മെസി വരും മെസി വരും എന്ന് സന്തോഷിച്ച് നിന്ന ആരാധകർക്ക് നിരാശ. കേരളത്തിൽ ഈ വർഷം മെസിയും സംഘവും സൗഹൃദ മത്സരം കളിക്കാൻ എത്തില്ല എന്നാണ് പുതിയ വാർത്ത. ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളിൽ തീരുമാനം ആയതോടെ മെസി കേരളത്തിൽ എത്തില്ല. ഒക്ടോബറിൽ ചൈനയിൽ അർജന്റീന രണ്ട് മത്സരങ്ങൾ കളിക്കും എന്ന് ഉറപ്പായിട്ടുണ്ട്. അതിലൊന്നിൽ ചൈന തന്നെ എതിരാളികൾ ആകും. നവംബറിൽ ആഫ്രിക്കയിലും ഖത്തറിലും അർജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തിൽ അംഗോള എതിരാളികൾ ആകും. ഖത്തറിൽ അർജന്റീന അമേരിക്കയെ നേരിടും. ഈ വർഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിക്കും. തുടർന്ന് ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്ക് പുറപ്പെടുന്നത്.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ കൂടി കാഴ്ച്ചയിൽ മെസിയടക്കം വമ്പൻ താരങ്ങൾ കേരളത്തിലേക്ക് വരും എന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ നേരത്തെ പറയുക ആയിരുന്നു. മുമ്പ് 2011 ൽ മെസി അടക്കമുള്ള അര്ജന്റീന താരങ്ങൾ കൊൽക്കത്തയിൽ സൗഹൃദ മത്സരം കളിച്ചിരുന്നു.
സ്പെയിനിൽ നടന്ന ചർച്ച പൂർണ വിജയം എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. അർജന്റീനക്ക് ഒരുപാട് ആരാധകർ ഉള്ള നാടായതിനാൽ തന്നെ വലിയ ആവേശത്തിലാണ് ആരാധകർ മെസിയുടെ വരവിനായി കാത്തിരുന്നത്.