മധ്യപ്രദേശിലെ ജബല്‍പൂരില്‍ വിഎച്ച്പിയായിരുന്നെങ്കില്‍ ഛത്തീസ്ഗഡിലേക്ക് വരുമ്പോള്‍ ബജ്‌റംഗിദളാണ്. വേട്ടയാടപ്പെട്ടത് വൈദികരും കന്യാസ്ത്രീകളും. ആദ്യത്തേത് കയ്യൂക്ക് കൊണ്ടുള്ള ആക്രമണമായിരുന്നെങ്കില്‍ ഇപ്പോഴത്തേത് ഭരണസംവിധാനങ്ങളെ കൂട്ടുപിടിച്ചുള്ള കേസാണ്. മതപരിവര്‍ത്തനവും മനുഷ്യക്കടത്തുമാണ് കന്യാസ്ത്രീകള്‍ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റം. ക്രൈസ്തവ മേലധ്യക്ഷന്മാര്‍ കേരളത്തിലടക്കം ബിജെപി പ്രീണന സമീപനം നടത്തുന്ന കാലത്താണ് ഉത്തരേന്ത്യയില്‍ ക്രൈസ്തവ സമൂഹം മുമ്പില്ലാത്ത വിധം ആക്രമിക്കപ്പെടുന്നത്. അരമന തോറും കേക്കും മാതാവിന് സ്വര്‍ണ കിരീടവുമൊക്കെ കൊണ്ട് കേറിയിറങ്ങുന്നവരുടെ മനസിലിരിപ്പ് ഇനിയും മനസിലായില്ലേ എന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യം കുറിക്ക് കൊള്ളുന്നതും അതുകൊണ്ടാണ്.
Read more
ക്രൈസ്തവ വോട്ടുകള്‍ കേരളത്തില്‍ പിടിക്കാന്‍ പഠിച്ച പണി 18ഉം ഒപ്പം തൃശൂരിലെ ലോക്‌സഭ വിജയത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി ബിജെപിയ്ക്ക് തുണയായെന്ന വിശകലനത്തില്‍ ക്രൈസ്തവ സമുദായാംഗമായൊരു കേന്ദ്രമന്ത്രിയെ കൂടി നല്‍കി ബിജെപി ശ്രമിക്കുന്നതിനിടയിലാണ് അങ്ങ് വടക്കേ ഇന്ത്യയില്‍ സംഘപരിവാരത്തിന്റെ തനിസ്വഭാവം അടിക്കടി പ്രകടമാകുന്നത്. എന്നിട്ടും കിട്ടിയ മന്ത്രിസ്ഥാനവും സ്ഥാനമാനങ്ങളും അളന്ന് തൂക്കുമ്പോള്‍ അരമനകളില്‍ ബിജെപിയ്ക്കനുകൂല സമീപനങ്ങള്‍ പലപ്പോഴും പുറത്തുവരുന്നത് ക്രൈസ്തവ സമൂഹത്തിന് മുന്നില്‍ ചൂണ്ടിക്കാണിക്കാനും വിമര്‍ശിക്കാനും ഈ അവസരം ചിലരെങ്കിലും ഉപയോഗപ്പെടുത്തുന്നുണ്ട്. മണിപ്പൂരിലടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടപ്പോഴും ഇവിടെ ബിജെപിയോട് മൃദുസമീപനം കാട്ടിയവരോട് സമുദായത്തിനുള്ളിലും പുറത്തും ചിലരെങ്കിലും കലഹിക്കുന്നുണ്ട്.
        






