുത്തത് മാത്രമല്ല 2 ലക്ഷം വരെ ഇനിയും കിട്ടാമെന്ന ഓഫറും നിതീഷ് മുന്നോട്ട് വെച്ചപ്പോള്‍ പട്ടിണി പാവങ്ങളുടെ ബിഹാറില്‍ അതുണ്ടാക്കിയ ചലനം ചെറുതായില്ല. അതായത് പിന്നാക്കക്കാര്‍, ഒബിസിയും ഇബിസിയും അടങ്ങുന്ന ജാതി രാഷ്ട്രീയത്തിന് മേല്‍ക്കൈയുള്ള ബിഹാറില്‍ മാസം 6000 രൂപ മാസവരുമാനമില്ലാത്ത ഒരു കോടിയോളം വരുന്ന ജനതയുണ്ട്. അവരിലെ നല്ലൊരു ശതമാനത്തിലേക്കാണ് ഈ 10,000 എത്തിച്ചേര്‍ന്നതെന്നതാണ് ഓര്‍ക്കേണ്ടത്.