ലോകകപ്പ് വിജയാഘോഷം: പതിനേഴുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

ഫുട്‌ബോള്‍ ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴു വയസുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്.

ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിനു മുന്നിലെ ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്. ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്‌സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.

 ഷൂട്ടൗട്ടിലേക്ക് നീങ്ങിയ ഫൈനല്‍ മത്സരത്തില്‍ എമിലിയാനോ മാര്‍ട്ടിനെസാണ് അര്‍ജന്റീനയുടെ രക്ഷകനായത്. ഷൂട്ടൗട്ടില്‍ കിങ്സ്ലി കോമാന്റെ ഷോട്ട് തടുത്തിട്ട് അര്‍ജന്റീനയ്ക്ക് മേല്‍ക്കൈ സമ്മാനിച്ചത് മാര്‍ട്ടിനെസായിരുന്നു. അതിനും മുമ്പ് അധികസമയത്തേക്ക് നീണ്ട മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കോളോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി എമിലിയാനോ അര്‍ജന്റീനയ്ക്ക് ജീവന്‍ നല്‍കുകയായിരുന്നു.