ആശുപത്രിയിൽ പോവാൻ പറ്റാത്ത അത്ര അസുഖമോ; പ്രഗ്യാ സിംഗ് താക്കൂറിന് വീട്ടിലെത്തി വാക്സിൻ നൽകിയതിന് എതിരെ പ്രതിഷേധം

ബി.ജെ.പി എം.പി പ്ര​ഗ്യ സിം​ഗ് താക്കൂറിന് വീട്ടിലെത്തി കോവിഡ് വാക്സിൻ നൽകിയതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു.

ആഴ്ചകൾക്ക് മുമ്പ് പ്ര​ഗ്യ സിം​ഗ് ബാസ്ക്കറ്റ് ബോൾ കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ പ്ര​ഗ്യയ്ക്ക് വീട്ടിലെത്തി വാക്സിൻ നൽകിയതിനെതിരെ നിരവധി പേർ രം​ഗത്തെത്തി.

പ്രായമായവർക്കും അംഗപരിമിതർക്കും മാത്രമാണ് നിലവിൽ വീട്ടിലെത്തി വാക്‌സിൻ കൊടുക്കാൻ അനുവാദമുള്ളത്. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നാണ് മധ്യപ്രദേശ് സർക്കാർ പറഞ്ഞത്.

പ്രഗ്യയുടെ നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുൾപ്പെടെ എല്ലാ ബിജെപി നേതാക്കളും ആശുപത്രിയിലെത്തിയാണ് കുത്തിവയ്പ്പ് സ്വീകരിച്ചതെന്നും എന്തിനാണ് താക്കൂറിന് മാത്രം ഒരു പ്രത്യേക പരിഗണനയെന്നും കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ ചോദിച്ചു.

അതേസമയം മധ്യപ്രദേശിൽ വാക്‌സിൻ സെന്ററുകളിൽ വാക്‌സിനെടുക്കാനായി എത്തുന്നവരുടെ നീണ്ട നിര ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു.