നിയന്ത്രിത സത്യസന്ധതയുടെ ശബ്ദം:  അര്‍ണബ് ഗോസ്വാമിയുടെ ‘തിരിച്ചുവരവ്’ ഒരു മനസാക്ഷിയോ, ഒരു തന്ത്രമോ?

റിപബ്ലിക് ടിവിയുടെ നിലപാട് മാറ്റത്തെക്കുറിച്ച് വിശദീകരണവുമായി ചാനല്‍ മേധാവിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ തന്നെ രംഗത്തെത്തിയ നിമിഷം മുതല്‍ ഇന്ത്യന്‍ മാധ്യമ–രാഷ്ട്രീയ ലോകം ഒരു ചോദ്യത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതൊരു മനസാക്ഷിയുടെ ഉണര്‍വോ, അതോ കൃത്യമായി കണക്കുകൂട്ടിയ ഒരു നീക്കമോ? ലൈവ് ‘Ask Me Anything’ പരിപാടിയില്‍ “തെറ്റ് തെറ്റു തന്നെയാണ്, അത് വിളിച്ചുപറഞ്ഞതില്‍ ആര്‍ക്ക് വിഷമമുണ്ടായാലും എനിക്ക് പ്രശ്‌നമില്ല” എന്ന് അര്‍ണബ് പ്രഖ്യാപിച്ചപ്പോള്‍ ആ വാചകം ഒറ്റയ്ക്ക് ഒരു രാഷ്ട്രീയ പ്രഖ്യാപനമായി മാറി. ബിജെപിക്കും മോദി സര്‍ക്കാരിനുമെതിരെ തിരിഞ്ഞുവെന്ന തരത്തില്‍ അത് വായിക്കപ്പെട്ടു. ചിലര്‍ അതിനെ ധൈര്യത്തിന്റെ തിരിച്ചുവരവായി വിശേഷിപ്പിച്ചു. ചിലര്‍ ‘അവസാനം മാധ്യമധര്‍മ്മം ഓര്‍മ്മ വന്നുവല്ലോ’ എന്ന ആശ്വാസം പ്രകടിപ്പിച്ചു. പക്ഷേ ഈ ആവേശങ്ങള്‍ക്കിടയില്‍ ജനങ്ങളുടെ വലിയൊരു വിഭാഗം അനങ്ങാതെയിരുന്നു. അവര്‍ കൈയ്യടിച്ചില്ല. അവര്‍ വിശ്വസിച്ചില്ല.

അര്‍ണബ് പറയുന്ന കഥ കേള്‍ക്കാന്‍ ലളിതവും സുന്ദരവുമാണ്. സര്‍ക്കാര്‍ അനുകൂലമോ വിരുദ്ധമോ എന്ന ലേബലുകള്‍ മാധ്യമപ്രവര്‍ത്തനത്തിന് ബാധകമല്ല. നിങ്ങള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ആരും കേള്‍ക്കില്ല. മാധ്യമപ്രവര്‍ത്തനത്തിന് ഒരു ലക്ഷ്യം വേണം. ജനങ്ങളുടെ സൂക്ഷ്മപരിശോധനയാണ് ഏറ്റവും വലിയ ശക്തി. അരവല്ലി കുന്നുകളുടെ കാര്യത്തില്‍ കോടതി ഉത്തരവ് തെറ്റാണെന്ന് തോന്നിയാല്‍ അത് തുറന്നു പറയും. വായുമലിനീകരണം തെറ്റാണെങ്കില്‍ വിളിച്ചു പറയും. ഇന്‍ഡിഗോ വിമാന പ്രശ്‌നമായാലും, ബിജെപി VIP സംസ്കാരമായാലും, ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ തകര്‍ച്ചയായാലും, ഉന്നാവോ ബലാത്സംഗ കേസ് ആയാലും — തെറ്റ് തെറ്റു തന്നെയാണ്. ഈ വാക്കുകള്‍ ഓരോന്നായി പരിശോധിച്ചാല്‍ അതില്‍ അസത്യം കണ്ടെത്താന്‍ പ്രയാസമാണ്. പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥമാണ്. അവ മറച്ചുവെക്കേണ്ടതുമല്ല. എന്നാല്‍ ജനങ്ങളുടെ അവിശ്വാസം ഈ വിഷയങ്ങളുടെ ശരിത്തെറ്റില്‍ നിന്നല്ല ഉരുത്തിരിയുന്നത്. അത് മറ്റൊരു തലത്തിലാണ്.

ഇന്നും ഏകദേശം 90 ശതമാനം ആളുകള്‍ അര്‍ണബ് ഗോസ്വാമിയുടെ ഈ പുതിയ അവതാരത്തെ സത്യസന്ധമായ പത്രപ്രവര്‍ത്തനമായി സ്വീകരിക്കുന്നില്ല. അതിന് കാരണം വ്യക്തിപരമായ വൈരാഗ്യമല്ല, രാഷ്ട്രീയ അസൂയയുമല്ല. അതിന്റെ പേര് ചരിത്രം എന്നാണ്. കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങള്‍ ഇന്ത്യന്‍ മാധ്യമരംഗത്ത് സൃഷ്ടിച്ച ഓര്‍മ്മകള്‍ ഒരു AMA പരിപാടിയിലൂടെ മായ്ച്ചുകളയാന്‍ സാധിക്കില്ല. ഈ കാലയളവില്‍ മുസ്ലിം വിരോധം പ്രൈം ടൈം ഡിബേറ്റുകളായി. ലിഞ്ചിങ് ചര്‍ച്ചാവിഷയമായി. ഭരണകൂട പരാജയങ്ങള്‍ ചോദിച്ചാല്‍ ദേശദ്രോഹമായി. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും തൊഴിലാളി സമരങ്ങളും അരാജകത്വമായി. പ്രതിപക്ഷം രാജ്യശത്രുവായി. ഇതെല്ലാം സംഭവിച്ചത് നിശ്ശബ്ദതയില്‍ അല്ല, ഒച്ചപ്പാടോടെയായിരുന്നു. ഏറ്റവും ശക്തമായ ന്യൂസ് സ്റ്റുഡിയോകളില്‍, ഏറ്റവും ഉയര്‍ന്ന ശബ്ദത്തില്‍. അര്‍ണബ് ഒറ്റയ്ക്ക് ഇതെല്ലാം ചെയ്തുവെന്ന് പറയുന്നത് ശരിയല്ല. പക്ഷേ ആ കാലഘട്ടത്തിന്റെ മുഖം, ശബ്ദം, ആക്രോശം എല്ലാം ഒരാളിലേക്ക് ചുരുക്കി ഓര്‍ക്കാന്‍ ജനങ്ങള്‍ക്ക് എളുപ്പമാണ്. ആ ഓര്‍മ്മകളാണ് ഇന്ന് തടസ്സമായി നില്‍ക്കുന്നത്.

ഇവിടെയാണ് ‘self-deprecation as a shield’ എന്ന മാധ്യമ–രാഷ്ട്രീയ തന്ത്രം പ്രവര്‍ത്തിക്കുന്നത്. ചെറുതായൊരു കുറ്റസമ്മതം, നിയന്ത്രിത വിമര്‍ശനം, ചില സര്‍ക്കാര്‍ വിരുദ്ധ ക്ലിപ്പുകള്‍ — ഇവ ചേര്‍ന്ന് വലിയൊരു വിശ്വാസമൂലധനം നിര്‍മ്മിക്കുന്നു. “ഇവന്‍ മുഴുവനായും വിറ്റുപോയിട്ടില്ല” എന്നൊരു തോന്നല്‍. ഇത് നൈതിക തിരിച്ചുവരവല്ല, മാര്‍ക്കറ്റിംഗ് സൈക്കോളജിയാണ്. ഈ ചെറു വിമര്‍ശനങ്ങള്‍ വൈറലാകുമ്പോള്‍ വിമര്‍ശനം തന്നെ ഒരു ബ്രാന്‍ഡ് റീഫ്രഷ് ആകുന്നു. ഭാവിയില്‍ വരുന്ന വലിയ വിഷയങ്ങളില്‍ പ്രേക്ഷകര്‍ സംശയിക്കാതെ സ്വീകരിക്കാനുള്ള ഒരു നിക്ഷേപം. അതായത് credibility capital.

കൂട്ടത്തില്‍ ഒരാള്‍ വലിയ ശബ്ദമുണ്ടാക്കുമ്പോള്‍ ശ്രദ്ധ മുഴുവന്‍ അവിടേക്ക് തിരിയുന്നു. അതേ സമയം, മറ്റൊരു വശത്ത് വലിയ കാര്യങ്ങള്‍ നിശ്ശബ്ദമായി നീങ്ങുന്നു. വന്‍ നയപരമായ മാറ്റങ്ങള്‍, വലിയ സാമ്പത്തിക ഇടപാടുകള്‍, ഭരണഘടനാപരമായ ഇടിവുകള്‍, വര്‍ഗീയ ധ്രുവീകരണത്തിന്റെ ദീര്‍ഘകാല പദ്ധതികള്‍. ഇതാണ് distraction by controlled dissent. വിയോജിപ്പിന്റെ നാടകം അധികാരത്തിന്റെ യഥാര്‍ത്ഥ നീക്കങ്ങള്‍ക്ക് മറയായി മാറുന്നു. അര്‍ണബ് ഇന്ന് ഉയര്‍ത്തുന്ന വിഷയങ്ങള്‍ — വായുമലിനീകരണം, ഇന്‍ഡിഗോ, VIP സംസ്കാരം, അരവല്ലി, ആരോഗ്യം, ഉന്നാവോ — എല്ലാം യഥാര്‍ത്ഥ പ്രശ്‌നങ്ങളാണ്. അവ പറയുന്നത് തെറ്റുമല്ല. പക്ഷേ ചോദ്യം ഇതാണ്: ഈ വിമര്‍ശനം എവിടെ അവസാനിക്കുന്നു?

പൗരത്വ രാഷ്ട്രീയത്തില്‍? മുസ്ലിം വിരോധത്തില്‍? ലിഞ്ചിങ്ങില്‍? തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ ദൗര്‍ബല്യത്തില്‍? മാധ്യമസ്വാതന്ത്ര്യത്തിന്റെ ശ്വാസംമുട്ടലില്‍? ഇവിടെയാണ് ഇന്നും അതിര്‍വരമ്പുകള്‍ ഉറച്ചുനില്‍ക്കുന്നത്. പ്രൈം ടൈമില്‍ വിയോജിപ്പുകള്‍ക്ക് ഇടമുണ്ടാകാം. പക്ഷേ കാതലായ ആശയപര വിഷയങ്ങളില്‍ നിശ്ശബ്ദത തുടരുന്നു. അതുകൊണ്ടാണ് പലര്‍ക്കും ഇത് ധൈര്യമെന്നല്ല, കണക്കുകൂട്ടലെന്നാണ് തോന്നുന്നത്.

സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ ഇത് ഒരു പ്രശ്‌നമല്ലെന്ന് അറിയുന്നവര്‍ പറയുന്നു. ഇത് ഒരു അപ്രഖ്യാപിത വെടിനിര്‍ത്തലാണ്. ഇടയ്ക്കിടെ വിമര്‍ശനം — അനുവദനീയം. അത് വഴി “സ്വതന്ത്ര മാധ്യമം” എന്ന ഇമേജ് — ഗുണകരം. പക്ഷേ അടിസ്ഥാന പ്രത്യയശാസ്ത്ര വിഷയങ്ങളില്‍ നിയന്ത്രണം — മാറ്റമില്ല. അതുകൊണ്ടുതന്നെ ഈ വിമര്‍ശനങ്ങള്‍ ഭരണകൂടത്തിന് അപകടകരമല്ല, പലപ്പോഴും ഉപകാരപ്രദമാണ്. വിമര്‍ശനം ഉണ്ടെങ്കില്‍ സംവിധാനത്തിന് ഒരു ജനാധിപത്യ മുഖം കിട്ടുന്നു. ആ മുഖം തന്നെയാണ് വലിയ നയനീക്കങ്ങളെ മറയ്ക്കാന്‍ സഹായിക്കുന്നത്.

വിശ്വാസം ഒരു സ്വിച്ച് അല്ല. ഒരു AMA പരിപാടിയിലൂടെ അത് ഓണാക്കാന്‍ കഴിയില്ല. ഒരു വൈറല്‍ ക്ലിപ്പിലൂടെ പുനഃസ്ഥാപിക്കാനും സാധിക്കില്ല. പതിനൊന്ന് വര്‍ഷം തീ കൊളുത്തിയ കാടിനോട് ഇന്നൊരു കുപ്പി വെള്ളം ഒഴിച്ച് ‘ഞാന്‍ അഗ്നിശമന സേനയാണ്’ എന്ന് പറഞ്ഞാല്‍ കാട് വിശ്വസിക്കില്ല. ജനങ്ങള്‍ ചെയ്യുന്നതും അതാണ്. അവര്‍ സംശയിക്കുന്നു. അത് അവകാശമാണ്. അവിശ്വാസം ഇവിടെ ദ്വേഷമല്ല, ഓര്‍മ്മയാണ്.

Read more

Brutal truth ഇതാണ്. അര്‍ണബ് ഇന്ന് പറയുന്ന പലതും ശരിയാണ്. പക്ഷേ സത്യസന്ധതയ്ക്ക് ചരിത്രബാധ്യതയുണ്ട്. ഗോഡി മീഡിയയുടെ പതിനൊന്ന് വര്‍ഷത്തെ ക്രൂരത — സമൂഹത്തെ വിഭജിച്ചതും, ചോദ്യങ്ങളെ കുറ്റമാക്കിയതും, അധികാരത്തെ ദൈവമാക്കിയതും — ഒരു പ്രസ് മീറ്റിംഗിലോ AMA യിലോ മായ്ക്കാന്‍ കഴിയില്ല. സത്യം പറയുന്നത് ധൈര്യമാണ്. പക്ഷേ സത്യം ഒളിപ്പിച്ച ചരിത്രത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം. അതുവരെ, ഈ ‘തിരിച്ചുവരവ്’ ഒരു നൈതിക പുനര്‍ജന്മമല്ല; അത് ശബ്ദമുള്ളതും കൃത്യമായി കണക്കുകൂട്ടിയതുമായ ഒരു ന്യൂസ്‌റൂം തന്ത്രം മാത്രമായി തന്നെ വായിക്കപ്പെടും.