''അനാവശ്യ പ്രചാരണം നടത്തി കേസ് വഴി തിരിച്ചു വിടുകയാണ്, ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കും'', ഇതിന് പിന്നില്‍ സിപിഎമ്മാണെന്നും പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അനാവശ്യ പ്രചാരണം നടത്തി കേസ് വഴിതിരിച്ച് വിടാനാണ് ഇപ്പോഴുള്ള ശ്രമമെന്ന് ഭാര്യ ബീന. പ്രചാരണത്തിന് പിന്നില്‍ സിപിഎമ്മാണ്. ഇത് തുടര്‍ന്നാല്‍ മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യണ്ടി വരും. വ്യാജവാര്‍ത്ത നല്‍കിയ പാര്‍ട്ടി മുഖപത്രം ദേശാഭിമാനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഭാര്യ ബീന പറഞ്ഞു.

സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി സിപിഎം മുഖപത്രമായ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
സാജന്റെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെന്നും ആത്മഹത്യക്ക് പിന്നിലെ കാരണം മറ്റെന്തെങ്കിലുമാണോയെന്ന് പരിശോധിക്കുമെന്നുമായിരുന്നു ദേശാഭിമാനി വാര്‍ത്തയിലെ ഉള്ളടക്കം.
പിന്നാലെ സാജന്റെ ഭാര്യയെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയില്‍ സിപിഎം അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും വ്യാപക പ്രചാരണം നടന്നു. ഇതേതുടര്‍ന്നാണ് സാജന്റെ ഭാര്യയും മക്കളും പ്രതികരണവുമായി രംഗത്തെത്തിയത്. അപവാദ പ്രചാരണം നടത്തി കേസ് വഴിതിരിച്ച് വിടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ദേശാഭിമാനി പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സാജന്റെ് ഭാര്യ ബീന പറഞ്ഞു.

Read more

ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയിലുളള കുടുംബ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത്തരത്തില്‍ പോലീസിന് മൊഴി നല്‍കിയെന്ന പ്രചാരണങ്ങള്‍ തെറ്റാണന്ന് സാജന്റെ മകള്‍ പറഞ്ഞു. പിതാവിന്റെ പേരിലുളള സിം കാര്‍ഡ് താനാണ് ഉപയോഗിക്കുന്നതെന്ന് സാജന്റെ മകന്‍ പറഞ്ഞു. സാജന്റെ കുടുംബം പാര്‍ട്ടിക്കെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങള്‍ സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്. സാജന്റെ ഡ്രൈവറെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.