ഇ.പി.ജയരാജന്റെ റിട്ടയര്‍മെന്റ് 'ഇടവേള'യ്ക്ക് ശേഷം എന്ത്?

വിജു വി. വി

ഇ.പി.ജയരാജന്‍ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് വൊളന്ററി റിട്ടയര്‍മെന്റ് എടുത്തു. തിരഞ്ഞെടുപ്പുകാലം അല്ലായിരുന്നെങ്കില്‍ മലയാള മാധ്യമങ്ങള്‍ ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്‌തേക്കാവുന്ന വിഷയമായിരുന്നു അത്. ഉപമയിലോ ഉത്‌പ്രേക്ഷയിലോ അല്ല അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞത്, നല്ല കല്യാശേരി മലയാളത്തില്‍ തന്നെ. “ഇനി ഞാനൊരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. മൂന്നു ടേം എം.എല്‍.എയായി. മന്ത്രിയായി. പുറത്തുപോയപ്പോ തിരിച്ചുവരണം എന്നാഗ്രഹിച്ചിരുന്നു. സത്യം ജനങ്ങളെ ബോധ്യപ്പെടുത്തി എന്റെ സംശുദ്ധത ജനങ്ങളെ അറിയിക്കണം എന്നുണ്ടായിരുന്നു. ഇനി അതിനപ്പുറത്തേക്ക് ഞാന്‍ ഉദ്ദേശിക്കുന്നില്ല”-അതായിരുന്നു പ്രസ്താവന.

അഞ്ചുവര്‍ഷം മുമ്പ് പിണറായി വിജയന്‍ സര്‍ക്കാര്‍ ചുമതലയേറ്റപ്പോള്‍ ബന്ധുവിനെ സര്‍ക്കാര്‍ വകുപ്പില്‍ നിയമിച്ചു എന്നതായിരുന്നു ജയരാജനെതിരെയുള്ള ആരോപണം. സര്‍ക്കാരിന്റെ പ്രതിഛായ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ജയരാജനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. രാജിവെച്ചെങ്കിലും മന്ത്രിയായി തന്നെ തിരിച്ചെത്തി. പക്ഷേ, അഞ്ചുവര്‍ഷം തികയുമ്പോള്‍ മാറിനില്‍ക്കാന്‍ നിര്‍ദേശിച്ച മുഖ്യമന്ത്രിയുടെ തന്നെ വകുപ്പില്‍ യോഗ്യതയില്ലാത്തവര്‍ക്ക് വന്‍ശമ്പളം നല്‍കി നിയമനം നടത്തിയ വിവാദം മായ്ച്ചുകളയാന്‍ കഴിയുന്നില്ലെന്നത് വൈരുധ്യമായി നിലനില്‍ക്കുന്നു. പ്രത്യേകചുമതലകളുള്ള ഐ.ടി സെക്രട്ടറി ജയിലില്‍ പോകുന്നു. ജയരാജന്‍ പറഞ്ഞുതുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെയും ചില കാര്യങ്ങളുണ്ട്.

“കാണുന്നതുപോലെയല്ല, എനിക്ക് പ്രായമായി. രോഗം വന്നു. തിരഞ്ഞെടുപ്പുപോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിപ്രവര്‍ത്തിക്കാനുള്ള ആരോഗ്യസാധ്യതകള്‍ കുറഞ്ഞുവരുന്നു. നിങ്ങള്‍ കാണുന്ന പ്രായമല്ല എനിക്ക്.”-ഇതായിരുന്നു തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. എഴുപതുവയസൊക്കെ രാഷ്ട്രീയത്തില്‍ റിട്ടയര്‍മെന്റിനുള്ള പ്രായമാണോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “ആണ്” എന്ന് ഉറപ്പിച്ച മറുപടി. “പാര്‍ട്ടിയെ നയിക്കാനുള്ള പ്രായമാണ്” എന്ന ഓര്‍മിപ്പിക്കലിന് (ചിരിച്ചുകൊണ്ട്) “എന്ന് നിങ്ങള്‍ കരുതുന്നു. ഞാനതല്ല ധരിക്കുന്നത്. എന്റെ പ്രായം കുറച്ച് ക്ഷീണിതനാക്കുന്ന പ്രായമാണ്” എന്ന് മറുപടി. എന്നാല്‍ പിണറായി വിജയനും ഏതാണ്ട് ഇതേ പ്രായമല്ലേ എന്ന ചോദ്യത്തിന് മറുപടി പാതി കാര്യമായും പാതി അതിശയോക്തിയായും ആണ് പ്രതികരിക്കുന്നത്.

“അദ്ദേഹത്തിനടുത്തൊന്നും ഞങ്ങള്‍…അദ്ദേഹം ആരാ? അദ്ദേഹം പ്രത്യേക കഴിവും ശക്തിയും ഊര്‍ജവുമുള്ള മഹാമനുഷ്യനാണ്. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ സാധിച്ചെങ്കില്‍ ഞാന്‍ മഹാപുണ്യവാനായിത്തീരും. അദ്ദേഹം ആകാന്‍ കഴിയുന്നില്ലല്ലോ എന്നതാണ് എന്റെ ദുഖം.”

“ഏത് കാര്യത്തെക്കുറിച്ചു ചോദിച്ചാലും അദ്ദേഹം അതില്‍ അനുഭവജ്ഞാനമുള്ള പൊളിറ്റീഷ്യന്‍ ആയിരിക്കും. അറിവിന്റെ ആളായിരിക്കും. അദ്ദേഹത്തിന് ഏതുകാര്യത്തെ കുറിച്ചും ഒരു നിരീക്ഷണമുണ്ട്. നിങ്ങള്‍ പരീക്ഷിച്ചുനോക്കൂ. അദ്ദേഹത്തിന് ഏതുകാര്യത്തിലും നിശ്ചയദാര്‍ഢ്യമുണ്ട്. ഒരു ഭരണാധികാരി, ഒരു രാഷ്ട്രീയനേതാവ്, ഒരു സാമൂഹ്യസേവകന്‍, ജനസേവകന്‍, സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളൊക്കെ ഏത് നിലയില്‍ നിങ്ങളെടുത്തുനോക്കിക്കോളൂ…

ഈ പ്രകൃതിയെക്കുറിച്ചും പ്രകൃതിയിലെ സംഭവങ്ങളെക്കുറിച്ചുമൊക്കെ വലിയ അറിവും പരിജ്ഞാനവുമുള്ള ആളാണ്. നാടിന്റെ സംരക്ഷണത്തിന് വേണ്ടി അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്.”

“തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റാത്തതിന്റെ നിരാശയില്‍ നിന്നല്ലേ നിങ്ങളിതൊക്കെ പറയുന്നത്” എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് “അങ്ങനെ വ്യാഖ്യാനിച്ചോളൂ” എന്നു പറഞ്ഞ് എഴുന്നേറ്റു പോകുന്നു.

ഇ.പി.ജയരാജന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് കേള്‍ക്കുന്നവര്‍ മനസിലാക്കട്ടെ. പക്ഷേ, ഇത് നല്‍കുന്ന നിരവധി സൂചനകളുണ്ട്. കണ്ണൂരിലെ വെറുമൊരു നേതാവല്ല ജയരാജന്‍. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗമാണ്. ഊരിപ്പിടിച്ച കത്തികള്‍ക്കിടയിലൂടെ നടന്നിട്ടില്ലെങ്കിലും കഴുത്തില്‍ വെടിയേറ്റിട്ടുണ്ട്. മറ്റുജയരാജന്മാരെ അപേക്ഷിച്ച് സരസനും തോന്നിയത് നേരെ പറയുന്നയാളുമാണ്. പരിപ്പുവടയും കട്ടന്‍ചായയും കൊണ്ട് ഇക്കാലത്ത് പാര്‍ട്ടി വളര്‍ത്താന്‍ പറ്റില്ല എന്നത് ഒരു പരിധിവരെ യാഥാര്‍ഥ്യമാണ്. പക്ഷേ അതുപറഞ്ഞപ്പോള്‍ പ്രത്യയശാസ്ത്ര വ്യതിയാനമായി ഒക്കെ വ്യാഖ്യാനിച്ച് ബുദ്ധിജീവികള്‍ എത്തി. കണ്ണൂരിലെയും ഒരു പരിധിവരെ കേരളത്തിലെയും സി.പി.എമ്മിന്റെ പവര്‍ സെന്ററുകളിലൊന്നായിരുന്നു ഇ.പി.ജയരാജന്‍. ചെറുകിട ഇടത്തരം കച്ചവടക്കാരുടെ സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ നേതാവായിരുന്നു. ചെറുകിടക്കാരുടെ മാത്രമല്ല, എന്‍.ആര്‍.ഐകളെയും കോര്‍പറേറ്റുകളെയും പോലും പാര്‍ട്ടിയുമായി ബന്ധപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. പാര്‍ട്ടിക്കായി സാമ്പത്തിക സമാഹരണം നടത്തുന്നതില്‍ പ്രധാനി. കിങ്ഫിഷറിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ കണ്ണൂരില്‍ നായനാര്‍ ഫുട്‌ബോള്‍ സംഘടിപ്പിച്ചത് ജയരാജനായിരുന്നു. ഒരുകാലത്ത് കണ്ണൂരിലെ കലക്ടര്‍മാര്‍പോലും ഭയപ്പാടോടെ കണ്ടിരുന്ന പി.ശശി എന്ന ജില്ലാസെക്രട്ടറിയെ അനായാസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നേതാവാണ്. രണ്ടുകോടി പാര്‍ട്ടി പത്രത്തിന് സംഭാവനവാങ്ങി എന്നാരോപണം വന്നപ്പോള്‍ എല്ലാത്തിന്റെയും ഉത്തരവാദിത്തം എടുത്തയാളാണ്. ഇന്ന് ആ രണ്ടുകോടി എന്നത് ഒരാരോപണം ഉന്നയിക്കാനുള്ള തുകയായി പാര്‍ട്ടിയിലുള്ളവര്‍ക്കുപോലും തോന്നാനിടയില്ല. മാത്രമല്ല, ദേശാഭിമാനി ജനറല്‍ മാനേജര്‍ എന്ന നിലയില്‍ പത്രത്തെ പ്രൊഫഷണല്‍ ആക്കിയതില്‍ ജയരാജനുള്ള പങ്ക് ചെറുതല്ല. പക്ഷേ, പ്രത്യയശാസ്ത്രവാചാടോപങ്ങള്‍ കൊണ്ട് മാധ്യമങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവില്ല.

ജയരാജന്റെ പിന്‍വാങ്ങല്‍ സൂചിപ്പിക്കുന്ന മറ്റൊരുകാര്യമുണ്ട്. പാര്‍ട്ടിയിലെ അധികാരവും പണവും ഒരിടത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ഇനി ധനസമാഹരണത്തിനായി വേറൊരു നേതാവിന്റെ ആവശ്യമില്ല. അത്തരമൊരു സാഹചര്യം ഒരാള്‍ക്ക് നല്‍കുന്ന ആജ്ഞാശക്തി ചെറുതല്ല. ഈ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ സോഷ്യല്‍മീഡിയ ഇടപെടലുകള്‍ തന്നെ നോക്കുക. ആക്ഷേപങ്ങളും പുലഭ്യങ്ങളും കൊണ്ട് കളംനിറയുമായിരുന്ന സൈബര്‍ പോരാളികള്‍ ഈ തിരഞ്ഞെടുപ്പുകാലത്ത് സ്വിച്ചിട്ടപ്പോലെ മാന്യന്മാരായി മാറുന്നു. എല്ലാക്കാലത്തും അധിക്ഷേപങ്ങള്‍ നിറഞ്ഞിരുന്ന കെ.കെ.രമയുടെ പോലും സാമൂഹ്യമാധ്യമ കമന്റ് ബോക്‌സുകളില്‍, സ്ഥാനാര്‍ഥിയായതിനുശേഷവും ശാന്തതയും സമാധാനവും. ഇത് തുറന്നിടുന്ന സാധ്യതകള്‍ ഏറെയാണ്. ആളുകളുടെ പെരുമാറ്റം പോലും നിയന്ത്രിക്കാനാകുമെങ്കില്‍ കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളും സ്വിച്ചിട്ടപോലെ നിര്‍ത്താന്‍ കഴിയും.

ഈ തിരഞ്ഞെടുപ്പ് സി.പി.എമ്മിനെയും കേരളത്തെയും സംബന്ധിച്ചിടത്തോളം രാഷ്ട്രീയവും സാമൂഹ്യവുമായ കളംമാറ്റത്തിന്റെ വേദിയാണ്. വടക്കേ മലബാര്‍ കേന്ദ്രീകരിച്ചുള്ള ഒരു എത്‌നിക് പാര്‍ട്ടി എന്ന നിലയില്‍ നിന്ന് പാന്‍ കേരള സ്വഭാവമുള്ള പാര്‍ട്ടിയാക്കിമാറ്റാനുള്ള ശ്രമം പ്രകടമാണ്. കണ്ണൂര്‍ പാര്‍ട്ടിയെന്ന് പേര് മാറ്റിയെടുക്കാനുള്ള വ്യഗ്രത ഉണ്ട്. മാത്രവുമല്ല, കണ്ണൂരിലെ ജയരാജന്‍മാരും കോടിയേരിയും ഉള്‍പ്പെടെ ഒരുപാടുനേതാക്കള്‍ ഇത്തവണ മത്സരിക്കുന്നില്ല. ഇതിന്റെ ഭാഗമായി വടക്കേമലബാറിലെ ചില പരമ്പരാഗത സീറ്റുകള്‍ സി.പി.എമ്മിന് നഷ്ടപ്പെട്ടുകൂടായ്കയുമില്ല. പൊതുവെ സി.പി.എമ്മിന്റെ വോട്ടുബാങ്കായിരുന്ന പിന്നാക്ക-ഈഴവ-തീയ സമുദായങ്ങളില്‍ നിന്ന് മധ്യകേരള-തിരുവിതാംകൂര്‍ ഇന്‍ഫ്‌ളുവന്‍ഷ്യല്‍ മിഡില്‍ ക്ലാസിലേക്ക് മാറാനുള്ള ശ്രമമാണ് ഇപ്പോഴുള്ളത്. പിന്നാക്ക വിഭാഗങ്ങളെ കൈയൊഴിയുകയല്ല, പകരം കിറ്റ് പോലുള്ള പൊടിക്കൈകളിലൂടെ ആശ്രിതവിഭാഗമായി നിലനിര്‍ത്തുന്നു. ഈ ആശ്രിതത്വം പ്രചാരണങ്ങളിലൂടെ നിരന്തരം പുനരുത്പാദിപ്പിക്കപ്പെടുന്നു. ജനാധിപത്യസമൂഹത്തില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അത് തരുന്ന നേതാവിനോടോ സര്‍ക്കാരിനോടോ കടപ്പാട് രേഖപ്പെടുത്തേണ്ട ആവശ്യമില്ല. അത് ഫ്യൂഡലിസത്തില്‍ മാത്രമേ ആവശ്യമുള്ളൂ.

അതേസമയം, പാര്‍ട്ടിയുടെ നയരൂപീകരണത്തില്‍ സ്വാധീനം ചെലുത്താനാകുന്ന തരത്തില്‍ എന്‍.ആര്‍.ഐകള്‍ ഉള്‍പ്പെടെയുള്ള വരേണ്യമധ്യവര്‍ഗത്തെ കൊണ്ടുവരുന്നു. ദാരിദ്യത്തിന്റെ സാമാന്യവത്കരണം എന്നത് സ്വാഭാവികമായും മധ്യവര്‍ഗത്തിന് സമ്പത്ത് കേന്ദ്രീകരിക്കാനുള്ള സാഹചര്യം കൂടുതല്‍ ഒരുക്കും. കാരണം, സര്‍പ്ലസ് വരുമാനമുള്ള ഇടത്തരം കുടുംബത്തിനും തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും നേരിടുന്ന ദരിദ്രകുടുംബത്തിനും കിറ്റ് ഒരേ ഫലമല്ല ഉണ്ടാക്കുക. സര്‍ക്കാരിന്റെ കണക്കില്‍ എല്ലാ കിറ്റുകള്‍ക്കും ഒരു തുകയാണെങ്കില്‍ പണമുള്ളവനും ഇല്ലാത്തവനും രണ്ടുരീതിയിലാണ് ഇത് അനുഭവപ്പെടുക. വരുമാനമുള്ളവന് മിച്ചം വരുന്ന തുക മറ്റൊരുമേഖലയിലേക്ക് സ്വരുക്കൂട്ടിവെക്കാം.

പാര്‍ട്ടി ബേസിന്റെ ഇന്‍ഫ്‌ളുവന്‍ഷ്യല്‍ മിഡില്‍ ക്ലാസിലേക്കുള്ള ചുവടുമാറ്റം ഒരു കൈവിട്ട കളിയാണ്. എന്‍.എസ്.എസ് പോലുള്ള സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമം ഫലപ്രദമായിട്ടില്ല. കേരള കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളുമായുള്ള സംഘര്‍ഷം മറ്റൊരുവശത്തുമുണ്ട്. എല്ലാം തലകുലുക്കി അനുസരിക്കാന്‍ നിര്‍ബന്ധിതരാകുന്ന ദരിദ്രവിഭാഗങ്ങളെപ്പോലെയല്ല സ്വാധീന മധ്യവര്‍ഗം. വിജയിക്കുകയാണെങ്കില്‍ കേരളരാഷ്ട്രീയത്തില്‍ സാമ്പത്തിക ഭദ്രതയില്ലാത്ത, കേഡര്‍ സ്വഭാവമില്ലാത്ത പലപാര്‍ട്ടികളും അടുത്ത അഞ്ചുവര്‍ഷം കൊണ്ട് മണ്ണടിയും. കോണ്‍ഗ്രസും സി.പി.ഐയും എല്ലാം അതിലുണ്ടാകും. കോണ്‍ഗ്രസിനെപ്പോലുള്ള പാര്‍ട്ടികള്‍ക്ക് ഇത് ഭരണത്തിന് വേണ്ടിയുള്ള പോരാട്ടമല്ല, മറിച്ച് നിലനില്‍പ്പിനുവേണ്ടിയുള്ളതാണ്. അതേസമയം, ചുവടുമാറ്റം പരാജയപ്പെടുകയാണെങ്കില്‍ മറ്റൊരു “ജനാധിപത്യസ്വഭാവമുള്ള”, സി.പി.എമ്മിനെയായിരിക്കും കാണുക. അപ്പോള്‍ ഇ.പി.ജയരാജനെപ്പോലുള്ളവര്‍ ഇപ്പോള്‍ പറയുന്ന വാചകങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക് വന്നേക്കും. യഥാര്‍ഥത്തില്‍ ജയരാജന്‍ പറഞ്ഞത് കളിയാണോ കാര്യമാണോ എന്ന് പലര്‍ക്കും മനസിലായിട്ടില്ല. തിരഞ്ഞെടുപ്പു ഫലം വന്നുകഴിഞ്ഞാല്‍ ചിലപ്പോള്‍ മാത്രം ഇതിനൊരു രണ്ടാംപകുതി ഉണ്ടാകും. അല്ലെങ്കില്‍ ടീമിലിടം കിട്ടാത്ത ഒരാളുടെ വിരമിക്കല്‍ പ്രഖ്യാപനം എന്ന നിലയില്‍ അത് ഒതുങ്ങിപ്പോകും.

Read more

(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗവേഷകനും സ്വതന്ത്ര മാധ്യമ പ്രവർത്തകനുമാണ് ലേഖകൻ)