ടെന്നീസില്‍ കൗമാര വീരഗാഥ; എമ്മ പോക്കറ്റിലാക്കിയത് കോടികളും അപൂര്‍വ്വ നേട്ടങ്ങളും

ടെന്നീസ് കോര്‍ട്ടില്‍ ചരിത്രം സൃഷ്ടിച്ച് ബ്രിട്ടന്റെ ടീനെജ് സെന്‍സേഷന്‍ എമ്മ റാഡുകാനു. പതിനെട്ടാം വയസില്‍ യുഎസ് ഓപ്പണ്‍ കിരീടം ചൂടിയ എമ്മ ഒരുപിടി റെക്കോഡുകള്‍ സ്വന്തം പേരിലെഴുതി. കൗമാരക്കാരുടെ ഫൈനലില്‍ കാനഡയുടെ പത്തൊമ്പതുകാരി ലെയ്‌ല ഫെര്‍ണാണ്ടസിനെ 6-4, 6-3ന് തുരത്തിയാണ് റാഡുകാനു കന്നി ഗ്രാന്‍ഡ്സ്ലാം ട്രോഫിയില്‍ മുത്തമിട്ടത്.

ക്വാളിഫൈയിംഗ് റൗണ്ട് താണ്ടി യുഎസ് ഓപ്പണിനെത്തിയ റാഡുകാനു അത്ഭുതകരമായ പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്തത്. ഒരു സെറ്റും പോലും കൈവിടാതെ റാഡുകാനു ജേത്രിയായപ്പോള്‍ പുതു ചരിത്രം പിറവിയെടുത്തു. ആധുനിക ടെന്നീസില്‍ ക്വാളിഫൈയിംഗ് റൗണ്ട് കടന്ന് ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടുന്ന ആദ്യ താരമാണ് റാഡുകാനു. ഒരു ബ്രിട്ടീഷ് വനിത ഗ്രാന്‍ഡ്സ്ലാം ജയിക്കുന്നത് 44 വര്‍ഷത്തിനുശേഷവും.

ഉശിരന്‍ എയ്‌സോടെയാണ് ഫൈനലില്‍ റാഡുകാനു വിജയം ഉറപ്പിച്ചത്. അവസാന ഗെയിമിനിടെ കണങ്കാലിനേറ്റ പരിക്കിനെ മറികടന്ന് റാഡുകാനു ചാമ്പ്യന്‍ഷിപ്പ് പോയിന്റിലേക്ക് സര്‍വ് ചെയ്ത നിമിഷം ഫ്‌ളെഷിംഗ് മെഡോസിലെ ഗാലറി നിലയ്ക്കാത്ത കരഘോഷത്താല്‍ മുഖരിതമായി. കിരീട ജയത്തിലൂടെ 1.8 മില്യണ്‍ പൗണ്ട് (19 കോടിയോളം രൂപ) റാഡുകാനു പോക്കറ്റിലാക്കുകയും ചെയ്തു.