റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരായ ആർഎസ്എസ് നേതാവ് എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേടാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എൻ ആർ മധുവിൻ്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
വ്യാപകമായ പ്രചാരവേലയാണ് നടക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സംഘപരിവാർ പുലർത്തിവരുന്ന ന്യൂനപക്ഷ ദളിത് വിരോധത്തിന്റെ ഭാഗമാണ് വിമർശനങ്ങളെന്നും ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും എംവിഗോവിന്ദൻ വ്യക്തമാക്കി. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെനന്നായിരുന്നു മധു പറഞ്ഞത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു വേടനെതിരായ എൻ.ആർ മധുവിന്റെ പ്രസംഗം.
വളർന്നു വരുന്ന തലമുറയിലേക്ക് വേടൻ വിഷം കുത്തിവെക്കുന്ന കലാഭാസമാണ് വേടൻ കാണിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു. വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും മധു പറഞ്ഞു. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു. വിഘടനവാദ സാഹിത്യം വളർന്നുവരുന്ന തലമുറയിലേക്ക് പടർത്തുകയാണ് ലക്ഷ്യം എന്നും ഇത്തരക്കാർ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നത് തടയണമെന്നും എൻ. ആർ മധു പറഞ്ഞിരുന്നു.