ഞാനാണിവിടെ രാജാവ്!, ബാത്ത്റൂം സിങ്കുമായി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ആസ്ഥാനത്ത്; കിളി പറന്ന ഭ്രാന്തനെന്ന് സോഷ്യല്‍ മീഡിയ

ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഒരു ഭ്രാന്തനെപ്പോലെ അയാള്‍ സഞ്ചരിക്കും. ലോകത്തിലെ ഒന്നാം നമ്പര്‍ സമ്പന്നനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഒരോ പ്രഖ്യാപനത്തിലും ഇലോണ്‍ മസ്‌ക് നല്‍കുന്ന ഞെട്ടിക്കല്‍ സോഷ്യല്‍ മീഡിയയില്‍ അദേഹത്തിന് പ്രത്യേക ആരാധകവൃന്ദത്തെ തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

ഇങ്ങനെയൊരു പ്രഖ്യാപനമായിരുന്നു ട്വിറ്റര്‍ ഏറ്റെടുപ്പും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനെ വാങ്ങുന്നതിന്റെ ഭാഗമായി മസ്‌ക് ഇന്നു ട്വിറ്റര്‍ ആസ്ഥാനം സന്ദര്‍ശിച്ചു. ബാത്ത്റൂം സിങ്കുമായി ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോ ഓഫീസിലേക്ക് പ്രവേശിക്കുന്ന വീഡിയോ മസ്‌ക് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇത് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ട്വിറ്ററില്‍ ഒരുപാട് നല്ല മനുഷ്യരെ കാണാന്‍ സാധിച്ചെന്നും മസ്‌ക് ട്വിറ്ററിലൂടെ അറിയിച്ചു.

നാളെയോടെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കുന്നത്. ഓഹരി ഒന്നിന് 52.78 ഡോളര്‍ നിരക്കിലാണ് ഇടപാട്. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ട്വിറ്റര്‍ ഡീലിനായി 13 ബില്യണ്‍ ഡോളറാണ് മസ്‌കിന് ബാങ്കുകള്‍ വായ്പ നല്‍കുന്നത്.

ട്വിറ്റര്‍ ഡീല്‍ അവസാനഘട്ടത്തിലേക്ക് എത്തിയതോടെ കമ്പനിയിയെ മസ്‌ക് എങ്ങനെയാവും പൊളിച്ചുവാര്‍ക്കുകയെന്ന് ലോകം ഉറ്റുനോക്കുകയാണ്. സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ട് വരുമാനം ഉയര്‍ത്താനാവും മസ്‌ക് ശ്രമിക്കുക. ഇടപാട് പൂര്‍ത്തിയാവുന്ന മുറയ്ക്ക് ട്വിറ്ററിലെ ജീവനക്കാരില്‍ 75 ശതമാനം പേരെയും പിരിച്ചുവിട്ടേക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ട്വിറ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത് നിര്‍ത്തിയാല്‍ മൂന്ന് മില്യണ്‍ ഡോളര്‍ ലാഭിക്കാമെന്ന് മസ്‌ക് പറഞ്ഞിരുന്നു. അതിനാല്‍ ട്വിറ്ററില്‍ ഒരു കൂട്ടുപിരിച്ചുവിടല്‍ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്.