'ഇനി എന്ന് കളിക്കാനാകുമെന്ന് അറിയില്ല', പരിക്കിന്റെ ആഴം അറിയിച്ച് നദാല്‍

ലോക ടെന്നീസിലെ സൂപ്പര്‍ താരങ്ങളിലൊരാളായ സ്‌പെയ്‌നിന്റെ റാഫേല്‍ നദാല്‍ പരിക്കുമൂലം ഏരെ നാളായി കോര്‍ട്ടിന് പുറത്താണ്. ഇനിയെന്ന് മത്സരരംഗത്ത് തിരിച്ചെത്താന്‍ കഴിയുമെന്നത് അറിയില്ലെന്ന് നദാല്‍ പറയുന്നു.

ഇനിയെപ്പോഴാണ് കളിക്കാന്‍ സാധിക്കുകയെന്ന് അറിയില്ല. എല്ലാ ദിവസവും പരിക്കില്‍ നിന്ന് മുക്തനാകാന്‍ പരമാവധി യത്‌നിക്കുന്നുണ്ട്. ഒരു രൂപരേഖയെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുപോകുന്നത്- നദാല്‍ പറഞ്ഞു. എല്ലായ്‌പ്പോഴും എല്ലാ കാര്യങ്ങളെയും പൂര്‍ണമായും നമുക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. എന്നാല്‍ എന്റെ ലക്ഷ്യങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ട്. എല്ലാം പതിയെ ശരിയാകുമെന്ന് വിശ്വസിക്കുന്നതായും നദാല്‍ പറഞ്ഞു.

20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ക്ക് ഉടമയായ നദാല്‍ ഓഗസ്റ്റില്‍ സിറ്റി ഓപ്പണിലാണ് അവസാനം കളിച്ചത്. ഇടതു കാല്‍പാദത്തിന് പരിക്കേറ്റ നദാലിന് യുഎസ് ഓപ്പണ്‍ നഷ്ടമായിരുന്നു. വര്‍ഷാദ്യം നടുവിലെ പ്രശ്‌നങ്ങള്‍ വഷളായതിനെ തുടര്‍ന്ന് നദാല്‍ വിംബിള്‍ഡണും ടോക്യോ ഒളിമ്പിക്‌സും വേണ്ടെന്നുവയ്ക്കുകയും ചെയ്തിരുന്നു.