ഗുസ്തി താരങ്ങള്‍ തമ്മില്‍ത്തല്ല്, ഒരാള്‍ മരിച്ചു

ഛത്രപതി സ്റ്റേഡിയം കോംപ്ലക്സിനകത്തു വെച്ച് ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 23 വയസ്സുകാരനായ മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ സാഗര്‍ കുമാറാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഗുസ്തി താരം സുശീല്‍ കുമാറിനെയും പ്രതി ചേര്‍ത്താണ് പൊലീസ് എഫ്ഐആര്‍. രണ്ടു തവണ ഒളിമ്പിക്സ് മെഡല്‍ നേടിയ താരമാണ് സുശീല്‍ കുമാര്‍.

താരത്തിന്റെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും സുശീല്‍ കുമാറിനെ കണ്ടെത്താനായില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്‌ഐആര്‍.

കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്ന അഞ്ചു വാഹനങ്ങളും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ലോഡ് ചെയ്ത ഡബിള്‍ ബാരല്‍ തോക്ക്, രണ്ടു മരത്തിന്റെ സ്റ്റിക്കുകളും സംഭവസ്ഥലത്തു നിന്നും പൊലീസിനു ലഭിച്ചു.