ഐഫോണ്‍ 15ന് 'വഴി'കാട്ടുന്നത് ഐഎസ്ആര്‍ഒ; ജിപിഎസിനു ബദലായി നാവിക്; കാര്‍ഗില്‍ യുദ്ധകാലത്ത് അമേരിക്കയുടെ പ്രതികാരത്തില്‍ പിറന്ന ഇസ്രോയുടെ 'കുഞ്ഞ്'; ആപ്പിളിനെ വരെ ഞെട്ടിച്ച അത്ഭുതം

ആപ്പിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ് എന്നീ മോഡലുകള്‍ക്ക് വഴികാട്ടുന്നത് ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒ. ജിപിഎസ് അടക്കമുള്ള നിലവിലെ നാവിഗേഷന്‍ സംവിധാനങ്ങള്‍ക്ക് പുറമെയാണ് ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത ‘നാവിക്’ (നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍) ആപ്പിള്‍ ഫോണ്‍ ഉപയോഗിക്കുന്നത്.

ഇന്ത്യയില്‍ നാവിക് ആദ്യമായി പ്രവര്‍ത്തനസജ്ജമായത് 2018ല്‍ ആണ്. നേരത്തെ ഉണ്ടായിരുന്ന ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന് (ഐആര്‍എന്‍എസ്എസ്) പകരമായാണ് ഇത് ഐഎസ്ആര്‍ഒ വികസിപ്പിച്ചത്.

വിദേശ ഗവണ്‍മെന്റുകളുടെ നിയന്ത്രണത്തിലുള്ള ആഗോള നാവിഗേഷന്‍ സിസ്റ്റങ്ങളിലുള്ള രാജ്യത്തിന്റെ ആശ്രിയം കുറയ്ക്കാനാണ് നാവിക് ഐഎസ്ആര്‍ഒ വികസിപ്പിച്ചത്. 1999ല്‍ കാര്‍ഗില്‍ യുദ്ധ സമയത്ത് മേഖലയുടെ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റത്തിന്റെ ഡേറ്റ നല്‍കണമെന്ന് അമേരിക്കയോട് ഇന്ത്യന്‍ സൈന്യം അഭ്യര്‍ത്ഥിച്ചു. ഇത് നിരസിക്കപ്പെട്ടു. ഇതിനുള്ള പ്രതികാരവും കൂടിയാണ് നാവിക് നിര്‍മിതിയില്‍ ഇന്ത്യയെ എത്തിച്ചത്.

ജിപിഎസിനു ബദലായി ഭാരതത്തിന്റെ സ്വന്തം ഇസ്രോയാണ് ഈ സാങ്കേതികവിദ്യ നിര്‍മ്മിച്ച് എടുത്തത്.’നാവിക്’ ടെക്നോളജി ഏഴു സാറ്റലൈറ്റുകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയടക്കം ചില ഭൂപ്രദേശങ്ങളില്‍ നിലവിലുള്ള വിദേശസിസ്റ്റങ്ങളെക്കാള്‍ കൃത്യത നാവികിന് കൈവരിക്കാനായിരുന്നു. ഇതാണ് ആപ്പിളിനെ പോലും ആകര്‍ഷിച്ചത്. ‘നാവികിന് സപ്പോര്‍ട്ട് നല്‍കാനായി സദാസമയവും പ്രവര്‍ത്തിക്കുന്ന ഭൂതല സ്റ്റേഷനുകളും ഇസ്രോയ്ക്ക് ഉണ്ട്.

നാവിക് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ജിപിഎസ്, യൂറോപ്പിലെ ഗലീലിയോ പോലുള്ള മറ്റ് ആഗോള നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റങ്ങള്‍ക്ക് സമാനമാണ്. ജിയോസ്റ്റേഷനറി, ജിയോസിന്‍ക്രണസ് ഭ്രമണപഥങ്ങളിലെ ഏഴ് ഉപഗ്രഹങ്ങളുടെ ഒരു സമൂഹമാണ് നാവികിനെ സഹായിക്കുക.

അമേരിക്കയുടെ ഗ്ലോബല്‍പൊസിഷണിങ് സിസ്റ്റം അഥവാ ജിപിഎസായിരുന്നു ഐഫോണുകളില്‍ ലഭ്യമായിരുന്നത്. ജിപിഎസിനു പകരമാണ് ചില സ്ഥലങ്ങളില്‍ നാവിക പ്രവര്‍ത്തിക്കുക.

കരയിലും കടലിലും വായുവിലും വാഹനങ്ങളുടെ നാവിഗേഷനായി നാവിക് ഉപയോഗിക്കാം. ഐഫോണ്‍ 15 പ്രോ സീരിസിന്റെ സെല്ലുലാര്‍ ആന്‍ഡ് വയര്‍ലെസ് വിഭാഗത്തിലാണ് നാവിക് ലഭിക്കുക. ഐ ഫോണിന്റെ മറ്റു മോഡലുകളില്‍ ഈ പ്രാദേശിക ജിപിഎസ് സാങ്കേതികവിദ്യ നിലവില്‍ ലഭ്യമല്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

2025 ജനുവരി ഒന്ന് മുതല്‍ നാവിക് കൂടി പിന്തുണയ്ക്കുന്ന തരത്തില്‍ 5ജി ഫോണുകള്‍ ഇറക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. മറ്റ് ഫോണുകള്‍ 2025 ഡിസംബര്‍ മുതലും നാവിക് പിന്തുണയ്ക്കണമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

2025 ജനുവരി 1-നകം 5 ജി സ്മാര്‍ട്ട്ഫോണുകള്‍ക്കും 2025 ഡിസംബറോടെ മറ്റ് സ്മാര്‍ട്ട്ഫോണുകള്‍ക്കും നാവിക് സപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ ദിശ നിര്‍ണയസംവിധാനമായ

സിസ്റ്റം ഡിസൈനുകളില്‍ ഇന്ത്യന്‍ നിര്‍മിതമോ ഇന്ത്യയില്‍ രൂപകല്‍പന ചെയ്തതോ ആയ, നാവിക് പിന്തുണയ്ക്കുന്ന ചിപ്പുകള്‍ ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയതായി അവതരിപ്പിച്ച ഐഫോണ്‍ 15 ശ്രേണിയിലെ പ്രോ, പ്രോ മാക്‌സ് മോഡലുകളില്‍ നാവിക് സംവിധാനവും ആപ്പിള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റ് പ്രഖ്യാപനം എത്തുന്നത്. ”ടെക് രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആപ്പിള്‍, തങ്ങളുടെ പുതിയ ഐഫോണ്‍ സീരിസില്‍ നാവിക് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് ഇന്ത്യക്കു ലഭിച്ച അംഗീകാരമാണ്.

ഐഫോണ്‍ 15 ന്റെ പ്രഖ്യാപനത്തില്‍ രണ്ട് വലിയ നാഴികക്കല്ലുകളുണ്ടായിട്ടുണ്ട്. ഒന്നാമത്തേത് ന്യൂയോര്‍ക്കിലോ ടോക്കിയോയിലോ ലണ്ടനിലോ ഉള്ള ഉപഭോക്താക്കള്‍ക്ക് ഐ ഫോണ്‍ 15 ലഭിക്കുന്ന ദിവസം തന്നെ ഇന്ത്യക്കാര്‍ക്കും ലഭിക്കുമെന്നതാണ്. ഐഎസ്ആര്‍ഒ വികസിപ്പിച്ച നാവിസ് ജിപിഎസ് സാറ്റലൈറ്റ് സിസ്റ്റം ഈ ഐഫോണില്‍ ഉണ്ടായിരിക്കും എന്നതാണ് രണ്ടാമത്തേത്” ചന്ദ്രശേഖര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഇതിനകം രാജ്യത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും വാണിജ്യ വാഹനങ്ങളിലും നാവികിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാണ്. സൈനിക ആവശ്യങ്ങള്‍ക്ക് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് നാവികിനെയാണ്. ഇന്ത്യന്‍ ഭൂപ്രദേശം മുഴുവനും രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിമീ പരിധിയിലുമാണ് നാവികിന്റെ സേവനം ലഭ്യമാകുക.