ഞാന്‍ നിക്കണോ, അതോ പോണോ?; അഭിപ്രായ വോട്ടെടുപ്പു നടത്തി 'പണിപാളി' ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ മേധാവി സ്ഥാനത്തു നിന്നു ഇലോണ്‍ മസ്‌ക് ഒഴിയണോ? ചോദ്യം മറ്റാരുടേതുമല്ല, സാക്ഷാല്‍ മസ്‌കിന്റേത് തന്നെ. ഈ ചോദ്യവുമായി ട്വിറ്ററില്‍ വോട്ടെടുപ്പ് നടത്തുകയാണ് മസ്‌ക്. അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം താന്‍ അംഗീകരിക്കുമെന്നും മസ്‌ക് പറയുന്നു.

ട്വിറ്റര്‍ പോള്‍ തുടങ്ങി എട്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 14,700,559 ആള്‍ക്കാര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ഇതില്‍ 57.1 ശതമാനം പേര്‍ ഇലോണ്‍ മസ്‌ക് ഒഴിയണം എന്ന അഭിപ്രായക്കാരാണ്. എന്നാല്‍ 42.9 ശതമാനം പേര്‍ വേണ്ട എന്നും പറയുന്നു.

ഇതിന് പിന്നാലെ മറ്റ് ചില ട്വീറ്റുകളും മസ്‌ക് പങ്കുവെച്ചു. ‘മുന്നോട്ട് പോകുമ്പോള്‍, വലിയ നയപരമായ മാറ്റങ്ങള്‍ക്കായി ഒരു വോട്ടെടുപ്പ് ഉണ്ടാകും. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി സംഭവിക്കില്ല,’ അദ്ദേഹം ഒരു ട്വീറ്റില്‍ പറഞ്ഞു. ‘നിനക്കിഷ്ടമുള്ളത് കരുതിയിരിക്കുക എന്ന പഴഞ്ചൊല്ല് പോലെ, നിങ്ങള്‍ക്ക് അത് ലഭിച്ചേക്കാം.’ മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.

Read more

നേരത്തെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തിരികെ ട്വിറ്ററില്‍ കൊണ്ടുവരാന്‍ മസ്‌ക് പോള്‍ നടത്തിയിരുന്നു. ഇതില്‍ ഡ്രംപിനെ ട്വിറ്ററിലേക്ക് തിരികെ കൊണ്ടുവരണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. തുടര്‍ന്ന് മസ്‌ക് ഡ്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിച്ചിരുന്നു.