ലൈഫ് മിഷൻ സി.ബി.ഐ അന്വേഷണം; എഫ്.ഐ.ആറിലെ പരാതിക്കാരൻ വെറും 43 വോട്ടിനു നിയമസഭയിലേക്കു കടന്നുകൂടിയ ഒരു കോണ്‍ഗ്രസുകാരന്‍

 

ഹരി മോഹൻ

“ആ.. എം.എല്‍.എ”

കുറച്ചുനാള്‍ മുന്‍പ് ലൈഫ് മിഷന്‍ വിവാദത്തില്‍ അനില്‍ അക്കര ആരോപണം ഉന്നയിച്ചതായി മാധ്യമപ്രവര്‍ത്തകരിലൊരാള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഹാസം നിറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

അനില്‍ അക്കരയെന്ന വടക്കാഞ്ചേരി എം.എല്‍.എ പൊതുസമൂഹത്തിനു കുറച്ചുനാള്‍ മുന്‍പുവരെ ഇങ്ങനെയായിരുന്നിരിക്കണം. ഇക്കഴിഞ്ഞ ദിവസം ലില്ലി ആന്റണിയെന്ന അമ്മയുടെ എഴുത്തിലൂടെയാണ് അയാളെ കൂടുതല്‍ അടുത്തറിയുന്നത്. അതിനു മുന്‍പു പലപ്പോഴും മെറിറ്റില്‍ കാര്യങ്ങളുന്നയിക്കുന്ന ഒരു എം.എല്‍.എ മാത്രമായിരുന്നു അയാള്‍. അതിനും മുന്‍പ് വെറും 43 വോട്ടിനു നിയമസഭയിലേക്കു കടന്നുകൂടിയ ഒരു കോണ്‍ഗ്രസുകാരന്‍. അതിനും മുന്‍പ് അങ്ങനൊരാളെക്കുറിച്ചു കാര്യമായി കേട്ടിട്ടുകൂടിയില്ല. അന്നായിരുന്നെങ്കില്‍ അനില്‍ അക്കരയെക്കുറിച്ചു പറയുമ്പോള്‍ ഞാനും പറഞ്ഞേനെ, “ആ.. എം.എല്‍.എ” എന്ന്.

സി.പി.ഐ.എമ്മിന്റെ ഓഡിറ്റിങ്ങിനു നിരന്തരം വിധേയരാകുക എന്നാല്‍ അവര്‍ പറയുന്നതിലെവിടെയൊക്കെയോ ശരിയുണ്ടെന്നു ബോധ്യപ്പെടുത്തിയവരാണ് വി.ടി ബല്‍റാമും ഷാഫി പറമ്പിലും രമ്യാ ഹരിദാസുമൊക്കെ. അതുകൊണ്ടാണ് ലൈഫ് മിഷനിലൂടെ പാവപ്പെട്ടവര്‍ക്കു ലഭിക്കേണ്ടുന്ന വീടുകള്‍ ഇല്ലാതാക്കുകയാണു പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യമെന്ന കാപ്സ്യൂള്‍ പുറത്തിറങ്ങിയിട്ടും അനിലുയര്‍ത്തിയ ആരോപണങ്ങളുടെ മെറിറ്റില്‍ പൂര്‍ണവിശ്വാസമുള്ളത്.

എന്തുകൊണ്ടാണ് അനില്‍ അക്കരയുടെ ആരോപണം പ്രധാനപ്പെട്ടതാകുന്നത്?

സ്വന്തമായി വീടുവെയ്ക്കാൻ കഴിയാത്തവര്‍ക്കു വീട്. അവരിൽത്തന്നെ തീ‍ർത്തും പിന്നോക്കാവസ്ഥയിലുള്ളവർക്ക് ഉപജീവനമാ‍ർഗവും, സ്വന്തമായി അധ്വാനിക്കാൻ പോലുമാകാത്തവ‍‍ർക്ക് സാമൂഹ്യസുരക്ഷാ പദ്ധതികളും ഉറപ്പാക്കുന്ന പുനരധിവാസ പദ്ധതി. ചുരുക്കത്തില്‍പ്പറഞ്ഞാല്‍ ഇതാണ് ലൈഫ് മിഷന്‍ പദ്ധതി.

അതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കണ്ടെത്തി നൽകുന്ന സ്ഥലത്ത്, സർക്കാർ കണ്ടെത്തുന്ന ഗുണഭോക്താക്കൾക്ക്, വീടുകൾ നിർമ്മിക്കുന്നതിനായി 20 കോടി രൂപ നൽകാം എന്നാണ് റെഡ് ക്രസന്റുമായുള്ള സര്‍ക്കാരിന്റെ കരാർ. പക്ഷേ വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്ന് ആ കരാറില്‍ പറയുന്നില്ല. പറയുന്നതു പണം നല്‍കാം എന്നുമാത്രമാണ്.

അപ്പോള്‍ നിര്‍മാണത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നത് യൂണിടാക്ക് എന്ന കമ്പനിയാണ്. ആ നിര്‍മാണം ഏല്‍പ്പിച്ചതാരാണ്? റെഡ് ക്രെസന്റ് ആണെന്നാണു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആദ്യം വാദിച്ചത്. പിന്നീടാ വാദം യു.എ.ഇ കോൺസുലേറ്റായി. പക്ഷേ 2019 ഓഗസ്റ്റ് 19-ന് ലൈഫ് മിഷന്‍ സി.ഇ.ഒ ആയിരുന്ന ശിവശങ്കരന്റെ നേതൃത്വത്തിൽ, മിഷന്‍ ചെയര്‍മാന്‍ മുഖ്യമന്ത്രിയും, വൈസ് ചെയര്‍മാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനും ഉള്‍പ്പെടെയുള്ള ഭരണസമിതി നേരിട്ട് യൂണിടാക്കിനു അംഗീകാരം നൽകി. ഇതേ പദ്ധതിയുടെ ഭാഗമായ ആശുപത്രിയുടെ നിർമ്മാണം സെയ്ന്‍ വെഞ്ച്വേഴ്സ് എന്ന കമ്പനിയെ ഏല്‍പ്പിച്ചത് എന്തടിസ്ഥാനത്തിലാണ്?

പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി ഹാബിറ്റാറ്റ് ബില്‍ഡേഴ്സിനെയാണ് ആദ്യം കണ്ടെത്തിയത്. അവരുടെ പേരിൽ നൽകിയ രേഖകൾ യൂണിടാക്കിന്റെ പേരിൽ മാറ്റി നൽകുകയോ, നിർമ്മാണ സ്ഥലത്തിന്റെ കൈവശാവകാശം ഉൾപ്പെടെയുള്ള അനുമതികൾ നൽകുകയോ ചെയ്യാതെയാണു സർക്കാർ ഭൂമിയിൽ നിർമ്മാണം നടത്താൻ യൂണിടാക്കിനെ അനുവദിച്ചത്.

പാർപ്പിട സമുച്ചായത്തിനായി ലഭിച്ച 14.5 കോടി രൂപയിൽ, 4.5 കോടി രൂപ സന്ദീപ് നായരുടെ എമംഗോസ് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് കമ്മീഷൻ ഇനത്തിൽ മാറ്റി നൽകിയിട്ടുണ്ട്. അതെന്തിനാണ്? ഇവിടെ സോയില്‍ ടെസ്റ്റ് നടത്തുന്നതിലെ അപാകത ചൂണ്ടിക്കാട്ടിയപ്പോള്‍, നിര്‍മാണം പൂര്‍ത്തിയായ ശേഷം അതു നടത്താമെന്ന ബ്ലന്‍ഡര്‍ പറഞ്ഞത് എ.സി മൊയ്തീനായിരുന്നു. മണ്ണ് യോഗ്യമല്ലെന്ന ഫലം വന്നാല്‍ നിര്‍മാണം കഴിഞ്ഞ കെട്ടിടം ഇവര്‍ പൊളിച്ചുമാറ്റുമോ?

ഇത്തരം നിരവധി പ്രശ്നങ്ങളടങ്ങിയതാണ് ലൈഫ് മിഷന്‍ വിവാദം. ഇങ്ങനെ നിരവധി ചോദ്യങ്ങളുന്നയിച്ചതിനാണു പലവട്ടം അനില്‍ അക്കരയെ പൊതുവേദികളില്‍ സി.പി.ഐ.എം അപമാനിച്ചത്. വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്നവരെ സഹായിക്കാന്‍ പോയ ജനപ്രതിനിധികളില്‍ അനിലുമുണ്ടായിരുന്നതിനാല്‍, അന്നയാള്‍ മരണത്തിന്റെ വ്യാപാരിയായി. ഇക്കഴിഞ്ഞ ദിവസം സി.പി.ഐ.എം നേതാവ് ബേബി ജോണ്‍ അയാളെ “സാത്താന്റെ സന്തതി”യാക്കി. താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാര്‍ട്ടി ഓര്‍മപ്പെടുത്തുകയായിരുന്നിരിക്കും ബേബി ജോണിന്റെ ലക്ഷ്യം.

ആ സമയത്താണ് അനിലിന്റെ അമ്മയുടെ ഒരു കത്ത് ശ്രദ്ധയില്‍പ്പെട്ടത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കയച്ചത്. അതില്‍ എഴുതിയിട്ടുണ്ട്-
“”എന്റെ മകന്‍ സഖാവ് ബേബി ജോണിനെക്കുറിച്ച് ബേബി ജോണ്‍ മാഷ് എന്നാണ് എന്നോട് എപ്പോഴും പറയാറുള്ളത്. തിരുവനന്തപുരത്ത് നിന്നും വീട്ടിലേയ്ക്കുള്ള യാത്രയില്‍ ഇടയ്‌ക്കൊക്കെ ഒപ്പമുണ്ടാകാറുള്ള ബേബി ജോണ്‍ മാഷിനെക്കുറിച്ച് അവന്‍ പറയാറുണ്ട്. അങ്ങിനെയുള്ള ഒരാളുടെ വായില്‍ നിന്നാണ് ഇന്ന് എന്റെ മകനെ സാത്താന്റെ സന്തതിയെന്ന് വിശേഷണമുണ്ടായത്.””

ബേബി ജോണ്‍ കത്ത് വായിച്ചിട്ടുണ്ടോ എന്നറിയില്ല. വായിച്ചാലും പ്രത്യേകിച്ച് ഒരു കാര്യവുമുണ്ടാകില്ല. തോമസ് ഐസക്കിനും ജയരാജനും സുനില്‍കുമാറിനും കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ അയാള്‍ക്ക് എത്രയും വേഗം രോഗമുക്തിയുണ്ടാവട്ടെ എന്നുപറഞ്ഞവരാണ് അനിലിനെപ്പോലുള്ളവര്‍. അതേ ഐസക് ആശുപത്രിക്കിടക്കയില്‍ക്കിടന്ന്, സമരം ചെയ്ത് കോവിഡ് പിടിപെട്ടാല്‍ സര്‍ക്കാര്‍ വക സൗജന്യ ചികിത്സ നല്‍കാമെന്നു പറഞ്ഞു പരിഹസിച്ചതോര്‍ക്കുന്നുണ്ട്. സി.പി.ഐ.എമ്മുകാരോടു മനുഷ്യത്വത്തെക്കുറിച്ചു കഴിയുമെങ്കില്‍ പറയാതിരിക്കുക എന്നുമാത്രമാണ് ആ അമ്മയോടും മകനോടും പറയാനുള്ളത്‌.

പറഞ്ഞുവന്നത് ഇത്രമാത്രമാണ്. ലൈഫ് മിഷനില്‍ അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പരാതിക്കാരന്റെ സ്ഥാനത്ത് ഒരാള്‍ മാത്രമേയുള്ളൂ, 43 വോട്ടിനു നിയമസഭയിലെത്തിയ സന്തതിയുടെ, “”ആ.. എം.എല്‍.എയുടെ.””

(ലേഖകൻ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) റിപ്പോർട്ടറാണ്)