നദികളെ നാം ജീവന്റെ ഉറവിടമായി കണക്കാക്കുന്നു. സംസ്കാരത്തിന്റെ തുടക്കം മുതൽ മനുഷ്യസമൂഹം നദികളോട് ചേർന്നാണ് വളർന്നത്. വെള്ളം കുടിക്കാൻ, കൃഷിക്ക്, വ്യാപാരത്തിനും, വിശ്വാസത്തിനും എല്ലാറ്റിനും നദികൾ തന്നെ അടിസ്ഥാനം. എന്നാൽ അതേ സമയം, ഈ നദികളോട് ഉള്ള നമ്മുടെ സമീപനം പലപ്പോഴും വിചിത്രമായൊരു വൈരുദ്ധ്യം കാണിക്കുന്നു. നാം അവയെ ആരാധിക്കുന്നു, പക്ഷേ സംരക്ഷിക്കുന്നില്ല. ഭക്തി പ്രകടിപ്പിക്കുന്നു, പക്ഷേ ശാസ്ത്രീയ ബോധം പ്രയോഗിക്കുന്നില്ല. ഈ വൈരുദ്ധ്യത്തിന്റെ ഏറ്റവും ശക്തമായ ഉദാഹരണങ്ങളിൽ ഒന്നാണ് നദികളിൽ നടത്തുന്ന പാലഭിഷേകങ്ങൾ.
നർമ്മദാ നദിയിൽ നടന്ന വലിയ തോതിലുള്ള പാലഭിഷേകം ഈ ചർച്ചയെ വീണ്ടും മുൻനിരയിലേക്ക് കൊണ്ടുവന്നു. ആയിരക്കണക്കിന് ലിറ്റർ പാൽ ഒരു പുഴയിലേക്ക് ഒഴുക്കുന്നത് പലർക്കും ഒരു പുണ്യകർമ്മമായി തോന്നാം. “ദൈവത്തിന് സമർപ്പിക്കുന്നത്” എന്ന വിശ്വാസത്തിൽ നിന്നാണ് ഈ പ്രവൃത്തികൾ ഉരുത്തിരിയുന്നത്. എന്നാൽ ശാസ്ത്രം ചോദിക്കുന്ന ഒരു ലളിതമായ ചോദ്യം ഇവിടെ ഉണ്ട്: ദൈവമായി കരുതുന്ന ഒരു നദിയുടെ ശ്വാസം മുട്ടിക്കുന്നതാണോ ആ ദൈവത്തെ ആദരിക്കുന്നത്?
പാൽ മനുഷ്യരുടെ കാഴ്ചപ്പാടിൽ ഒരു പോഷകസമൃദ്ധമായ ആഹാരമാണ്. ഏകദേശം 3–4 ശതമാനം പ്രോട്ടീൻ, 4–5 ശതമാനം ലാക്ടോസ്, 3–5 ശതമാനം കൊഴുപ്പ് എന്നിവ അടങ്ങിയ ഒരു സമ്പൂർണ്ണ ഭക്ഷണം. മനുഷ്യ ശരീരത്തിന് ആവശ്യമായ ഊർജവും വളർച്ചക്കും സഹായിക്കുന്ന ഘടകങ്ങളും ഇതിൽ ഉണ്ട്. എന്നാൽ പ്രകൃതിയിലെ ഓരോ ഘടകത്തിനും അതിന്റെ സ്വന്തം സാഹചര്യങ്ങളുണ്ട്. മനുഷ്യർക്കു നല്ലതൊക്കെ പ്രകൃതിക്കും നല്ലതാകണമെന്നില്ല. പ്രത്യേകിച്ച് ജലാവാസ വ്യവസ്ഥകളിൽ ഇത് വളരെ നിർണായകമാണ്.
ഒരു വലിയ അളവിൽ പാൽ പുഴയിലേക്ക് ഒഴുകിയെത്തുമ്പോൾ, അത് ജലത്തിലെ സൂക്ഷ്മജീവികൾക്ക് ഒരു അപ്രതീക്ഷിതമായ പോഷക വിരുന്നായി മാറുന്നു. ജലത്തിൽ ഇതിനകം തന്നെ ഉള്ള ബാക്ടീരിയകളും മറ്റ് മൈക്രോഓർഗനിസങ്ങളും ഈ ജൈവവസ്തുക്കളെ വിഘടിപ്പിക്കാൻ തുടങ്ങുന്നു. ഇത് സാധാരണ പ്രകൃതിയിൽ നടക്കുന്ന ഒരു പ്രക്രിയയാണ്. പക്ഷേ ഇവിടെ പ്രശ്നം അളവിലാണ്. പ്രകൃതിക്ക് കൈകാര്യം ചെയ്യാനാകുന്നതിനെക്കാൾ പലമടങ്ങ് ജൈവവസ്തുക്കൾ ഒരേസമയം വെള്ളത്തിൽ എത്തുമ്പോൾ, ആ സമതുലിതാവസ്ഥ തകരുന്നു.
ഇവിടെ പ്രധാനമായി മനസ്സിലാക്കേണ്ട ഒരു ശാസ്ത്രീയ ആശയം ആണ് ബയോ കെമിക്കൽ ഓക്സിജൻ ഡിമാൻഡ്. ജലത്തിലെ ജൈവവസ്തുക്കളെ വിഘടിപ്പിക്കാൻ സൂക്ഷ്മജീവികൾക്ക് ആവശ്യമായ ഓക്സിജന്റെ അളവാണ് BOD. സാധാരണ ശുദ്ധമായ ഒരു നദിയിലെ BOD 3 mg/L-ൽ താഴെയായിരിക്കും. കുളിക്കാൻ പോലും സുരക്ഷിതമായ ജലത്തിന് ഇത് 5 mg/L-ൽ താഴെയായിരിക്കണം. എന്നാൽ സാധാരണ ഗാർഹിക മലിനജലത്തിന്റെ BOD 200 മുതൽ 300 mg/L വരെയാകും. അതേസമയം, പാലിന്റെ BOD ഏകദേശം 100,000 mg/L വരെ എത്തും. ഈ കണക്കുകൾ തന്നെ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
ഒരു ലിറ്റർ പാൽ പുഴയിൽ ഒഴുക്കുന്നത്, നൂറുകണക്കിന് ലിറ്റർ മലിനജലം ഒഴുക്കുന്നതിന് തുല്യമായ ഓക്സിജൻ ആവശ്യം സൃഷ്ടിക്കുന്നു. ആയിരക്കണക്കിന് ലിറ്റർ പാൽ ഒരുമിച്ച് ഒഴുക്കുമ്പോൾ, അത് ഒരു വലിയ നഗരത്തിന്റെ മുഴുവൻ മലിനജലം ഒരേസമയം പുഴയിലേക്ക് ഒഴുക്കുന്നതുപോലെയാണ്. ഇത് ഒരു ഉപമ മാത്രമല്ല കൃത്യമായ ശാസ്ത്രീയ താരതമ്യമാണ്.
ഈ സാഹചര്യത്തിൽ എന്താണ് സംഭവിക്കുന്നത്? ജലത്തിലെ സൂക്ഷ്മജീവികൾ ഈ ജൈവവസ്തുക്കളെ വിഘടിപ്പിക്കാൻ ആരംഭിക്കുന്നു. എന്നാൽ ഈ പ്രക്രിയയ്ക്ക് അവയ്ക്ക് ധാരാളം ഓക്സിജൻ ആവശ്യമാണ്. ജലത്തിൽ ലയിച്ചിരിക്കുന്ന Dissolved Oxygen (DO) ആണ് അവ ഉപയോഗിക്കുന്നത്. സാധാരണ ഒരു ആരോഗ്യകരമായ ജലവ്യവസ്ഥയിൽ DO 6 മുതൽ 8 mg/L വരെയായിരിക്കും. മത്സ്യങ്ങൾക്കും മറ്റ് ജലജീവികൾക്കും ജീവിക്കാൻ 5 mg/L-ൽ കൂടുതലായിരിക്കണം. എന്നാൽ BOD കുത്തനെ ഉയർന്നാൽ, ഈ ഓക്സിജൻ വളരെ വേഗത്തിൽ ചെലവഴിക്കപ്പെടുന്നു.
ഇതിന്റെ ഫലമായി ജലത്തിൽ ഓക്സിജന്റെ അളവ് അപകടകരമായി താഴുന്നു. 3 mg/L-ൽ താഴെയാകുമ്പോൾ ജലജീവികൾക്ക് സമ്മർദ്ദം ആരംഭിക്കുന്നു. 2 mg/L-ൽ താഴെയാകുമ്പോൾ പല മത്സ്യങ്ങളും ജീവിക്കാൻ കഴിയാതെ മരിക്കാൻ തുടങ്ങും. ഈ അവസ്ഥയെ ശാസ്ത്രത്തിൽ ഹൈപോക്സിയ എന്ന് വിളിക്കുന്നു. ഇത് പലപ്പോഴും “silent killer” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്, കാരണം വെള്ളത്തിന്റെ പുറംകാഴ്ചയിൽ വലിയ മാറ്റം കാണാതെ തന്നെ ഉള്ളിൽ ജീവജാലങ്ങൾ കൂട്ടത്തോടെ നശിക്കുന്നു.
പാലഭിഷേകത്തിന്റെ ആഘാതം ഇതോടെ അവസാനിക്കുന്നില്ല. പാൽ അഴുകുന്ന പ്രക്രിയയിൽ അമോണിയ (NH₃), ഹൈഡ്രജൻ സൾഫൈഡ് (H₂S), മീഥേൻ (CH₄) തുടങ്ങിയ വിഷവാതകങ്ങൾ രൂപപ്പെടുന്നു. അമോണിയയുടെ അളവ് 0.5 mg/L-ൽ കൂടുതലാകുമ്പോൾ മത്സ്യങ്ങൾക്ക് വിഷമാകുന്നു. ഹൈഡ്രജൻ സൾഫൈഡ് വളരെ ചെറിയ അളവിലും ജീവജാലങ്ങൾക്ക് അപകടകരമാണ്. ഇതോടെ ജലത്തിന്റെ രാസഘടന തന്നെ മാറുന്നു. വെള്ളം ദുർഗന്ധമുള്ളതാവുകയും, അതിൽ ജീവിക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് മാറുകയും ചെയ്യുന്നു.
ഇതോടൊപ്പം മറ്റൊരു വലിയ പ്രശ്നം ഉയരുന്നു eutrophication. പാൽ നൈട്രജനും ഫോസ്ഫറസും സമൃദ്ധമായി അടങ്ങിയതാണ്. ഇവ ജലത്തിൽ കലർന്നാൽ ആൽഗി (algae) വേഗത്തിൽ വളരാൻ തുടങ്ങും. ഇതിനെ algal bloom എന്ന് വിളിക്കുന്നു. ഇത് വെള്ളത്തിന്റെ മേൽപ്പറപ്പിൽ ഒരു പച്ച പാളി രൂപപ്പെടുത്തും. ഇതോടെ സൂര്യപ്രകാശം വെള്ളത്തിനുള്ളിലേക്ക് കടക്കുന്നത് തടസ്സപ്പെടുന്നു. അടിയിലുള്ള സസ്യങ്ങൾ പ്രകാശസംശ്ലേഷണം നടത്താൻ കഴിയാതെ മരിക്കുന്നു. ഇവ വീണ്ടും വിഘടിക്കുമ്പോൾ BOD കൂടുതൽ ഉയരുന്നു. ഇതൊരു ദുഷ്ചക്രമായി മാറുന്നു — കൂടുതൽ ജൈവവസ്തു, കൂടുതൽ ബാക്ടീരിയ, കൂടുതൽ ഓക്സിജൻ ക്ഷയം, കൂടുതൽ മരണം.
ഇത്തരം സംഭവങ്ങൾ ലോകമെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. യമുന നദിയിലെ ഡൽഹി ഭാഗത്ത് Dissolved Oxygen ചില സമയങ്ങളിൽ ശൂന്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതായത്, അവിടെ ജൈവജീവിതം നിലനിൽക്കാൻ കഴിയാത്ത അവസ്ഥ. ഗംഗ നദിയുടെ പല ഭാഗങ്ങളിലും BOD 8 മുതൽ 15 mg/L വരെ ഉയർന്നിട്ടുണ്ട്, ഇത് സുരക്ഷിതമായ നിലവാരത്തെക്കാൾ പലമടങ്ങാണ്. ഇവയ്ക്ക് പ്രധാന കാരണങ്ങൾ sewage മാത്രമല്ല, മതപരമായ ചടങ്ങുകളിൽ നിന്നുള്ള ജൈവമാലിന്യങ്ങളും കൂടിയാണ്.
“വലിയ നദിയല്ലേ, ഇത്രയും പാൽ ഒഴിച്ചാലും എന്ത് സംഭവിക്കും?” എന്നൊരു വാദം പലപ്പോഴും ഉയരാറുണ്ട്. എന്നാൽ ഇത് ഒരു തെറ്റിദ്ധാരണയാണ്. ഒരു നദിയുടെ ആകെ വലുപ്പം മാത്രമല്ല പ്രധാനമാകുന്നത്; മലിനീകരണം നടക്കുന്ന സ്ഥലത്തെ local dynamics ആണ് നിർണായകം. തീരപ്രദേശങ്ങൾ, വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങൾ, വേനൽക്കാലത്തെ കുറഞ്ഞ ഒഴുക്ക് ഈ സാഹചര്യങ്ങളിൽ മലിനീകരണത്തിന്റെ ആഘാതം വളരെ കൂടുതലായിരിക്കും. ഇവിടെ ഓക്സിജൻ വേഗത്തിൽ കുറഞ്ഞ് fish kill പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്.
ഈ സാഹചര്യത്തിൽ പാലഭിഷേകം ഒരു മതപരമായ ആചാരമെന്നതിലുപരി, ശാസ്ത്രീയമായി പറഞ്ഞാൽ ഒരു “point-source organic pollution event” ആണ്. അതായത്, ഒരു നിർദ്ദിഷ്ട സ്ഥലത്ത് വളരെ വലിയ അളവിൽ ജൈവമാലിന്യം പെട്ടെന്ന് പ്രവേശിക്കുന്നത്. ഇത് ഒരു ecological shock സൃഷ്ടിക്കുന്നു. നദിയുടെ സ്വാഭാവിക സ്വയംശുദ്ധീകരണ ശേഷി (self-purification capacity) പോലും ഇത്തരം ആഘാതങ്ങളെ കൈകാര്യം ചെയ്യാൻ കഴിയാതെ വരുന്നു.
ഇത് ഒരു പരിസ്ഥിതി പ്രശ്നമെന്നതിലുപരി, ഒരു സാമൂഹിക-സാംസ്കാരിക ചോദ്യവുമാണ്. നദിയെ ദൈവമായി കാണുന്ന സമൂഹം തന്നെ അതിനെ മലിനമാക്കുന്നത് ഒരു വൈരുദ്ധ്യമല്ലേ? ഭക്തി എന്നത് പ്രകൃതിയെ സംരക്ഷിക്കുന്നതായിരിക്കണം, നശിപ്പിക്കുന്നതല്ല. വിശ്വാസം ശാസ്ത്രത്തോട് വൈരുദ്ധ്യമാകേണ്ടതില്ല; മറിച്ച്, ശാസ്ത്രീയ ബോധം അതിനെ കൂടുതൽ ഉത്തരവാദിത്വമുള്ളതാക്കേണ്ടതാണ്.
പരിഹാരങ്ങൾ അസാധ്യമായ ഒന്നുമല്ല. പല ഇടങ്ങളിലും പ്രതീകാത്മക അഭിഷേകങ്ങൾ (symbolic offerings) പ്രോത്സാഹിപ്പിക്കുന്നു. പാൽ ഒഴിക്കുന്നതിന് പകരം ചെറിയ അളവിൽ മാത്രം ഉപയോഗിക്കുക, അല്ലെങ്കിൽ പാൽ ദരിദ്രർക്കു വിതരണം ചെയ്യുക തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കാം. ക്ഷേത്രങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലും waste management സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. പ്രാദേശിക ഭരണകൂടങ്ങൾ വലിയ അളവിൽ ജൈവവസ്തുക്കൾ ജലാശയങ്ങളിൽ ഒഴുക്കുന്നത് നിയന്ത്രിക്കണം. ഏറ്റവും പ്രധാനമായി, പൊതുജനങ്ങളിൽ ശാസ്ത്രീയ അവബോധം വളർത്തണം.
നദികൾ വെറും ജലധാരകൾ അല്ല. അവ ജീവിക്കുന്നു. അവ ശ്വസിക്കുന്നു. അവയുടെ ഉള്ളിൽ ഒരു സങ്കീർണ്ണമായ ജീവവ്യവസ്ഥ പ്രവർത്തിക്കുന്നു. ആ ജീവവ്യവസ്ഥയെ മനസ്സിലാക്കാതെ നടത്തുന്ന ഭക്തി, ഒടുവിൽ അതിനെ നശിപ്പിക്കും. നാം അടുത്ത തലമുറയ്ക്ക് എന്താണ് നൽകാൻ പോകുന്നത്? മലിനവും ശ്വാസംമുട്ടിയതുമായ നദികളോ, അതോ തെളിഞ്ഞൊഴുകുന്ന ജീവധാരകളോ?
Read more
ഭക്തി പ്രകൃതിയെ ആദരിക്കുന്നതാകണം. ശാസ്ത്രം അത് എങ്ങനെ ചെയ്യാമെന്ന് നമ്മെ പഠിപ്പിക്കുന്നു. ഇപ്പോൾ തീരുമാനിക്കേണ്ടത് നമ്മുടെതാണ്.







