ഒടുവിൽ മിസോറാം വഴി മണിപ്പൂരിൽ പ്രധാനമന്ത്രി മോദി!

വംശീയ കലാപത്തിൽ കത്തിയെരിഞ്ഞ മണിപ്പൂരിലേക്ക് രണ്ടേകാൽ കൊല്ലത്തിനൊടുവിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി എത്തിയിരിന്നു. പ്രതിപക്ഷം മാത്രമല്ല മാളോകരൊക്കെ എന്തു കൊണ്ട് മണിപ്പൂരിൽ പ്രധാനമന്ത്രി പോകുന്നില്ലെന്ന് കണ്ഠമിടറി രണ്ടേകാൽ കൊല്ലത്തോളം ചോദിച്ചു വശംകെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം. അതും മിസോറാമിലെ ഉദ്ഘാടന പ്രഖ്യാപന മഹാമഹങ്ങൾക്ക് ശേഷം ആ വഴി മണിപ്പൂരിലേക്ക്. ലക്ഷ്യം മറ്റ് ചില ഉദ്ഘാടന പ്രഖ്യാപനങ്ങളടക്കം.

Read more

2023 മേയ് മാസത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുള്ള മണിപ്പൂരിൽ ആളിക്കത്തിയ അണയാത്ത വംശീയ കലാപം ആ സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കി രണ്ടേകാൽ വർഷം പിന്നിട്ടപ്പോഴാണ് രാജ്യത്തെ പ്രധാനമന്ത്രി ആ നാട്ടിൽ കാല് കുത്തിയത്. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി മണിപ്പൂരിലെത്തയത്. സന്ദർശനത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളടക്കം പ്രധാനമന്ത്രി നിർവഹിച്ചിട്ടുമുണ്ട്. ഐസ്വാൾ സന്ദർശനത്തോടെയാണ് പ്രധാനമന്ത്രിയുടെ ത്രിദിന സന്ദർശനത്തിന് തുടക്കമിട്ടത്. മിസോറാമിനെ ഇന്ത്യൻ റെയിൽശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറാബി- സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി- സൈരംഗ് റെയിൽപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഐസ്വാളിൽ നിർവഹിച്ചു. പിന്നീട്
മിസോറമിൽനിന്ന് ഹെലികോപ്റ്ററിലാണ് മണിപ്പൂരിലെ കലാപകേന്ദ്രങ്ങളിലൊന്നായ ചുരാചന്ദ്പുരിലേക്കെത്താൻ മോദി തീരുമാനിച്ചിരുന്നത്. പക്ഷേ കനത്ത മഴ ഹെലികോപ്ടർ യാത്ര സാധ്യമാക്കിയില്ല. കാറിലാണ് മോദി മണിപ്പൂരിലെത്തിയത്.