കൊറോണ ഭീതിയിലും ലോക്ഡൗണില്ലാത്ത അമേരിക്കയിലെ ഒരിടം; സമുദ്ര നിരപ്പില്‍ നിന്ന് 5725 അടി ഉയരത്തില്‍

കോവിഡ് 19 രോഗത്തിന്റെ ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ലോക്ഡൗണ്‍ ഇല്ലാത്ത ചില സ്ഥലങ്ങള്‍ അമേരിക്കയിലുണ്ട്. തെക്കന്‍ ഡക്കോട്ടയിലെ മൗണ്ട് റഷ്മോര്‍ അത്തരത്തിലൊരു സ്ഥലമാണ്. പ്രസിഡന്റ്‌സ് മൗണ്ടന്‍ എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്. കാരണം, ജോര്‍ജ്ജ് വാഷിങ്ടണ്‍, തോമസ് ജെഫേഴ്‌സണ്‍, തിയോഡോര്‍ റൂസ്വെല്‍റ്റ്, എബ്രഹാം ലിങ്കണ്‍ എന്നിവരുടെ ശില്‍പം ഇവിടെ ഗ്രാനൈറ്റ് പാറയില്‍ കൊത്തിവെച്ചിട്ടുണ്ട്. ഓരോ വര്‍ഷവും മൂന്ന് ദശലക്ഷത്തിലധികം പേര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ടെന്നാണ് കണക്ക്. എന്നാല്‍ നിലവില്‍ ഇവിടെ തിരക്ക് കുറവാണ്.

സമുദ്രനിരപ്പില്‍ നിന്ന് 5725 അടി ഉയരത്തിലാണ് ഈ പ്രതിമാസമുച്ചയം സ്ഥിതി ചെയ്യുന്നത്. ശുദ്ധമായ പ്രകൃതിയാണ് റാഷ്‌മോര്‍ മലനിരകളുടെ പ്രധാന ആകര്‍ഷണം. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊക്കെ മാറി കുറച്ച് ശാന്തതയ്ക്കും ശുദ്ധവായുവിനുമായി നഗരവാസികളെല്ലാം ഓടിയണയുന്നത് ഈ സുന്ദര ദേശത്തിലേക്കാണ്. അതായിരിക്കാം ഈ പ്രദേശത്തെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കാന്‍ ഒരു കാരണം.

Mount Rushmore in South Dakota is drawing only the occasional handful of visitors. (Photo credit: AFP)

ലോക്ഡൗണ്‍ ഇല്ലെങ്കിലും മുന്‍കരുതല്‍ സ്വീകരിച്ചു കൊണ്ടാണ് സഞ്ചാരികളെല്ലാം മൗണ്ട് റഷ്മോര്‍ സന്ദര്‍ശിക്കാനെത്തുന്നത്. കൂടാതെ, മാസ്‌കുകളും ഗ്ലൗസുകളും ധരിക്കാനും അകലം പാലിക്കാനും അധികാരികളുടെ ഭാഗത്തു നിന്നും കര്‍ശന നിര്‍ദേശങ്ങളുമുണ്ട്. സന്ദര്‍ശകര്‍ക്ക് അതിരാവിലെ അഞ്ചു മണി മുതല്‍ രാത്രി പതിനൊന്നു മണി പ്രവേശനാനുമതിയുണ്ട്. പത്തുഡോളറാണ് റഷ്മോറിലേയ്ക്കു ഒരു വാഹനത്തിനുള്ള പ്രവേശന ഫീസ്.